നമ്മുടെ അടുക്കളത്തോട്ടം ദോഹ യങ് ഫാർമർ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ തമീം അഹമ്മദും അൽഫോൻസ ഹന്ന വിജുവും
ദോഹ: പഠനത്തിരക്കുകൾക്കിടയിൽ പ്രവാസ ഭൂമിയിലെ മണ്ണിലിറങ്ങി കൃഷിയും വിളവെടുപ്പും വിജയകരമാക്കിയ മിടുക്കർക്ക് ആദരമായി നമ്മുടെ അടുക്കളത്തോട്ടം ദോഹ സീസൺ നാല് യുവ കർഷക പുരസ്കാരങ്ങൾ. തുടർച്ചയായി നാലാം തവണയാണ് ഖത്തറിലെ സജീവമായ അടുക്കള കർഷക കൂട്ടായ്മയായ നമ്മുടെ അടുക്കളത്തോട്ടം ദോഹ യങ് ഫാർമർ മത്സരം സംഘടിപ്പിക്കുന്നത്. വിത്തുകളും ചെടികളും നൽകിയും, കൃഷി ചെയ്യാനുള്ള മാർഗനിർദേശങ്ങൾ പറഞ്ഞുകൊടുത്തും നടത്തിയ മത്സരത്തിനൊടുവിൽ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ വിദ്യാർഥി തമീം അഹമ്മദും, ഒലീവ് ഇന്റർനാഷനൽ സ്കൂളിലെ അൽഫോൻസാ ഹന്നാ വിജുവും മികച്ച യുവകർഷകരായി മാറി. ഇത്തവണ നടന്ന യങ് ഫാർമർ മത്സരത്തിൽ ഖത്തറിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 80ഓളം വിദ്യാർഥികൾ പങ്കെടുത്തതായി അടുക്കളത്തോട്ടം ദോഹ പ്രസിഡന്റ് ജി.ജി. അരവിന്ദ് പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു കൃഷിയുടെ തുടക്കം.
മിഖാ മേരി ജിനേഷ്, ജിയാ മരിയ ജിറ്റോ (ഇരുവർക്കും രണ്ടാം സ്ഥാനം), ലക്ഷ്മി ദാക്ഷായണി (മൂന്നാം സ്ഥാനം) ഉസ്ദത് കൗർ (പ്രോത്സാഹന സമ്മാനം)
വിത്തും വളവും കാർഷിക ഉപദേശവുമായി മുതിർന്നവർ വഴികാട്ടികളായി. ആറു മാസം നീണ്ടുനിന്ന കാർഷിക സീസണിനൊടുവിൽ ഏപ്രിലിലാണ് വിളവെടുപ്പ് പൂർത്തിയായത്. ഏറ്റവും മികച്ച രീതിയിൽ കൃഷി ചെയ്ത് പരിപാലിച്ച വിദ്യാർഥികളെയാണ് വിജയികളായി തെരഞ്ഞെടുത്തത്. മിഖാ മേരി ജിനേഷ് (ശാന്തി നികേതൻ ഇന്ത്യൻ സ്കൂൾ), ജിയാ മരിയ ജിറ്റോ (എം.ഇ.എസ് ഇന്ത്യൻ സ്കൂൾ) എന്നിവർ രണ്ടാം സ്ഥാനവും, ടി. ലക്ഷ്മി ദാക്ഷായണി (രാജഗിരി പബ്ലിക് സ്കൂൾ) മൂന്നാം സ്ഥാനവും നേടി. ഉസ്തത് കൗർ (രാജഗിരി പബ്ലിക് സ്കൂൾ) പ്രോത്സാഹന സമ്മാനം നേടി. എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ് തമീം അഹമ്മദ്. ഒലീവ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് അൽഫോൻസ ഹന്ന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.