ദോഹ: ഏഷ്യൻ കപ്പ് ഫുട്ബാളിന് പന്തുരുളാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ തയാറെടുപ്പുകൾ ആരംഭിച്ച് ദേശീയ ടീമുകളുടെ പരിശീലകരും.
ടൂർണമെന്റ് തയാറെടുപ്പുകളുടെ ഭാഗമായി വൻകരയുടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ദേശീയ ടീമുകളുടെ മുഖ്യ പരിശീലകർ, സഹ പരിശീലകർ, പെർഫോമൻസ് അനലിസ്റ്റുകൾ, ഫിഫയിൽ നിന്നുള്ള വിദഗ്ധർ എന്നിവരടങ്ങുന്നവർക്ക് എ.എഫ്.സി ഒൺലൈൻ പരിശീലന സെഷൻ നടത്തി. ടൂർണമെന്റ് വേളയിൽ എ.എഫ്.സിയുടെ സാങ്കേതിക വിഭാഗത്തിന്റെ പ്രധാന പ്രവർത്തനങ്ങളും തയാറെടുപ്പും സംബന്ധിച്ച് സെഷനിൽ വിശദീകരിച്ചു.
ഫിഫ ടീം ലീഡ് പെർഫോമൻസ് അനാലിസിസ് ആൻഡ് ഇൻസൈറ്റ്സ് ഹാരി ലോവ്, ഫിഫ ഫുട്ബാൾ ടെക്നോളജി, ഡേറ്റ മാനേജർ റെജിസ് ബാർഡെറ്റ് എന്നിവർ ഫിഫ ഡേറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമായ വിവിധ തരത്തിലുള്ള വിവരങ്ങൾ പങ്കുവെച്ചുകൊണ്ട് നടത്തിയ അവതരണമായിരുന്നു സെഷന്റെ ഹൈലൈറ്റ്. മത്സരത്തിലുടനീളം ടീമുകളുടെ പ്രകടനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പ്രധാന ഉപാധിയായി ഈ വിവരങ്ങൾ എങ്ങനെ സഹായിക്കുമെന്ന് വിശദീകരിച്ചു. എ.എഫ്.സി ടെക്നിക്കൽ ഡയറക്ടർ ആൻഡി റോക്സ്ബർഗ് സാങ്കേതിക തയാറെടുപ്പും അവയുടെ വിശദാംശങ്ങളും സെഷനിൽ അവതരിപ്പിച്ചു.
കാമറ ഫീഡുകളുടെയും തത്സമയ മത്സര വിവരങ്ങളുടെയും ലഭ്യത മുതൽ ഇലക്ട്രോണിക്സ് പെർഫോമൻസ്, ട്രാക്കിങ് സിസ്റ്റം ഉപകരണങ്ങളുടെ ഉപയോഗം വരെ അദ്ദേഹം ടീമുകൾക്ക് പരിചയപ്പെടുത്തി. ഏറ്റവും വലിയ വേദികളിൽ തങ്ങളുടെ ടീമുകളുടെ വിജയം ഉറപ്പാക്കുന്നതിനുള്ള കോൺഫെഡറേഷന്റെ കാഴ്ചപ്പാടും അദ്ദേഹം അടിവരയിട്ടു.
ചാമ്പ്യൻഷിപ്പിന്റെ കഴിഞ്ഞ നാല് പതിപ്പുകളിൽ (2007ൽ ഇറാഖ്, 2011ൽ ജപ്പാൻ, 2015ൽ ജപ്പാൻ, 2019ൽ ഖത്തർ) ചാമ്പ്യന്മാർ എങ്ങനെ ഉയർന്നുവന്നുവെന്നും ഡേറ്റ വിശകലനത്തിലൂടെ അദ്ദേഹം ചൂണ്ടിക്കാട്ടി. അവസാനത്തെ നാല് ചാമ്പ്യന്മാരിൽ മൂന്നും തികച്ചും വ്യത്യസ്ത പശ്ചാത്തലങ്ങളിൽനിന്നുള്ളവരായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ടൂർണമെന്റിന്റെ സമ്പന്നമായ വൈവിധ്യത്തിന്റെ പൈതൃകത്തിന് അത് വളരെയധികം സംഭാവന നൽകി.
അതിനാൽ ഒരു മാസം മാത്രം ബാക്കിയിരിക്കെ എന്താണ് സംഭവിക്കുകയെന്നും ആരായിരിക്കും കിരീടമണിയുകയെന്നും കാണാൻ ആരാധക ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്, ആൻഡി റോക്സ്ബർഗ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.