ആംനസ്​റ്റിയെ തള്ളി; ആരോപണങ്ങൾക്ക്​ വിശദീകരണവുമായി തൊഴിൽ മന്ത്രാലയം

ദോഹ: സമഗ്രവും സുസ്​ഥിരവുമായ മാറ്റം ഉറപ്പുവരുത്തുന്നതിന് തൊഴിൽ പരിഷ്കാരങ്ങൾ തുടരുമെന്ന് തൊഴിൽ മന്ത്രാലയം. തൊഴിൽ രംഗത്തെ പരിഷ്കാരങ്ങളിൽ ഖത്തറിന് അഭിമാനമുണ്ടെന്നും ഏതാനും വർഷങ്ങൾ കൊണ്ട് ഖത്തറുണ്ടാക്കിയ നേട്ടം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള രാജ്യങ്ങൾക്ക് നേടാൻ പതിറ്റാണ്ടുകൾ വേണ്ടി വന്നെന്നും ഖത്തർ തൊഴിൽ മന്ത്രാലയം ചൂണ്ടിക്കാട്ടി. ആംനസ്​റ്റി ഇൻറർനാഷണലിന്‍റെ ആരോപണങ്ങൾക്കുള്ള മറുപടിയിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

ഖത്തർ ലോകകപ്പിന്‍റെ അടിസ്​ഥാന സൗകര്യ വികസന പദ്ധതികളിൽ ജോലി ചെയ്ത തൊഴിലാളികളെ ചൂഷണം ചെയ്തതായും ഇതിന് ഫിഫ നഷ്​ടപരിഹാരം നൽകണമെന്നും ആംനസ്​റ്റി ഇൻറർനാഷണൽ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. തൊഴിൽ പരിഷ്കരണത്തിൽ ഖത്തറിന്‍റെ പ്രതിബദ്ധത വ്യക്തവും ദൃഢവുമാണ്​. തൊഴിൽ വിപണിയിലെ പരിഷ്കാരങ്ങൾ തുടരുന്നതോടൊപ്പം മറ്റ് രാജ്യങ്ങൾക്ക് മാതൃക കൂടിയാണ് ഖത്തറിന്‍റെ​ മാറ്റങ്ങൾ -തൊഴിൽ മന്ത്രാലയം പറഞ്ഞു.

തൊഴിലാളി ക്ഷേമ മേഖലയിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര തൊഴിൽ സംഘടന, എൻ.ജി.ഒകൾ, അന്താരാഷ്ട്ര തൊഴിലാളി യൂണിയനുകൾ എന്നിവയുടെ സഹകരണത്തോടയാണ് തൊഴിൽ മേഖലയിലെ മാറ്റങ്ങൾ കൊണ്ട് വന്നത്. സത്യസന്ധത, കഠിനാധ്വാനം, പരസ്​പര വിശ്വാസം എന്നിവയിലൂന്നിയാണ് ഈ മാറ്റങ്ങൾ നടപ്പാക്കിയിരിക്കുന്നത്.

ദേശീയ, വിദേശ വ്യാപാര സമൂഹങ്ങളുമായും നിക്ഷേപകരുമായും സംരംഭകരുമായും സഹകരിച്ചും ചർച്ച ചെയ്തുമാണ് തൊഴിൽ മേഖലയുടെ നവീകരണം സാധ്യമാക്കിയത്. പരിഷ്കൃത സമൂഹത്തിന് മാതൃകയായി ഖത്തർ തൊഴിൽ രംഗം വളർന്നിരിക്കുന്നു -മന്ത്രാലയം വിശദീകരിച്ചു.

തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിന് സർക്കാർ സ്​ഥാപിച്ച വർക്കേഴ്സ്​ സപ്പോർട്ട് ആൻഡ് ഇൻഷുറൻസ്​ ഫണ്ട് കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ വിതരണം ചെയ്തത് 110 ദശലക്ഷം യൂറോയാണ്. ഒരു പതിറ്റാണ്ടോളമായുള്ള നിരന്തര പരിശ്രമങ്ങളുടെ ഫലമായാണ് തൊഴിൽ ക്ഷേമ രംഗത്ത് ഖത്തറിന് മാതൃകാപരമായ പദവി ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ മിനിമം വേതനം, എക്സിറ്റ് പെർമിറ്റ് നീക്കം ചെയ്യൽ, തൊഴിൽ മാറ്റത്തിനുള്ള തടസ്സങ്ങൾ നീക്കൽ, റിക്രൂട്ട്മെൻറ് നടപടികളിലെ കർശന നിരീക്ഷണം, തൊഴിലാളികൾക്ക് നീതിയും നഷ്​ടപരിഹാരവും ഉറപ്പുവരുത്തുന്നതിന് മികച്ച സംവിധാനം, മികച്ച താമസ സൗകര്യം, മെച്ചപ്പെട്ട ആരോഗ്യ, സുരക്ഷ മാനദണ്ഡങ്ങൾ എന്നിവയെല്ലാം ഖത്തർ നടപ്പാക്കിയെന്നും മന്ത്രാലയം പുറത്തുവിട്ട വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കി.

തൊഴിൽ രംഗത്ത് ഖത്തർ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളെയും തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്ന തൊഴിൽ പരിഷ്കാരങ്ങളെയും വിലകുറച്ച് കാണുന്നതാണ് ആംനസ്​റ്റി ഇൻറർനാഷണലിന്‍റെ പുതിയ റിപ്പോർട്ടെന്നും ഖത്തർ തൊഴഇൽ മന്ത്രാലയം സൂചിപ്പിച്ചു.

News Summary - Amnesty rejected; Ministry of Labor with an explanation for the allegations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.