ഫുവൈറിത് ബീച്ചിൽ കടലാമക്കുഞ്ഞുങ്ങളെ തുറന്നുവിടുന്നു
ദോഹ: സമുദ്ര ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഹൗക്ക്സ്ബിൽ വിഭാഗത്തിൽപെടുന്ന കടലാമക്കുഞ്ഞുങ്ങളെ കടലിലേക്ക് തുറന്നുവിട്ട് പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം. ഫുവൈറിത് ബീച്ചിൽ സംഘടിപ്പിച്ച പരിപാടിയിൽ ദക്ഷിണാഫ്രിക്കൻ അംബാസഡർ എച്ച്.ഇ. ഗുലാം ഹുസൈൻ അസ്മാലും ഖത്തർ മ്യൂസിയത്തിൽ നിന്നുള്ള 110 സന്ദർശകരും പങ്കെടുത്തു.
വംശനാശ ഭീഷണി നേരിടുന്ന കടലാമകൾക്ക് പ്രജനനത്തിനായി സൗകര്യമൊരുക്കുന്ന ഖത്തർ പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. ഹൗക്ക്സ്ബിൽ എന്ന വിഭാഗത്തിൽപെടുന്ന കടലാമകൾക്കാണ് മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യത്തെ പ്രധാനപ്പെട്ട കടലാമ കേന്ദ്രമായ ഫുവൈറിത് ബീച്ചിൽ സൗകര്യമൊരുക്കുന്നത്. മുട്ടയിടാൻ പ്രത്യേക കൂടുകൾ സജ്ജീകരിച്ചും ഇവയുടെ സുരക്ഷക്ക് വേണ്ട ക്രമീകരണങ്ങൾ നടത്തിയുമാണ് പരിസ്ഥിതി കലാവസ്ഥ വ്യതിയാന മന്ത്രാലയം പ്രവർത്തനങ്ങൾ നടത്തുന്നത്.
തുടർന്ന് വളർച്ചയെത്തിയവയെ കടലിലേക്ക് തുറന്നുവിടും. കടലാമക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങുന്നതും അവയെ കടലിലേക്ക് തുറന്നുവിടുന്നതുമായ സമയമാണിത്.
ഹൗക്ക്സ്ബിൽ കടലാമകളെപ്പോലുള്ള വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കുന്നതിനുള്ള ലക്ഷ്യങ്ങളും പ്രാധാന്യവും മന്ത്രാലയത്തിന്റെ പരിസ്ഥിതി സംഘം വിശദീകരിച്ചു. ഖത്തറിന്റെ വടക്കൻ തീരങ്ങളിൽ ഈ അപൂർവ ഇനത്തിൽപ്പെട്ട കടലാമക്കുഞ്ഞുങ്ങൾക്കായി ഒരുക്കുന്ന സുരക്ഷിതമായ കൂടുകൂട്ടൽ, പ്രജനന സാഹചര്യങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങളും സംഘം വിശദീകരിച്ചു. തുടർന്ന് സന്ദർശകർ നടത്തിയ ബീച്ച് ശുചീകരണത്തിനു ശേഷം കടലാമക്കുഞ്ഞുങ്ങളെ തുറന്നുവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.