???? ??????

 മരുക്കാട്ടിലെ വിശപ്പിനെന്തൊരു ‘രുചി’യായിരുന്നു

മേയ് മാസത്തിലെ ഒരു വെള്ളിയാഴ്​ച. ഖത്തറിൽ ചൂട് കൂടി വരുന്ന സമയം. പതിവ് പോലെ സഹ താമസക്കാരായ അബ്​ദുൽ കാദറിനേയും സീനുവിനേയും കൂട്ടി യാത്ര പോകാൻ തീരുമാനിച്ചു. ദോഹയിൽ നിന്നും കിലോമീറ്ററുകൾ അകലെയുള്ള ജുമൈലിയയിലേക്കായിരുന്നു അന്നത്തെ പ്ലാൻ. വിജനമായ മരുഭൂമിലൂടെയുള്ള യാത്ര. ഏകദേശം ലക്ഷ്യസ്ഥാനത്തോട് അടുത്ത സമയത്താണ് നൂറുകണക്കിന്​ ആടുകളുടെ കൂട്ടം കണ്ടത്. ഞങ്ങൾ വണ്ടി ഓരം ചേർത്ത് നിർത്തി. മകൻ സയാന്​ ആട്ടിൻ കൂട്ടത്തെ കാണിച്ചുകൊടുക്കലും ഫോട്ടോ എടുക്കലും ആയിരുന്നു ലക്ഷ്യം. ആ സമയത്താണ് കണ്ണ്​ മാത്രം പുറത്തു കാണത്തക്ക രീതിയിൽ വസ്ത്രം ധരിച്ച ആട്ടിടയനായ ആ മനുഷ്യനെ ശ്രദ്ധയിൽ പെടുന്നത്.

ബെന്യാമി​​െൻറ ആടുജീവിതത്തിൽ വായിച്ചറിഞ്ഞത് മുന്നിൽ പ്രത്യക്ഷമായിരിക്കുന്നു. ഞങ്ങളെ കണ്ട മാത്രയിൽ അയാൾ ആട്ടിൻകൂട്ടത്തെയും തെളിച്ചുകൊണ്ട് ദൂരേക്ക് പോകാനൊരുങ്ങി. ഭർത്താവ് അയാളുടെ അടുത്ത് പോയി സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചു. കിലോമീറ്ററുകൾക്ക് അകലെയുള്ള അസ്ബ(കാലിത്തൊഴുത്ത്​)യിൽ നിന്നും കൊടും ചൂട് സഹിച്ച് നടന്ന്​ യജമാന​​െൻറ ആടുകളെ മേക്കാൻ ഇവിടെ എത്തിയതാണ്. വൈകീട്ട്​ ആകുമ്പോഴേക്കും മുഴുവൻ ആടുകളുടെയും വയറുനിറച്ച് തിരിച്ചു അസ്ബയിലേക്ക് എത്തിക്കണം. ആടുകളുടെ വയറു നിറക്കാനിറങ്ങിയ അയാളുടെ വയറു നിറക്കാൻ എന്തെങ്കിലും കൊടുക്കണമെന്ന ആഗ്രഹം ഭർത്താവിനെ അറിയിച്ചു. റസ്റ്റോറൻറുകളൊന്നും ഇല്ലാത്ത സ്​ഥലം ആയതിനാൽ ഉച്ച ഭക്ഷണത്തിനായി നെയ്ച്ചോറും ചിക്കൻ കറിയും ഞങ്ങൾ കരുതിയിരുന്നു. ആഗ്രഹം ആട്ടിടയനെ അറിയിച്ചു.

അദ്ദേഹത്തിൻെറ അഭിമാന ബോധമോ യജമാനനോടുള്ള ഭയമോ എന്താണെന്നറിയില്ല, അദ്ദേഹം ആ ഭക്ഷണം നിരസിച്ചു. ചൂ​േടൽക്കാതിരിക്കാൻ തുണി കൊണ്ട് പൊതിഞ്ഞ ഒരു ബോട്ടിൽ വെള്ളവും ഒരു സഞ്ചിയിൽ കുറച്ച്​ കുബ്ബൂസും മാത്രമായിരുന്നു വൈകീട്ട്​ വരെ വിശപ്പടക്കാൻ അയാളുടെ കയ്യിലുണ്ടായിരുന്നത്. വീണ്ടും വീണ്ടും നിർബന്ധിച്ചപ്പോൾ അദ്ദേഹം അത് സ്വീകരിക്കാനൊരുങ്ങി. മനമില്ലാ മനസ്സോടെയാണെങ്കിലും അത് സ്വീകരിച്ചപ്പോൾ അയാളുടെ കണ്ണുകളിൽ തെളിഞ്ഞ പ്രകാശം ഇന്നും മനസ്സിൽ മായാതെ കിടക്കുന്നു. വിജനമായ മരുഭൂമിയുടെ അന്തരാളങ്ങളിലേക്ക് അയാളും ആടുകളും വീണ്ടും നടന്നുനീങ്ങി. ഇതാണ് പ്രവാസജീവിതം. ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ അതിജീവനമാണ്​ എല്ലാപ്രവാസികളുടെയും പ്രശ്​നം. ഈ കോവിഡ് കാലത്ത്​ പ്രവാസികളെ നാട്ടിലെത്തിക്കാൻ സർക്കാറുകൾ കാണിക്കുന്ന അമാന്തം കാണുമ്പോൾ ഇതൊക്കെ ഓർത്തുപോകുന്നു.

Tags:    
News Summary - ayisha muhammed-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.