ഹജ്ജ് തീർഥാടകരുമായി ഔഖാഫ്, ഇസ്ലാമികകാര്യ മന്ത്രി ഗാനിം ബിൻ ഷഹീൻ ബിൻ ഗാനിം അൽ ഗാനിം കൂടിക്കാഴ്ച നടത്തുന്നു
ദോഹ: കഴിഞ്ഞവർഷം ഹജ്ജ് നിർവഹിച്ച ഖത്തറിൽനിന്നുള്ള ഹജ്ജ് തീർഥാടകരുമായി ഔഖാഫ്, ഇസ്ലാമികകാര്യ മന്ത്രി ഗാനിം ബിൻ ഷഹീൻ ബിൻ ഗാനിം അൽ ഗാനിം കൂടിക്കാഴ്ച നടത്തി.
ഹജ്ജ്, ഉംറ വകുപ്പിനെ പ്രതിനിധാനംചെയ്ത് മന്ത്രാലയം നൽകുന്ന സേവനങ്ങളെക്കുറിച്ചും ഹജ്ജിനുള്ള രജിസ്ട്രേഷൻ മുതൽ അവർക്ക് ലഭിച്ച സൗകര്യങ്ങൾ സംബന്ധിച്ചും വെബ്സൈറ്റ് വഴി അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കാൻ യോഗം ലക്ഷ്യമിടുന്നു. ഹജ്ജ് ഹോട്ട്ലൈനായ 132 വഴി ഖത്തറിലെ തീർഥാടകരുടെ കോളുകൾക്ക് മറുപടിയും അടിയന്തര സഹായങ്ങളും ലഭ്യമാക്കുന്നുണ്ട്. ഹജ്ജ് സീസണിൽ പുണ്യഭൂമിയിലെ സാന്നിധ്യത്തിലും ഹജ്ജ് കഴിഞ്ഞ് സുരക്ഷിതരായി നാട്ടിലേക്ക് മടങ്ങുന്നതുവരെയും ഖത്തർ ഹജ്ജ് മിഷൻ രാജ്യത്തെ തീർഥാടകർക്ക് നൽകുന്ന സേവനങ്ങളും യോഗത്തിൽ അവലോകനം ചെയ്തു. രാജ്യത്തെ തീർഥാടകർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനായി ഈ സീസണിൽ ഖത്തറിലെ തീർഥാടകരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും സംബന്ധിച്ചും ഔഖാഫ്, ഇസ്ലാമികകാര്യ മന്ത്രി യോഗത്തിൽ പരിഗണന നൽകി. രാജ്യത്തെ തീർഥാടകർക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകുകയും ചടങ്ങുകൾ സുഗമമാക്കുകയും ചെയ്യുന്ന ജ്ഞാനമുള്ള നേതൃത്വം ഹജ്ജിന് വലിയ പ്രാധാന്യം നൽകുന്നുവെന്ന് അൽ ഗാനിം പറഞ്ഞു.
ഖത്തറിലെ തീർഥാടകരുടെ താമസസൗകര്യം സംബന്ധിച്ചും അവരുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ടും മന്ത്രാലയം യോഗത്തിൽ പ്രത്യേക ഊന്നൽ നൽകി. നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും എല്ലാ അപേക്ഷകരെയും സഹായിക്കുന്നതിനും ബന്ധപ്പെട്ട അധികാരികളുമായി തുടർച്ചയായ ഏകോപനപ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.