അക്രം അഫീഫ്, ഹസൻ അൽ ഹൈദോസ്
ദോഹ: ലോകത്തെ മികച്ച ഫുട്ബാൾ താരങ്ങളെ തിരഞ്ഞെടുക്കുന്ന ഫിഫ ബെസ്റ്റ് പുരസ്കാരത്തിന് നാമനിർദേശം ലഭിച്ച് ഖത്തറിന്റെ സൂപ്പർ താരങ്ങളും. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ചുരുക്കപ്പട്ടികയിൽ മികച്ച മുന്നേറ്റ നിരക്കാരിൽ ഒരാളായി അക്രം അഫീഫും, മികച്ച ഗോളിനുള്ള പുഷ്കാസ് പുരസ്കാരത്തിന് മുൻ നായകൻ ഹസൻ അൽ ഹൈദോസും ഇടം നേടി.
ഫിഫ ബെസ്റ്റ് ഇലവനെ തിരഞ്ഞെടുക്കുന്നതിനുള്ള മികച്ച മുന്നേറ്റ നിരയിലേക്കായി നാമനിർദേശം ചെയ്ത 22 പേരിൽ ഒരാളായാണ് അക്രം അഫീഫ് ഇടം നേടിയത്. ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, കിലിയൻ എംബാപ്പെ, വിനീഷ്യസ് ജൂനിയർ, ലൂയി സുവാരസ്, എർലിങ് ഹാലൻഡ്, ലമിൻ യമാൽ തുടങ്ങിയ മുന്നേറ്റ നിരയിലെ വമ്പന്മാർക്കിടയിൽ ഇടംപിടിച്ച ഏക ഏഷ്യൻ താരവുമാണ് അക്രം അഫീഫ്.
നിലവിൽ മികച്ച ഏഷ്യൻ താരത്തിനുള്ള പുരസ്കാര ജേതാവായ അഫീഫ്, കഴിഞ്ഞ ഏഷ്യൻ കപ്പ് ഫുട്ബാളിൽ ഖത്തറിനെ കിരീടമണിയിച്ചതിൽ നിർണായക പങ്കു വഹിച്ചിരുന്നു. നാമനിർദേശം ലഭിച്ച 22ൽനിന്നും മൂന്നുപേരെയാണ് മുന്നേറ്റ നിരയിൽ ഉൾപ്പെടുത്തുക.
മികച്ച ഗോളിനുള്ള പുഷ്കാസ് അവാർഡിനായി ഹസൻ ഹൈദോസ് ഉൾപ്പെടെ 11 പേരാണ് ഇടം നേടിയത്. കഴിഞ്ഞ ഏഷ്യൻ കപ്പ് ഗ്രൂപ് റൗണ്ടിനിടെ ചൈനക്കെതിരെ ഫുൾ വോളി ഷോട്ടിലൂടെയുള്ള ഗോളാണ് ഹൈദോസിനെ പുരസ്കാരപ്പട്ടികയിൽ ഇടം സമ്മാനിച്ചത്.
അക്രം അഫീഫ് കോർണറിലൂടെ നൽകിയ പാസിനെ നിലംതൊടാതെ പുറംകാലൻ ഷോട്ടിലൂടെ ഹൈദോസ് വലയിലാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.