സ്തനാർബുദ ബോധവത്കരണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം
സംഘടിപ്പിച്ച പിങ്ക് ഒക്ടോബർ പരിപാടിയിൽനിന്ന്
ദോഹ: സ്തനാർബുദ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും പൊതുജനാരോഗ്യ മന്ത്രാലയവും ഖത്തർ കാൻസർ സൊസൈറ്റിയും സംയുക്തമായി പിങ്ക് ഒക്ടോബർ പരിപാടി സംഘടിപ്പിച്ചു.
'നേരത്തേ ബോധവത്കരണം; ജീവൻ സംരക്ഷിക്കാം' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ സ്തനാർബുദം നേരത്തേ കണ്ടെത്തി പ്രതിരോധിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു.
ആരോഗ്യാവബോധം വർധിപ്പിക്കുക, മന്ത്രാലയത്തിലെ ജീവനക്കാർക്കിടയിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്നിവയായിരുന്നു പരിപാടിയുടെ ലക്ഷ്യം. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് തിയറ്റർ ഹാളിൽ നടന്ന പരിപാടിയിൽ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ടെക്നിക്കൽ ഓഫിസിലെ അസിസ്റ്റന്റ് ഡയറക്ടർ റീം ഖലീഫ അൽ സുവൈദിയും മന്ത്രാലയത്തിലെ നിരവധി വനിത ജീവനക്കാരും പങ്കെടുത്തു.
പരിപാടിയിൽ പൊതുജനാരോഗ്യ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് സീനിയർ ഹെൽത്ത് എജുക്കേറ്റർ നൂർ ഹമ്മാദ് വിഷയാവതരണം നടത്തി. സ്തനാർബുദം, അതിന്റെ ലക്ഷണങ്ങൾ, ഘട്ടങ്ങൾ, നേരത്തേ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം, പ്രതിരോധ രീതികൾ എന്നിവയെക്കുറിച്ച് സെഷനിൽ വിശദീകരിച്ചു. രോഗം വരാനുള്ള സാധ്യതകളും പ്രതിരോധ രീതികളും അവർ എടുത്തു കാണിച്ചു. ഖത്തറിലെ കാൻസർ കേസുകളിൽ 35.1 ശതമാനം സ്തനാർബുദമാണ്. നേരത്തെയുള്ള രോഗനിർണയം ഫലപ്രദമായ ചികിത്സക്കും രോഗമുക്തിക്കുമുള്ള സാധ്യതകൾ വർധിപ്പിക്കുന്നുവെന്നും അവർ പറഞ്ഞു.
ഖത്തർ കാൻസർ സൊസൈറ്റിയിലെ കമ്യൂണിറ്റി ഹെൽത്ത് അവയർനസ് മേധാവി ഹിബ നാസർ സ്തനാർബുദത്തെക്കുറിച്ചുള്ള ശാസ്ത്രീയ വസ്തുതകളും തെറ്റിദ്ധാരണകളെ കുറിച്ചും വിശദീകരിച്ചു. നേരത്തേയുള്ള പരിശോധന ചികിത്സയിൽ നിർണായകമാണെന്നും അത്യാവശ്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.