ദോഹ: റോഡ് നിർമാണം, അഴുക്കുചാൽ നവീകരണം പൊതുകെട്ടിടങ്ങളുടെ നിർമാണം തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ഖത്തറിലെ ജീവിത നിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ വിവിധ പദ്ധതികൾക്ക് അനുമതി നൽകി. 1200 കോടി റിയാലിന്റെ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്കാണ് അനുമതി നൽകിയത്. റോഡ് നിർമാണം, അഴുക്കുചാൽ നവീകരണം അടക്കം 13 പദ്ധതികൾക്കാണ് വിവിധ കമ്പനികൾക്ക് കരാർ നൽകിയത്.
ഖത്തർ നാഷനൽ വിഷൻ 2030ന്റെ ചട്ടക്കൂടുകൾക്ക് അനുസൃതമായി രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളുടെ സംയോജനവും സുസ്ഥിരതയും ലക്ഷ്യമിട്ടാണ് പദ്ധതികൾ ആവിഷ്കരിച്ചിട്ടുള്ളതെന്ന് അഷ്ഗാൽ പ്രസിഡന്റ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ മീർ പറഞ്ഞു.
വിദ്യാഭ്യാസം, ആരോഗ്യം, സേവനം എന്നിവയുടെ വികസനവുമായി ബന്ധപ്പെട്ട നാല് കരാറുകൾ, റോഡ് അറ്റകുറ്റപ്പണി, അഴുക്കുചാൽ എന്നിവയിൽ മൂന്നു കരാറുകൾ, റോഡ് നിർമാണവുമായി ബന്ധപ്പെട്ട രണ്ട് കരാർ, ഇന്റലിജന്റ്സ് ട്രാൻസ്പോർട്ട് സിസ്റ്റവുമായി ബന്ധപ്പെട്ട് രണ്ട് കരാറുകൾ എന്നിവക്കാണ് അനുമതിയായത്. രാജ്യത്തിന്റെ തെക്കു -വടക്കു ഭാഗങ്ങളുടെ യാത്രാസൗകര്യങ്ങളിൽ വലിയ മാറ്റങ്ങൾ വിഭാവനം ചെയ്യുന്നതാണ് പദ്ധതികൾ. കൂടാതെ, ഇന്റലിജന്റ് ട്രാൻസ്പോർട്ടേഷൻ സിസ്റ്റംസ് (ഐ.ടി.എസ്) വികസിപ്പിക്കുന്നതിനും നടപ്പാക്കുന്നതിനുമുള്ള കരാറുകളും ഇതിലുണ്ട്.
എല്ലാ പ്രോജക്റ്റുകളുടെയും പരിപാലന കാലയളവ് അഞ്ച് വർഷവും, ഐ.ടി.എസ് പ്രോജക്റ്റിന് മൂന്ന് വർഷവുമാണ്. ഒക്ടോബറിൽ പ്രോജക്ടുകളുടെ നിർമാണം ആരംഭിക്കുമെന്ന് അഷ്ഗാൽ അധികൃതർ അറിയിച്ചു. അടുത്ത വർഷം ആദ്യപാദത്തിൽ പദ്ധതികളുടെ ആദ്യഘട്ടം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
അതേസമയം, അഴുക്കുചാൽ പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും 2026 ന്റെ ആദ്യ പാദത്തിൽ ആരംഭിക്കാനാണ് പ്രതീക്ഷിക്കുന്നത്. ഭാവിയിൽ, ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് അഴുക്കുചാലുകളുടെ പ്രവർത്തനവും നവീകരണവും നടത്താനും അഷ്ഗാൽ ലക്ഷ്യമിടുന്നുണ്ട്. ഇതിൽ സി.സി.ടി.വി കാമറകൾ ഘടിപ്പിച്ച റോബോട്ടുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള പരിശോധന, ഡിജിറ്റൽ ട്വിൻസ്, കൂടാതെ സ്മാർട്ട് കൺട്രോൾ സംവിധാനങ്ങളും റിമോട്ട് സെൻസിങ് സാങ്കേതികവിദ്യകളും ഉൾപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.
മൂന്ന് പുതിയ സ്കൂളുകൾ, 40 സ്കൂളുകളിലെ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തൽ, ഹമദ് മെഡിക്കൽ കോർപറേഷനിലെ സൈക്യാട്രിക് ഹോസ്പിറ്റലിന്റെ നവീകരണം, അൽ സുബാറ കുതിര പ്രജനന കേന്ദ്രത്തിന്റെ നവീകരണം തുടങ്ങിയ നാല് പുതിയ കെട്ടിടനിർമാണ പ്രോജക്റ്റുകൾക്കാണ് കരാർ നൽകിയത്. വിദ്യാഭ്യാസ -ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ചായിരിക്കും മൂന്ന് പുതിയ സ്കൂളുകളുടെ നിർമാണം നടക്കുക. ഖത്തർ സിവിൽ ഡിഫൻസ് മാനദണ്ഡങ്ങൾക്കനസൃതമായാണ് നിലവിലുള്ള 40 സ്കൂളുകളിലെ സുരക്ഷാ, ഫയർ സംവിധാനങ്ങൾ മെച്ചപ്പെടുത്തും. വിദ്യാർഥികൾക്കും അധ്യാപകർക്കും സുരക്ഷിതമായ പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിനായി ആധുനിക ഫയർ സുരക്ഷാ, ലൈഫ് പ്രൊട്ടക്ഷൻ സംവിധാനങ്ങൾ സ്ഥാപിച്ചുകൊണ്ട് സ്കൂളുകളിലെ സുരക്ഷാ നിലവാരം ഉയർത്താനും ഈ പ്രോജക്റ്റിലൂടെ ലക്ഷ്യമിടുന്നു.
ജനസംഖ്യാ വർധനവും നഗരവികസനത്തിനും അനുസൃതമായി രാജ്യത്തിന്റെ താൽപര്യങ്ങൾക്കും ഭാവി വികസനവും ലക്ഷ്യമിട്ട് അടിസ്ഥാന സൗകര്യങ്ങളും പൊതുകെട്ടിടങ്ങളും വികസിപ്പിക്കുന്നതിനുള്ള പദ്ധതി അഷ്ഗാൽ തുടരുകയാണെന്ന് പ്രോജക്ട്സ് അഫയേഴ്‌സ് ഡയറക്ടർ എൻജിനീയർ ഖാലിദ് സൈഫ് അൽഖയാരീൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.