ദോഹ: 47 മുതൽ 49 ഡിഗ്രി വരെ ചൂട് ഉയർന്നു തുടങ്ങിയതോടെ നട്ടുച്ചനേരത്തെ ഇരുചക്ര വാഹന ഡെലിവറി സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഖത്തർ തൊഴിൽ മന്ത്രാലയം. ജൂൺ ഒന്ന് മുതൽ നിരോധനം പ്രാബല്യത്തിൽ വരും. രാവിലെ 10 മുതൽ ഉച്ച കഴിഞ്ഞ് 3.30 വരെയാണ് മോട്ടോർ ബൈക്ക് ഡെലിവറിക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ചൂട് കുറഞ്ഞു തുടങ്ങുന്ന സെപ്റ്റംബർ 15 വരെ ഇത് തുടരുമെന്ന് അധികൃതർ അറിയിച്ചു.
കാറിലിരുന്ന് പോലും പുറത്തിറങ്ങാൻ കഴിയാത്ത നട്ടുച്ചനേരങ്ങളിൽ കാര്യമായ സുരക്ഷ സജ്ജീകരങ്ങളൊന്നുമില്ലാതെ ബൈക്കുകളിലെ ഡെലിവറി ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് മന്ത്രാലയം നിയമപരമായിത്തന്നെ നിയന്ത്രണം പ്രഖ്യാപിച്ചത്.
ഉഷ്ണസമ്മർദത്തിന്റെ അപകടസാധ്യതകളിൽനിന്ന് ഡെലിവറി തൊഴിലാളികളെ സംരക്ഷിക്കുന്നതിനായാണ് ഈ പ്രഖ്യാപനം. ഡെലിവറി കമ്പനികൾക്ക് പകൽ സമയത്ത് രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ അവരുടെ സേവനങ്ങൾ നിർവഹിക്കാൻ കാറുകൾ മാത്രമേ ഉപയോഗിക്കാൻ അനുവദിക്കുകയുള്ളൂവെന്നും മന്ത്രാലയം വ്യക്തമാക്കി. വേനൽച്ചൂട് കടുത്തതോടെ ജൂൺ ഒന്ന് മുതൽ പുറംജോലികൾക്കും ഉച്ച വിശ്രമ നിയമം മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെയാണ് ഈ നിയന്ത്രണം.
വിവിധ ഫുഡ് ഡെലിവറി ആപ്പുകളുടെയും കഫത്തീരിയ, ഹോട്ടൽ, ചില്ലറ വിൽപന കേന്ദ്രങ്ങൾ എന്നിവയുടെ ഉൽപന്നങ്ങൾ വിതരണം ചെയ്യുന്ന മേഖലയിൽ ആയിരക്കണക്കിന് തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.
കടുത്ത ചൂടിലും ജോലി ചെയ്യാൻ നിർബന്ധിതരായിരുന്ന തൊഴിലാളികൾക്ക് ഏറെ ആശ്വാസമാണ് തൊഴിൽ മന്ത്രാലയത്തിന്റെ തീരുമാനം. ശക്തമായ വെയിലും, റോഡിലെ തിരക്കും നൽകുന്ന കാഠിന്യത്തിനിടയിലും ജോലി ചെയ്യാൻ നിർബന്ധിതരാവുന്ന സാഹചര്യം നിയന്ത്രണത്തിലൂടെ ഒഴിവാകും. 2022 മുതലാണ് ഊഷ്ണ കാലത്തെ ഉച്ച വിശ്രമ നിയമത്തിൽ ഡെലിവറി ബൈക്ക് റൈഡേഴ്സിനെയും ഉൾപ്പെടുത്തി തുടങ്ങിയത്.
നിലവിൽ രാവിലെ 10 മുതൽതന്നെ ഖത്തറിലെ താപനില ഉയർന്നുതുടങ്ങുകയാണ് പതിവ്. ഉച്ച 12-1 മണിയോടെ ഏറ്റവും ഉയർന്ന നിലയിലേക്കുയരും. വ്യാഴാഴ്ച 46 ഡിഗ്രി സെൽഷ്യസ് വരെയായിരുന്നു ഖത്തറിലെ അന്തരീക്ഷ താപനില.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.