ക്യു.ആർ.സി.എസിന്റെയും കനേഡിയൻ റെഡ് ക്രോസിന്റെയും ഭാരവാഹികൾ വാർത്തസമ്മേളനത്തിനിടെ
ദോഹ: ഇസ്രായേലിന്റെ വംശഹത്യയില്‍ ഗുരുതര പരിക്കേറ്റും ഉറ്റവരെ നഷ്ടപ്പെട്ടും ഖത്തറില്‍ അഭയം തേടിയ ഫലസ്തീനികള്‍ക്ക് സഹായവുമായി കാനഡ. 13.37 ലക്ഷം റിയാലിന്റെ സഹായം ഖത്തര്‍ റെഡ് ക്രസന്റ് (ക്യു.ആർ.സി.എസ്) വഴിയാണ് ഫലസ്തീനികള്‍ക്കായി പ്രയോജനപ്പെടുത്തുക. ഫലസ്തീനികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളാണ് ആവിഷ്കരിക്കുക. ക്യു.ആർ.സി.എസ് ആസ്ഥാനത്ത് ഞായറാഴ്ച നടന്ന വാർത്തസമ്മേളനത്തിൽ ഖത്തറിലെ കാനഡ അംബാസഡർ ഇസബെല്ലെ മാർട്ടിൻ ആണ് ഇതുസംബന്ധിച്ച് കാര്യങ്ങൾ വിശദീകരിച്ചത്.
ഖത്തർ വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ വകുപ്പിന്റെ ആക്ടിങ് ഡയറക്ടർ സുൽത്താൻ ബിൻ അഹ്മദ് അൽ അസിരി, ക്യു.ആർ.സി.എസ് സെക്രട്ടറി ജനറൽ ഫൈസൽ മുഹമ്മദ് അൽ ഇമാദി, ഖത്തറിലെ അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റിയുടെ മേധാവി ബസ്മ തബാജ, ക്യു.ആർ.സി.എസിന്റെയും കനേഡിയൻ റെഡ് ക്രോസിന്റെയും വിവിധ പ്രതിനിധികളും നിരവധി ഉദ്യോഗസ്ഥരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.ഗസ്സയിൽ യുദ്ധംമൂലം കുടിയിറക്കപ്പെട്ടവരോടും സമാധാനം, സുരക്ഷ എന്നിവ അർഹിക്കുന്നവരോടുമുള്ള തങ്ങളുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഖത്തറിന്റെയും കാനഡയുടെയും വിദേശകാര്യ മന്ത്രാലയങ്ങളുടെ നേതൃത്വത്തിൽ ക്യു.ആർ.സി.എസും കനേഡിയൻ റെഡ് ക്രോസും തമ്മിലുള്ള സഹകരണത്തോടെയാണ് ആറ് മാസം നീണ്ടുനിൽക്കുന്ന ഈ പദ്ധതി നടപ്പാക്കുക. ഗസ്സയില്‍ ഗുരുതരമായി പരിക്കേറ്റ 1500 പേരെയും അനാഥകളായ 3000 പേരെയും ഖത്തര്‍ ഏറ്റെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.