ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്​ദുറഹ്മാൻ ആൽഥാനി

ഗസ്സക്ക്​ സഹായം: യു.എൻ, അമേരിക്ക, ഈജിപ്തുമായി ചേർന്ന് പ്രവർത്തിക്കാൻ ഖത്തർ

ഫലസ്​തീൻ വിഷയത്തിൽ പരിഹാരം അറബ് സമാധാന കരാറിനെയും നിലവിലെ അന്താരാഷ്​ട്ര പ്രമേയങ്ങളെയും ആശ്രയിച്ചായിരിക്കും

ദോഹ: ഫലസ്​തീനികളെ തൃപ്തിപ്പെടുത്തുന്ന സമാധാന പ്രക്രിയയിൽ പുരോഗതിയുണ്ടാകുന്നതുവരെ ഇസ്രായേലുമായുള്ള ഖത്തറി‍െൻറ നിലപാടിൽ മാറ്റമുണ്ടാകി​െല്ലന്ന്​ ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്​ദുറഹ്മാൻ ആൽഥാനി പറഞ്ഞു. ഫലസ്​തീൻ വിഷയത്തിൽ പരിഹാരം അറബ് സമാധാന കരാറിനെയും നിലവിലെ അന്താരാഷ്​ട്ര പ്രമേയങ്ങളെയും ആശ്രയിച്ചായിരിക്കും. അറബ് ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ്​ ശൈഖ് മുഹമ്മദ് ആൽഥാനി നിലപാട്​ വ്യക്തമാക്കിയത്​.

ഈജിപ്തുമായി സഹകരിച്ച് ഗസ്സയിൽ വെടിനിർത്തൽ സാധ്യമായിരിക്കുകയാണ്​. നിലവിൽ സമാധാനത്തിലെത്തിയിരിക്കുന്നു. ഫലസ്​തീൻ ഘടകങ്ങൾക്കും ഇസ്രായേലിനുമിടയിലുള്ള വെടിനിർത്തലിൽ ഒരു ആനുകൂല്യത്തിനും ഇടനൽകിയിട്ടില്ലെന്നും വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി. വെടിനിർത്തലിന് ശേഷം ഇതുവരെ സമാധാന പ്രക്രിയയുമായി ബന്ധപ്പെട്ട ശ്രമങ്ങളിൽ ഇസ്രായേലി‍െൻറ ഇടപെടലി‍െൻറ സൂചനയില്ല. ഐക്യരാഷ്​ട്രസഭയുമായും അമേരിക്ക, ഈജിപ്ത് രാജ്യങ്ങളുമായും സഹകരിച്ച് ഗസ്സയിലേക്ക് സഹായമെത്തുന്നത് ഉറപ്പുവരുത്തും. വിവിധ സംഘടനകളുമായി ചേർന്ന് തങ്ങളുടെ ഒരു സംഘം ഗസ്സയിൽ പ്രവർത്തിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.

തകർക്കപ്പെട്ട വീടുകളുടെ പുനർനിർമാണം, അടിസ്​ഥാന സൗകര്യ വികസനം, റോഡുകൾ, സ്​കൂളുകളുടെ നിർമാണം, മുറിവേറ്റവർക്ക് ശുശ്രൂഷ എന്നീ കാര്യങ്ങളിൽ കേന്ദ്രീകരിച്ചാണ് ഖത്തറി‍െൻറ ദുരിതാശ്വാസ പദ്ധതികൾ. ശൈഖ് ജർറാഹിൽ നിന്നും കുടിയൊഴിപ്പിക്കുന്നതടക്കമുള്ള പ്രധാന പ്രശ്നങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ലെന്നത് വസ്​തുതയാണ്. ഈ സാഹചര്യത്തിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ മാധ്യസ്​ഥ്യം വഹിക്കാൻ ഖത്തറിനാകും. മേഖലയിലെ വിശ്വാസ്യതയുള്ള മധ്യസ്​ഥ രാജ്യമാണ് ഖത്തർ.

ഈജിപ്തുമായുള്ള ഖത്തറി‍െൻറ ബന്ധം നിരവധി പ്രശ്നങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. പക്ഷേ, എപ്പോഴും പരസ്​പരം ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുന്നു. ഫലസ്​തീൻ വിഷയത്തിൽ ഈജിപ്തുമായുള്ള ഖത്തറി‍െൻറ സഹകരണം ഫലസ്​തീൻ വിഷയത്തിൽ മികച്ച ഫലം പ്രദാനം ചെയ്യുന്നുണ്ടെന്ന്​ വിദേശകാര്യ മന്ത്രി പറഞ്ഞു.

Tags:    
News Summary - Assistance to Gaza: Qatar to work with UN, US and Egypt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.