ഐ.സി.സി നേതൃത്വത്തിൽ നടന്ന ചന്ദ്രയാൻ-മൂന്നിന്റെ വിജയാഘോഷത്തിൽ അംബാസഡർ
വിപുൽ കേക്ക് മുറിക്കുന്നു
ദോഹ: ചന്ദ്രനെ തൊട്ട ഇന്ത്യയുടെ അഭിമാനനേട്ടത്തിൽ ആഹ്ലാദം പങ്കുവെച്ച് ഖത്തറിലെ പ്രവാസി ഇന്ത്യക്കാരും. ബുധനാഴ്ച വൈകീട്ട് ചന്ദ്രയാൻ-മൂന്ന് ചന്ദ്രനിൽ ഇറങ്ങുന്ന ദൃശ്യങ്ങൾക്ക് തത്സമയം സാക്ഷ്യംവഹിച്ചതിനു പിന്നാലെ സമൂഹ മാധ്യമങ്ങളിലായിരുന്നു പ്രവാസികളുടെ ആഘോഷ പ്രകടനം. രാത്രിയോടെ ഇന്ത്യൻ കൾചറൽ സെൻറർ നേതൃത്വത്തിൽ അശോക ഹാളിൽ നടന്ന ആഘോഷ പരിപാടിക്ക് നേതൃത്വം നൽകാൻ അംബാസഡർ വിപുൽ നേരിട്ടെത്തി.
കേക്ക് മുറിച്ച് മധുരം പങ്കുവെച്ചും, രാജ്യത്തിന്റെ അഭിമാനകരമായ നേട്ടത്തിന് നേതൃത്വം നൽകിയ ഐ.എസ്.ആർ.ഒ ശാസ്ത്രസമൂഹത്തിന് അഭിനന്ദനം ചൊരിഞ്ഞും വിജയാഘോഷം നടന്നു. ഖത്തറിലെയും ലോകമെങ്ങുമുള്ള ഇന്ത്യക്കാരുടെയും അഭിമാന നേട്ടംകൂടിയാണ് ചാന്ദ്രയാൻ മൂന്നിന്റെ വിജയമെന്ന് അംബാസഡർ വിപുൽ പറഞ്ഞു.
ഐ സി സി അശോക ഹാളിൽ നടന്ന ആഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തിയവർ
ഐ.സി.സി പ്രസിഡൻറ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡൻറ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡൻറ് ഇ.പി. അബ്ദുൽറഹ്മാൻ, എംബസി ഉദ്യോഗസ്ഥർ, അപെക്സ് ബോഡി മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങൾ എന്നിവരും പങ്കെടുത്തു. ആഘോഷ പരിപാടികൾക്ക് സാക്ഷിയാവാൻ നൂറുകണക്കിന് പ്രവാസി ഇന്ത്യക്കാരുമെത്തി.
ഇന്ത്യയുടെ ചരിത്ര നേട്ടത്തിന്റെ സന്തോഷ വാർത്ത പങ്കുവെച്ച് എംബസി സമൂഹ മാധ്യമ പേജായ ‘എക്സിൽ’ കുറിപ്പും പങ്കുവെച്ചിരുന്നു. ഇതിനു പുറമെ, ഖത്തറിലെ വിവിധ പ്രവാസി കൂട്ടായ്മകളും കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും ചന്ദ്രയാൻ-മൂന്ന് വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.