ജ​ർ​മ​ൻ ടീ​മി​ന്‍റെ ബേ​സ്​ ക്യാ​മ്പാ​യ സു​ലാ​ൽ വെ​ൽ​ന​സ്​ സെ​ന്‍റ​ർ

ബഹളങ്ങളും ആൾതിരക്കുമില്ലാതെ ജർമനിയുടെ ബേസ് ക്യാമ്പ്

ദോഹ: 2014ൽ ബ്രസീലിൽ ചൂടിയ കിരീടം, ഖത്തറിലും ആവർത്തിക്കാൻ ലക്ഷ്യമിട്ടിറങ്ങുന്ന മാനുവൽ നോയറിനും കൂട്ടുകാർക്കും ലോക കപ്പ് വേളയിലെ താമസം അൽറുവൈസിൽ. ദോഹയിൽ നിന്ന് 103 കി.മീ. അകലെ തിരക്കുകളിൽ നിന്നൊഴിഞ്ഞാണ് അൽറുവൈസ് സ്ഥതി ചെയ്യുന്നത്.

രാജ്യത്തിന്‍റെ വടക്കൻ അതിർത്തിയിൽ, കടലോരത്തിന്‍റെ സുഖസൗകര്യങ്ങളും ശാന്തതയും വേണ്ടുവോളമുള്ള സുലാൽ വെൽനസ് സെന്‍ററിലായിരിക്കും ലോകകപ്പ് കാലത്ത് ടീം അംഗങ്ങളുടെയും കോച്ചിങ് സ്റ്റാഫിന്‍റെയും താമസം. ഇവിടെനിന്ന് ഒമ്പത് കി.മീ. അകലെയുള്ള അൽഷമാൽ ക്ലബിന്‍റെ സ്റ്റേഡിയമാണ് ടീമിന്‍റെ പരിശീലന വേദി.

ഗ്രൂപ്പ്-ഇയിൽ സ്പെയിൻ, ജപ്പാൻ ടീമുകൾക്കൊപ്പം മത്സരിക്കുന്ന ജർമനിക്ക് ഖലീഫ ഇന്‍റർനാഷനൽ സ്റ്റേഡിയം, അൽബെയ്ത് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. ഇന്റർകോണ്ടിനെന്‍റൽ പ്ലേഓഫിൽ വിജയികളായെത്തുന്നവരാവും നാലാമത്തെ എതിരാളി. മത്സരനാളുകൾ ഒഴികെ എല്ലാ ദിവസവും ദോഹയിൽനിന്ന് ഏറെ അകലെയായി സ്വസ്ഥമായ അന്തരീക്ഷത്തിലായിരിക്കും ജർമനിയുടെ താമസം.

ലോക കപ്പിന്റെ തിരക്കുകളില്‍നിന്നും ബഹളങ്ങളില്‍ നിന്നും മാറി ശാന്തമായ അന്തരീക്ഷം ഉറപ്പാക്കാനാണ് അൽറുവൈസിലെ വിശാലമായ വെൽനസ് സെന്‍റർ ബേസ് ക്യാമ്പാക്കി മാറ്റിയതെന്ന് ടീം ഡയറക്ടർ ഒലിവർ ബിയറോഫ് പറഞ്ഞു. ഈ വര്‍ഷം ഉദ്ഘാടനംചെയ്ത സുലാല്‍ വെല്‍നെസ് റിസോര്‍ട്ട് ടീമിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഉതകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് സുലാല്‍ ബേസ് ക്യാമ്പായി തെരഞ്ഞെടുത്തത്.

ബഹളങ്ങളില്‍നിന്ന് മാറിനില്‍ക്കാനും കളിയില്‍ ശ്രദ്ധചെലുത്താനും ഇവിടത്തെ സാഹചര്യം ഗുണംചെയ്യും.

ലോക കപ്പില്‍ ടീം സ്പിരിറ്റിന് വലിയ പങ്കുണ്ട്. ടൂര്‍ണമെന്റില്‍ മുന്നേറുന്നതിന് സഹായിക്കുന്ന രീതിയില്‍ താരങ്ങള്‍ക്കിടയില്‍ സൗഹൃദം സൃഷ്ടിക്കാനും ഇതുപകരിക്കും, അൽഷമാലിലെ മികച്ച പരിശീലന സൗകര്യങ്ങളും ആകര്‍ഷിച്ചതായി ബിയറോഫ് പറഞ്ഞു.

ലോകകപ്പിന് നേരത്തേതന്നെ യോഗ്യത നേടിയത് മികച്ച ബേസ് ക്യാമ്പ് കണ്ടെത്താൻ സഹായിച്ചതായി കോച്ച് ഹാന്‍സി ഫ്ലിക്ക് വ്യക്തമാക്കി. ടീമിന് ആവശ്യമുള്ളതെല്ലാം റുവൈസിലുണ്ട്.

ശാന്തമായ അന്തരീക്ഷം തന്നെയാണ് പ്രധാന സവിശേഷത. ഖത്തറിലെത്തും മുമ്പ് യുവേഫ നേഷന്‍സ് ലീഗില്‍ ഇംഗ്ലണ്ട്, ഇറ്റലി, ഹംഗറി ടീമുകളുമായി ജര്‍മനിക്ക് മത്സരമുണ്ട്. ഇത് ലോകകപ്പിന്‍റെ മുന്നൊരുക്കങ്ങളെ സഹായിക്കുമെന്നും കോച്ച് വ്യക്തമാക്കി. ലോകകപ്പ് കിക്കോഫിന് നാലുദിവസം മുമ്പ്, അതായത് നവംബര്‍ 17നാണ് ജര്‍മന്‍ ടീം ഖത്തറിലെത്തുക. ഗ്രൂപ്-ഇയില്‍ സ്പെയിന്‍, ജപ്പാന്‍, ടീമുകളും ന്യൂസിലൻഡ്-കോസ്റ്റാറിക്ക മത്സര വിജയികളുമാണ് ജര്‍മനിയുടെ എതിരാളികള്‍.

Tags:    
News Summary - Base camp in Germany without the hustle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.