പിടിയിലായവർ

ദോഹ: ബാങ്കിന്റേതെന്ന പേരില്‍ വ്യാജ എസ്​.എം.എസ്​ വഴി ജനങ്ങളെ കബളിപ്പിച്ച് ഒരു കോടി റിയാൽ തട്ടിയ വൻ സംഘം പൊലീസ്​ പിടിയിൽ. രാജ്യത്ത് മൊബൈൽ സന്ദേശങ്ങളിലൂടെ പണം തട്ടുന്നത് തടയുന്നതിനായി രൂപീകരിക്കപ്പെട്ട പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ വലയിലാക്കിയത്. ക്രിമിനൽ ഇൻവെസ്​റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്മെൻറിന് കീഴിലെ സാമ്പത്തിക, ഇലക്േട്രാണിക് കുറ്റകൃത്യ വിരുദ്ധ സ്​ക്വാഡിൻെറ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

'അൺകവറിംഗ് ദി മാസ്​ക്' എന്ന പേരിൽ നടക്കുന്ന ഓപറേഷൻെറ ഭാഗമായാണ് നടപടി. നിരവധി പേരിൽ നിന്നായാണ്​ സംഘം ഒരു കോടിയോളം റിയാൽ തട്ടിയത്​. തട്ടിയെടുക്കുന്ന പണം ഉടൻ വിദേശരാജ്യങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയക്കുകയാണ് സംഘത്തിൻെറ പതിവ്.

കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ച ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സംഘത്തെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചത്.

കുറ്റവാളികളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിച്ച് ഉറപ്പുവരുത്തിയതിന് ശേഷമാണ് അധികൃതർ നടപടിയെടുത്തത്​. ഖത്തർ സെൻട്രൽ ബാങ്കുമായും ഫിനാൻഷ്യൽ ഇൻഫർമേഷൻ യൂണിറ്റുമായും സഹകരിച്ചാണ് പ്രതികളെ കുടുക്കിയത്. ഒരു ദശലക്ഷത്തോളം റിയാൽ ഈവിധത്തിൽ തട്ടിയെടുത്തതായും വിദേശത്തേക്ക് അയച്ചതായും സുരക്ഷാ അധികൃതർ കണ്ടെത്തിയിട്ടുണ്ട്.

ആറ് മണിക്കൂറിലധികമായി നടത്തിയ റെയ്ഡിൽ 31 പേരെയാണ് അറസ്​റ്റ് ചെയ്തത്. തട്ടിപ്പിനുപയോഗിച്ച നാലായിരത്തോളം സിം കാർഡുകളും മൊബൈൽ ഫോണുകളും പോലീസ്​ ഇവരുടെ താമസസ്​ഥലത്ത് നിന്നും കണ്ടെടുത്തു. 960ലധികം പരാതികളാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസിന് ലഭിച്ചിരുന്നത്.

ഫോൺ സന്ദേശങ്ങളോ ഫോൺ കോളുകളോ വഴിയുള്ള തട്ടിപ്പുകൾക്ക് ഒരിക്കലും ഇരയാകരുതെന്നും ഇവരുടെ സന്ദേശങ്ങൾക്ക് പ്രതികരിക്കരുതെന്നും ആഭ്യന്തര മന്ത്രാലയവും രാജ്യത്തെ ബാങ്കുകളും നിരന്തരം ഉപഭോക്താക്കളോട് മുന്നറിയിപ്പ് നൽകുന്നുണ്ട്. ബാങ്ക് അക്കൗണ്ട് വിവരങ്ങളും പാസ്​വേർഡ്, ഒ.ടി.പി പോലെയുള്ള രഹസ്യ കോഡുകളും ഒരിക്കലും മറ്റൊരാൾക്ക് കൈമാറാൻ പാടില്ല.

ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും രാജ്യത്തെ പൗരന്മാരും താമസക്കാരും ജാഗ്രത പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സന്ദേശങ്ങൾ ലഭിക്കുകയാണെങ്കിൽ ബന്ധപ്പെട്ട ബാങ്ക് അധികാരികളെയോ ആഭ്യന്തര മന്ത്രാലയത്തെയോ അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെടുന്നുണ്ട്​.

സംഘത്തിൻെറ തട്ടിപ്പുരീതി ഇങ്ങനെ

ബാങ്കിൽ നിന്നെന്ന വ്യാജ്യേന ഉപഭോക്താവിൻെറ മൊബൈലിലേക്ക് സന്ദേശങ്ങളയക്കുകയും അതിലൂടെ പാസ്​വേർഡ്, ഒ.ടി.പി പോലുള്ള രഹസ്യവിവരങ്ങൾ ചോർത്തി പണം തട്ടുകയാണ് പിടിയിലായ സംഘം ചെയ്യുന്നത്. ഉപഭോക്താവിന് ലഭിക്കുന്ന സന്ദേശത്തിൽ ബാങ്ക് കാർഡ് ബ്ലോക്ക് ആയെന്നോ കാലാവധി തീർന്നെന്നോ അല്ലെങ്കിൽ വൻ തുകയുടെ സമ്മാനത്തിന് അർഹരായിരിക്കുന്നുവെന്നോ ആണ്​ ഉണ്ടാവുക.

ഇതിന്​ ശേഷം പ്രത്യേക നമ്പറിലേക്ക് വിളിക്കാൻ ആവശ്യപ്പെടും. ഈ നമ്പറിൽ തിരിച്ച് വിളിക്കുന്നതോടെ മൊബൈലിലേക്ക് ഒരു സന്ദേശമെത്തിയിട്ടുണ്ടെന്നും അത് സംഘത്തിന് നൽകാനും ആവശ്യപ്പെടും. ബാങ്കിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള ഒ.ടി.പിയാണെന്നത് അറിയാതെയാണ് പലരും ഈ രഹസ്യകോഡ് കൈമാറുന്നത്. ഇത് കൈമാറുന്ന നിമിഷം തന്നെ പണം അക്കൗണ്ടിൽ നിന്നും പിൻവലിയുകയും മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്യും. രഹസ്യ കോഡ് ഉപയോഗിച്ച് പണമിടപാട് നടത്തുകയും ഒൺലൈൻ പർച്ചേസ്​ നടത്തുന്നതും മറ്റൊരു തട്ടിപ്പ്​ രീതിയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.