ദോഹ: പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള പര്യടനം വിജയകരവും കൂടുതൽ ഫലപ്രദവുമായിരുന്നെന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു. ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും രാജ്യങ്ങളുമായുള്ള സഹകരണം വിശാലമാക്കുന്നതിനും സന്ദർശനം ഉപകരിച്ചുവെന്നും അമീർ ട്വീറ്റ് ചെയ്തു. 2015ൽ അമീർ ട്വിറ്റർ അക്കൗണ്ട് ആരംഭിച്ചിരുന്നെങ്കിലും ഈ വർഷത്തെ ദേശീയദിനത്തോടനുബന്ധിച്ചാണ് അമീർ ട്വിറ്ററിൽ സജീവമാകാൻ തുടങ്ങിയത്. ഇതിനകം തന്നെ ഒരു ലക്ഷത്തിലധികം പേരാണ് അമീറിനെ ട്വിറ്ററിൽ പിന്തുടരുന്നത്.
@TamimBinHamad എന്ന പേരിലാണ് അക്കൗണ്ട് പ്രവർത്തിക്കുന്നത്. അതേസമയം, സെനഗലിലെ സന്ദർശനം ഖത്തർ–സെനഗൽ ബന്ധത്തിെൻറ പുതിയ ചക്രവാളങ്ങളാണ് തുറന്നിട്ടിരിക്കുന്നതെന്നും വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിന് സെനഗലുമായി കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെച്ചിട്ടുണ്ടെന്നും ഇത് കൂടുതൽ സന്തോഷം നൽകുന്നുവെന്നും അമീർ ട്വിറ്ററിൽ വ്യക്തമാക്കി. മാലിയിലേക്കുള്ള സന്ദർശനം വിജയകരമായിരുന്നുവെന്നും ഭാവിയിൽ കൂടുതൽ സഹകരണം ഉറപ്പാക്കാൻ ഇത് ഉപകരിക്കുമെന്നും സന്ദർശനത്തിന് ശേഷം അമീർ ട്വീറ്റ് ചെയ്തു. ബുർകിനാഫാസോ പ്രസിഡൻറ് റോച് മാർക് കബോറുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ചും അമീർ ട്വീറ്റ് ചെയ്തു.
ബുർകിനാഫാസോ സന്ദർശിക്കാൻ സാധിച്ചതിൽ സന്തോഷിക്കുന്നുവെന്നും പരസ്പരം പ്രാധാന്യമുള്ള വിവിധ വിഷയങ്ങളും ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും കബോറുമായി പങ്ക് വെച്ചെന്നും അമീർ സൂചിപ്പിച്ചു. അമീറിെൻറ ട്വീറ്റുകൾക്ക് സ്വദേശികളും വിദേശികളുമായി നിരവധി പേരാണ് കമൻറ് ചെയ്തിരിക്കുന്നത്. ദേശീയദിനത്തിലെ ആദ്യ ട്വീറ്റിന് മാത്രം 41000 പേർ ലൈക്ക് ചെയ്തിട്ടുണ്ട്. 28000 പേർ റീട്വീറ്റ് ചെയ്തപ്പോൾ 18000ലധികം പേർ കമൻറ് പങ്ക് വെച്ചു. ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതവും മതിപ്പുമാണ് അമീറിെൻറ ട്വിറ്റർ അക്കൗണ്ട് ഉണ്ടാക്കിയിരിക്കുന്നത്. അമീറിന് പിന്തുണയർപ്പിച്ചും ഐക്യദാർഢ്യം അറിയിച്ചും നിരവധി പേർ ട്വീറ്റിന് താഴെ കമൻറ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.