സെഡ് ടോക്സ് സീരീസ് -5 പോസ്റ്റർ പ്രകാശനം
ദോഹ: സെഡ് മീഡിയ സംഘടിപ്പിക്കുന്ന സെഡ് ടോക്സ് സീരീസ് 5-ന്റെ ഭാഗമായി നടക്കുന്ന ‘ട്യൂണും ടേക്കും’ പരിപാടിയുടെ പോസ്റ്റർ പ്രകാശനം കോഴിക്കോട് സ്റ്റാർ റെസ്റ്റാറന്റിൽ നടന്നു. നവംബർ 6-ന് പരിപാടി നടക്കും. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാസാഗറും സംവിധായകൻ കമലും ഒരുമിക്കുന്നതാണ് ഇത്തവണത്തെ സെഡ് ടോക്സിന്റെ പ്രധാന ആകർഷണം.
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റുകൾ സമ്മാനിച്ച വിദ്യാസാഗർ –കമൽ കൂട്ടുകെട്ട് ആദ്യമായി വേദിയിൽ ഒരുമിച്ചെത്തുന്ന പരിപാടിയിൽ സിനിമയും സംഗീതവുമായി ബന്ധപ്പെട്ട അനുഭവങ്ങളും ഓർമ്മകളും പങ്കുവെക്കുന്ന പ്രത്യേക അഭിമുഖവും ചർച്ചയും അരങ്ങേറും.
ഫോക്ക് ഖത്തർ പ്രസിഡന്റ് കെ.കെ. ഉസ്മാൻ, മുതിർന്ന കമ്മ്യൂണിറ്റി ലീഡർ നാരായണൻ എന്നിവർ ചേർന്ന് പോസ്റ്റർ പ്രകാശനം നിർവഹിച്ചു. റേഡിയോ മലയാളം പ്രോഗ്രാം ഹെഡ് രതീഷ് അവതാരകനായിരുന്നു. ഐ.സി.ബി.എഫ് പ്രസിഡന്റും സെഡ് മീഡിയ ഡയറക്ടറുമായ ഷാനവാസ് ബാവ, ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുൽ റഹ്മാൻ, ഐ.സി.സി അഡ്വൈസറി ചെയർമാൻ പി.എൻ. ബാബുരാജ്, ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി ദീപക് ഷെട്ടി, സെഡ് മീഡിയ ഡയറക്ടർ ഫെമിന ഹക്കീം, മൻസൂർ മൊയ്തീൻ, ക്യു.എഫ്.എം റേഡിയോ സി.ഇ.ഒ അൻവർ ഹുസൈൻ, അൻവർ കരിപ്പാങ്കുളം, ഇൻകാസ് ജനറൽ സെക്രട്ടറി വർക്കി ബോബൻ, ഐ.എം.എഫ് പ്രസിഡന്റ് ഓമനക്കുട്ടൻ, മുഹമ്മദ് ഷാനവാസ്, എൻജിനീയേഴ്സ് ഫോറം പ്രസിഡന്റ് ആഷിക് അഹമ്മദ്, മീഡിയ പെൻ ബിനു, വർഗീസ് വർഗീസ്, താജുദ്ധീൻ തുടങ്ങിയവരും വിവിധ സാംസ്കാരിക -സാമൂഹിക സംഘടനാ പ്രതിനിധികളും ഫാൻസ് അസോസിയേഷൻ പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.
സിനിമയുടെയും സംഗീതത്തിന്റെയും പിന്നാമ്പുറ അനുഭവങ്ങളും സൗഹൃദങ്ങളും ഓർമ്മകളും പങ്കുവെക്കുന്ന വ്യത്യസ്തമായ ഒരു സായാഹ്നമായിരിക്കും ‘ട്യൂണും ടേക്കും’ എന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.