ചാലിയാർ ദോഹ പത്താം വാർഷികാഘോഷ പരിപാടിയിൽ ഇ.എ. നാസർ കൊടിയത്തൂർ സംസാരിക്കുന്നു
ദോഹ: ഖത്തറിലെ പരിസ്ഥിതി സംഘടനയായ ചാലിയാർ ദോഹ പത്താം വാർഷിക ദിനം ആചരിച്ചു. ചാലിയാറിന് ഇരു തീരങ്ങളിലുമായി മലപ്പുറം, കോഴിക്കോട് ജില്ലകളിലെ 24 പഞ്ചായത്തുകളിൽനിന്നുള്ള ഖത്തർ പ്രവാസികളുടെ കൂട്ടായ്മയായ ചാലിയാർ ദോഹ 2015ലാണ് രൂപവത്കരിച്ചത്. ചാലിയാർ ദിനത്തോടനുബന്ധിച്ച് ഐ.സി.സിയിൽ നടന്ന ചടങ്ങിൽ ചാലിയാർ ദോഹ രക്ഷാധികാരി ഇ.എ നാസർ കൊടിയത്തൂർ കെ.എ. റഹ്മാനെ അനുസ്മരിച്ചുകൊണ്ട് ‘പുഴയുടെ വർത്തമാനങ്ങൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.
1980 മുതൽ രണ്ട് പതിറ്റാണ്ടോളം ചാലിയാർ സംരക്ഷണത്തിനുവേണ്ടി പോരാട്ടം നടത്തി, സാധാരണ ജനങ്ങൾക്ക് പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് അവബോധം നൽകുന്നതിൽ പ്രധാന പങ്കുവഹിച്ച പരിസ്ഥിതി പ്രവർത്തകനായ കെ.എ. റഹ്മാന്റെ ജീവചരിത്രവും സമരപോരാട്ടങ്ങളും വരുംതലമുറക്ക് പഠനവിധേയമാക്കാൻ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ചാലിയാർ ദോഹ പ്രമേയം അവതരിപ്പിച്ചു.പ്രസിഡന്റ് സി.ടി. സിദ്ദീഖ് ചെറുവാടി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി സാബിഖുസ്സലാം എടവണ്ണ സ്വാഗതം പറഞ്ഞു. ചാലിയാർ ദോഹ മുഖ്യ രക്ഷാധികാരി ഷൗക്കത്തലി ടി.എ.ജെ ഉദ്ഘാടനം ചെയ്തു. ചാലിയാർ ദോഹയുടെ കഴിഞ്ഞ പത്ത് വർഷക്കാലത്തെ പ്രവർത്തനങ്ങളെക്കുറിച്ച് ചീഫ് അഡ്വൈസർ സമീൽ അബ്ദുൽ വാഹിദ് ചാലിയം വിവരിച്ചു. ചാലിയാർ ദോഹ ഫൗണ്ടർ പ്രസിഡന്റ് വി.സി മഷ്ഹൂദ്, ഫൗണ്ടർ ജനറൽ സെക്രട്ടറി സിദ്ദീഖ് വാഴക്കാട് എന്നിവർ സംസാരിച്ചു. ട്രഷറർ അബ്ദുൽ അസീസ് ചെറുവണ്ണൂർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.