യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ സാന്നിധ്യത്തിൽ നടന്ന അറബ് ഗ്രൂപ് എക്സ്റ്റെൻഡഡ് ട്രോയിക്ക സ്ഥിരം പ്രതിനിധികളുടെ യോഗത്തിൽ പങ്കെടുത്തവർ
ദോഹ: വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ ആരംഭിച്ച പുതിയ അധീനപ്പെടുത്തൽ നീക്കങ്ങളിൽ പ്രതിഷേധവുമായി യു.എന്നിലെ അറബ് രാഷ്ട്രങ്ങളുടെയും വിവിധ അറബ് ഗ്രൂപ്പുകളുടെയും പ്രതിനിധികൾ രംഗത്തെത്തി. ന്യൂയോർക്കിൽ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി നടന്ന അറബ് ഗ്രൂപ്പിന്റെ എക്സ്റ്റെൻഡഡ് ട്രോയിക്ക സ്ഥിരം പ്രതിനിധികളുടെ യോഗം, വെസ്റ്റ് ബാങ്കിൽ പരമാധികാരം അടിച്ചേൽപിക്കാനുള്ള ഇസ്രായേൽ തീരുമാനത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഇത്തരം നടപടികൾ ഫലസ്തീൻ ജനതയുടെ അവകാശങ്ങളെ ലംഘിക്കുന്നതായും, പ്രത്യേകിച്ച് സ്വയംനിർണയാവകാശം, അധിനിവേശം അവസാനിപ്പിക്കൽ എന്നിവയെ തടസ്സപ്പെടുത്തുന്നുവെന്നും പ്രതിനിധികൾ പറഞ്ഞു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. 1967ലെ അതിർത്തികൾ അടിസ്ഥാനമാക്കി കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്രവും പരമാധികാരമുള്ളതുമായ ഫലസ്തീൻ രാജ്യം സ്ഥാപിക്കണമെന്ന ആവശ്യവും യോഗത്തിൽ ആവർത്തിച്ചു. യോഗത്തിൽ പങ്കെടുത്ത യു.എന്നിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിൻ സൈഫ് ആൽഥാനി ഗസ്സയിൽ വെടിനിർത്തൽ കരാർ പൂർണമായും നടപ്പാക്കേണ്ടതിന്റെ അനിവാര്യത ഊന്നിപ്പറഞ്ഞു. ഈ ലക്ഷ്യത്തിനായി അന്താരാഷ്ട്ര പങ്കാളികളുമായി ചേർന്ന് ഖത്തർ നടത്തുന്ന ശ്രമങ്ങൾ തുടരുമെന്നും അവർ ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.