അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ലുസൈലിൽ ഈദ് നമസ്കാരത്തിൽ പങ്കെടുക്കുന്നു
ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ലുസൈലിലെ പ്രാർത്ഥനാ മൈതാനിയിൽ ഈദ് നമസ്കാരം നിർവഹിച്ചു. അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽഥാനി, ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽഥാനി, ശൈഖ് ജാസിം ബിൻ ഖലീഫ ആൽഥാനി, പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, ശൂറാ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം ശൈഖുമാർ, മന്ത്രിമാർ, ശൂറാ കൗൺസിൽ അംഗങ്ങൾ, വിവിധ അംബാസഡർമാർ, നയതന്ത്ര പ്രതിനിധികൾ എന്നിവർ അമീറിനൊപ്പം ലുസൈലിൽ രാവിലെ പെരുന്നാൾ നമസ്കാരങ്ങളിൽ പങ്കുചേർന്നു.
ഡോ. യഹ്യ ബുതി അൽ നുഐമി ഈദ് നമസ്കാരത്തിന് നേതൃത്വം നൽകി. ഇസ് ലാമിക വിശ്വാസങ്ങളെ മുറുകെ പിടിക്കണമെന്നും വാക്കിലും കർമങ്ങളിലും ഹൃദത്തിലും ദൈവത്തോട് നന്ദിയുള്ളവരായി സമർപ്പണത്തോടെ ജീവിക്കണമെന്നതാണ് പ്രവാചകന്മാരുടെ മാതൃകയെന്നും ഈദ് നമസ്കാര ശേഷം നടന്ന ഖുതുബയിൽ അദ്ദേഹം ഉൽബോധിപ്പിച്ചു.
നമസ്കാര ശേഷം ലുസൈൽ പാലസിൽ അമീർ അതിഥികളെ സ്വീകരിച്ച് ഈദാംശകൾ കൈമാറി. പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി, ശൂറാ കൗൺസിൽ സ്പീക്കർ, ശൈഖുമാർ, സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ, സേനാമേധാവികൾ, വിവിധ മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ, നയതന്ത്ര പ്രതിനിധികൾ എന്നിവരെ അമീർ ലുസൈൽ പാലസിൽ സ്വീകരിച്ച് ഈദ് ആശംസ നേർന്നു. വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽഥാനി, ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽഥാനി ഉൾപ്പെടെ പ്രമുഖരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.