ഖത്തർ ദേശീയ ടീം ഓസ്ട്രിയയിൽ പരിശീലനത്തിൽ
ദോഹ: പുതിയ യാത്രാവഴിയിലാണ് അന്നാബികൾ. ലോകവേദികളിലെ പരിചയസമ്പന്നനായ പരിശീലകൻ കാർലോസ് ക്വിറോസ് പകർന്നുനൽകുന്ന പാഠങ്ങൾ കളത്തിൽ പ്രാവർത്തികമാക്കാനൊരുങ്ങുന്നവർ. സീനിയർ താരങ്ങൾക്ക് വിശ്രമം നൽകി, പുതുമുഖങ്ങൾക്ക് അവസരമൊരുക്കി പുതു ഉയരങ്ങൾ താണ്ടാനുള്ള ഒരുക്കത്തിലാണവർ. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലമായി ലോകകപ്പ് ഫുട്ബാളിന്റെ മഹാപോരാട്ടങ്ങളിലേക്ക് തയാറെടുത്തവർ ഇപ്പോൾ പോർചുഗീസുകാരനായ പരിശീലകനു കീഴിൽ വീണ്ടുമൊരു കുതിപ്പിനുള്ള ഒരുക്കത്തിലാണ്. ജൂൺ-ജൂലൈ മാസത്തിൽ അമേരിക്കയിലും കാനഡയിലുമായി നടക്കുന്ന കോൺകകാഫ് ഗോൾഡ് കപ്പിലേക്കുള്ള തയാറെടുപ്പിന്റെ ഭാഗമായി മൂന്നു ദിവസം ദോഹയിൽ പരിശീലനം പൂർത്തിയാക്കിയ അന്നാബികൾ ഇപ്പോൾ ഓസ്ട്രിയൻ മണ്ണിലുണ്ട്. ഇനി, ഇവിടെ പരിശീലനവും കളിയും കഴിഞ്ഞശേഷം അമേരിക്കയിലേക്ക് പറക്കണം.
പുതിയ പരിശീലകനും സംഘത്തിനും കീഴിൽ കളിക്കാരും ഇരട്ടി ആത്മവിശ്വാസത്തിലാണ്. ഇപ്പോൾ ഗോൾഡ് കപ്പിനുള്ള പരിശീലനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് മധ്യനിര താരം താരിഖ് സൽമാൻ പറയുന്നു. എല്ലാവരും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ഒരുക്കത്തിലാണ്. പ്രത്യേകിച്ച് ടീമിൽ ഇടം ഉറപ്പിക്കാൻ ശ്രമിക്കുന്ന പുതിയ താരങ്ങൾ. കഴിഞ്ഞ തവണ ഗോൾഡ് കപ്പിൽ കളിച്ചപ്പോൾ ടീം സെമി ഫൈനൽ വരെയെത്തി. ഇത്തവണ കൂടുതൽ പ്രതീക്ഷകളോടെയാണ് സെൻട്രൽ അമേരിക്കൻ, കരീബിയൻ രാജ്യങ്ങളുടെ പോരാട്ടത്തിന് ഒരുങ്ങുന്നത്. ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കും ഏഷ്യ കപ്പിനും മുന്നോടിയായി പുതിയ പരിശീലകനു കീഴിലെ ആദ്യ ടൂർണമെന്റ് എന്ന നിലയിൽ ഏറെ പ്രധാനമാണ് മത്സരങ്ങൾ -63 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള സീനിയർ താരം കൂടിയായ താരിഖ് സൽമാൻ വിശദീകരിച്ചു. പുതിയ കോച്ചിൽനിന്ന് കൂടുതൽ പാഠങ്ങളും കളിയും പരിശീലിക്കുകയാണെന്നും കളത്തിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള തയാറെടുപ്പിലാണെന്നും അൽ അറബി താരം കൂടിയായ ജാസിം ജാബിർ പറഞ്ഞു. അന്താരാഷ്ട്ര ഫുട്ബാളിൽ വലിയ പരിചയസമ്പത്തിനുടമയായ ക്വിറോസിൽനിന്ന് ഞങ്ങൾ കൂടുതൽ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. എതിരാളികൾ ശക്തരാണെന്നതിനാൽ മത്സരങ്ങൾ കടുപ്പമുള്ളതാവുമെന്നറിയാം. എങ്കിലും, ലക്ഷ്യത്തിലെത്താൻ കഴിയുമെന്ന ദൃഢനിശ്ചയമുണ്ട്. കൂടുതൽ യുവതാരങ്ങൾക്ക് അവസരം നൽകിയുള്ള പുതിയ ടീം മികച്ചതാണ്. സീനിയർ താരങ്ങളുടെ അസാന്നിധ്യം സമ്മർദമാവില്ല. ഏറ്റവും മികച്ച പ്രകടനം പ്രകടിപ്പിക്കാനും ഫലം നേടിയെടുക്കാനും കഴിയും -യുവതാരം കൂടിയായ ജാസിം ജാബിർ പ്രതികരിച്ചു.
ആദ്യമായി ദേശീയ ടീമിലേക്ക് വിളിയെത്തിയ ഗോൾകീപ്പർ ജാസിം അൽ ഹൈലും അവസരം മുതലെടുക്കാനുള്ള ഒരുക്കത്തിലാണ്. പരിശീലന ക്യാമ്പിൽ കഠിനമായ ഒരുക്കത്തിലാണെന്നും ടൂർണമെന്റിന് വലിയ പ്രതീക്ഷയോടെയാണ് ബൂട്ടുകെട്ടുകയെന്നും അദ്ദേഹം പറഞ്ഞു.
ഗോൾഡ് കപ്പിൽ ജൂൺ 26ന് ഹ്യൂസ്റ്റനിൽ ഹെയ്തിക്കെതിരെയാണ് ഖത്തറിന്റെ ആദ്യ മത്സരം. അതിന് മുന്നോടിയായി ഓസ്ട്രിയയിൽ ടീം സന്നാഹ മത്സരങ്ങൾ കളിക്കും. ജമൈക്കയെ ജൂൺ 15നും ന്യൂസിലൻഡിനെ 19നും നേരിടും.
2024 ജനുവരിയിൽ ആരംഭിക്കുന്ന ഏഷ്യൻ കപ്പിന് മുന്നോടിയായി നവംബറിൽ ലോകകപ്പ് യോഗ്യത മത്സരങ്ങളിലും ഖത്തർ മാറ്റുരക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.