ദോഹ: കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിന് യോഗ്യരായ മുഴുവൻ പേരും കൃത്യസമയത്ത് വാക്സിൻ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം. കാലതാമസം വരുത്താതെ ബൂസ്റ്റർ ഡോസ് സ്വീകരിച്ച് ആരോഗ്യ സുരക്ഷ ഉറപ്പാക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. സെപ്റ്റംബർ 15 മുതൽ ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷന് കീഴിൽ രണ്ട് ഡോസ് സ്വീകരിച്ച് എട്ട് മാസം പിന്നിട്ടവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്ന നടപടികൾക്ക് തുടക്കം കുറിച്ചിരുന്നു. 50 വയസ്സിന് മുകളിലുള്ളവർ, മാറാരോഗങ്ങളുള്ളവർ എന്നിവർക്കും ആരോഗ്യ പ്രവർത്തകർക്കുമാണ് ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിൽ മുൻഗണന. യോഗ്യരായവർ നിർബന്ധമായും ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് എട്ടുമാസം കഴിഞ്ഞവരിൽ വാക്സിൻ നൽകിയ പ്രതിരോധശേഷി കുറഞ്ഞുവരുന്നതായി ക്ലിനിക്കൽ പരിശോധനകളിൽ തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വാക്സിൻ വിഭാഗം മേധാവി ഡോ. സുഹ അൽ ബയാത് വ്യക്തമാക്കി.ബൂസ്റ്റർ ഡോസിന് യോഗ്യരായവരെ രോഗം വരാൻ സാധ്യതയുള്ള വിഭാഗത്തിലാണ് ഉൾപ്പെടുത്തുന്നത്. ആരോഗ്യ വകുപ്പിൽനിന്ന് അറിയിപ്പ് ലഭിച്ചാലുടൻ അവർ തങ്ങളുടെ ആരോഗ്യ കേന്ദ്രങ്ങളിലെത്തി ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് ഡോ. അൽ ബയാത് നിർദേശിച്ചു.
ഖത്തറിൽ നിലവിലെ സാഹചര്യങ്ങൾ ഏറെ ആശാവഹമാണ്. ഉയർന്ന വാക്സിനേഷൻ നിരക്കും നിയന്ത്രണങ്ങൾ പാലിക്കുന്നതിലെ കണിശതയും രാജ്യത്ത് കോവിഡ് കേസുകൾ കുറക്കുന്നതിൽ നിർണായക പങ്കുവഹിച്ചതായും പ്രതിദിന കേസുകളിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നതെന്നും അവർ വിശദീകരിച്ചു. കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് സുരക്ഷിതമാണെന്നും ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരിൽ ഇതുവരെ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും പി.എച്ച്.സി.സി ഓപറേഷൻസ് എക്സിക്യൂട്ടിവ് ഡയറക്ടറും ഫാമിലി മെഡിസിൻ സീനിയർ കൺസൾട്ടൻറുമായ ഡോ. സംയ അൽ അബ്ദുല്ല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.