ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും ഏറ്റവും കൂടുതൽ പേർ യാത്രചെയ്തത് കൊളംബോ, മനില, കൈറോ എന്നിവിടങ്ങളിലേക്കെന്ന് റിപ്പോർട്ട്.. ഈ വർഷം മൂന്നാം പാദത്തിൽ ഹമദ് വിമാനത്താവളത്തിന്റെ വിജയത്തിന് സംഭാവന നൽകിയ ഏറ്റവും തിരക്കേറിയ ലക്ഷ്യസ്ഥാനങ്ങളിൽ ബാങ്കോക്, ഹീത്രൂ, മനില, കൈറോ, കൊളംബോ തുടങ്ങിയ സുസ്ഥിര കേന്ദ്രങ്ങളുൾപ്പെടുന്നുവെന്നും വിമാനത്താവളം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
2023ന്റെ മൂന്നാം പാദത്തിൽ ഹമദ് വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ 26.84 ശതമാനം വളർച്ച രേഖപ്പെടുത്തി. മുൻവർഷത്തെ അപേക്ഷിച്ച് ഒന്നാം പാദത്തിൽ 44.5 ശതമാനം വർധനവും രണ്ടാം പാദത്തിൽ 24 ശതമാനവും വർധനവുമാണ് രേഖപ്പെടുത്തിയത്.
ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി 1206475 യാത്രക്കാരെയാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം സ്വാഗതം ചെയ്തത്. ജൂലൈയിൽ 4305391 യാത്രക്കാരും ആഗസ്റ്റ്, സെപ്റ്റംബർ എന്നീ മാസങ്ങളിൽ യഥാക്രമം 4398427, 4002657 യാത്രക്കാരുമാണ് വിമാനത്താവളത്തിലെത്തിയത്. ഇക്കാലയളവിൽ 67285 വിമാനങ്ങളുടെ നീക്കവും രേഖപ്പെടുത്തി.
കാർഗോ പ്രവർത്തനങ്ങളിലും ഹമദ് വിമാനത്താവളം മൂന്നാം പാദത്തിൽ ഗണ്യമായ വളർച്ച കൈവരിച്ച് 3.38 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ഇക്കാലയളവിൽ ഫ്രാൻസിലെ ലിയോൺ, ടുലൂസ് എന്നിവിടങ്ങളിലേക്ക് പുതിയ സർവിസും ബിർമിങ്ഹാം, ചെങ്ഡു, ചോങ് കിങ് എന്നിവിടങ്ങളിലേക്കുള്ള സർവിസുകൾ പുനരാരംഭിക്കുകയും ചെയ്തതായും വിമാനത്താവളം അറിയിച്ചു. 38 എയർലൈനുകളുമായുള്ള പങ്കാളിത്തവും വാർത്താക്കുറിപ്പിൽ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.