ഏഷ്യൻ കപ്പിനുള്ള മുവാസലാത്ത് ബസുകളും ജീവനക്കാരും പരിശീലനത്തിന്റെ ഭാഗമായി ഒന്നിച്ചപ്പോൾ
ദോഹ: ഏഷ്യൻ കപ്പിന്റെ ഗതാഗത സംവിധാനങ്ങൾ നൂറു ശതമാനം മികവോടെ സജ്ജമാക്കി മുവാസലാത്ത് (കർവ). ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന കളിയുത്സവത്തിൽ മുവാസലാത്തിന്റെ 900ത്തോളം ബസുകൾ യാത്ര സൗകര്യവുമായി നിരത്തിൽ സജീവമാകുമെന്ന് അധികൃതർ അറിയിച്ചു. ഇതിൽ 50 ശതമാനവും വൈദ്യുതി വാഹനങ്ങളായിരിക്കും.
50ലധികം രാജ്യങ്ങളിൽനിന്നായി മികച്ച പരിശീലനം നേടിയ 1000 ഡ്രൈവർമാരും 500 സപ്പോർട്ട് ആൻഡ് ഗ്രൗണ്ട് സ്റ്റാഫും അടങ്ങുന്ന ശക്തമായ സംഘമാണ് ഏഷ്യൻ കപ്പിനായി മുവാസലാത്ത് ഒരുക്കിയിരിക്കുന്നത്. ലോകകപ്പ് ഫുട്ബാൾ എന്ന വലിയ മേളയിൽ നിന്നുള്ള പരിചയ സമ്പത്തുമായി ഏഷ്യൻ കപ്പിനൊരുങ്ങുന്ന മുവാസലാത്തിന്റെ ട്രയൽ റൺ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പൂർത്തിയായി.
സ്ട്രെസ് ടെസ്റ്റ് ഉൾപ്പെടെ വിപുലമായ പരിശീലന പരിപാടികളും മുവാസലാത്ത് സംഘടിപ്പിച്ചു. ടൂർണമെന്റ് കാലയളവിൽ കുറ്റമറ്റ സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ബസുകളും ജീവനക്കാരുമായി പരിശീലനം ആരംഭിച്ചത്.
മുതിർന്ന ഉദ്യോഗസ്ഥർക്കും വ്യക്തികൾക്കും മാധ്യമപ്രവർത്തകർക്കും തടസ്സമില്ലാത്തതും പ്രീമിയം അനുഭവങ്ങൾ ഉറപ്പാക്കുന്നതുമായ പ്രത്യേക ക്രമീകരണവും സർവിസിലുണ്ടാകും. ജീവനക്കാർക്കും സംഘാടകർക്കും മറ്റു ഉദ്യോഗസ്ഥർക്കും മുവാസലാത്ത് സമഗ്രമായ ഗതാഗത പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നതായി കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.
ആരാധകരുടെ യാത്രാ അനുഭവങ്ങൾ വർധിപ്പിക്കുന്നതിന് മുവാസലാത്ത് പ്രത്യേകം ശ്രദ്ധ നൽകുന്നു. അൽ ബെയ്ത്ത്, അൽ ജനൂബ്, അൽ തുമാമ, അബ്ദുല്ല ബിൻ ഖലീഫ എന്നീ പ്രധാന സ്റ്റേഡിയങ്ങളിലേക്കുള്ള പ്രത്യേക മെട്രോ ഷട്ടിൽ സേവനങ്ങളും ലുസൈൽ സ്റ്റേഡിയത്തിനായുള്ള പാർക്ക് ആൻഡ് റൈഡ് ഓപ്ഷനുകളും ഏഷ്യൻ കപ്പിന്റെ ഭാഗമായി ഏർപ്പെടുത്തും. ഏഷ്യൻ കപ്പ് വേളയിൽ ആരാധകർക്ക് ഏറ്റവും സുഗമവും, സുരക്ഷിതവുമായ യാത്രാ അനുഭവം നൽകുകയാണ് ലക്ഷ്യമെന്ന് മുവാസലാത്ത് സി.ഇ.ഒ ഫഹദ് സഅദ് അൽ ഖഹ്താനി പറഞ്ഞു. സ്റ്റേഡിയങ്ങളെയും മെട്രോ സ്റ്റേഷനുകളെയും ബന്ധിപ്പിക്കുന്ന ഷട്ടിൽ ബസുകളുടെ ട്രയൽ റൺ ബുധനാഴ്ച നടന്നിരുന്നു. ലുസൈൽ, അൽ ബെയ്ത് സ്റ്റേഡിയങ്ങൾ ഉൾപ്പെടെ ആറ് കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചാണ് ട്രയൽ റൺ നടത്തിയത്.
ദോഹ: വൻകരയുടെ ഫുട്ബാൾ ഉത്സവത്തിലേക്ക് ഏഷ്യയിലും പുറത്തു നിന്നുമുള്ള ആരാധകരെ സ്വാഗതം ചെയ്യാൻ ഖത്തർ പൂർണമായി ഒരുങ്ങിക്കഴിഞ്ഞതായി എ.എഫ്.സി ഏഷ്യൻ കപ്പ് പ്രാദേശിക സംഘാടക സമിതി (എൽ.ഒ.സി) മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടർ ഹസൻ അൽ കുവാരി പറഞ്ഞു.
ടൂർണമെന്റിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായി കഴിഞ്ഞ ദിവസം ഒമാൻ സന്ദർശിച്ച പ്രതിനിധി സംഘം ഖത്തറിന്റെ തയാറെടുപ്പുകൾ അയൽ രാജ്യത്തെ ആരാധകർക്കായി വിശദീകരിച്ചു. മൂന്നാമതും ഏഷ്യൻ കപ്പിനായുള്ള ഖത്തറിന്റെ തയാറെടുപ്പുകൾ ചർച്ച ചെയ്യുന്നതിന്റെ ഭാഗമായി ഒമാനിലെ വിവിധ പങ്കാളികളുമായും എൽ.ഒ.സി കൂടിക്കാഴ്ച നടത്തി.
മസ്കത്ത് മീഡിയ ഗ്രൂപ്പുമായി ചേർന്ന് സംഘടിപ്പിച്ച സന്ദർശനത്തിനിടെ രാജ്യത്തെ മാധ്യമസ്ഥാപനങ്ങളുമായും മാധ്യമപ്രവർത്തകരുമായും സംഘാടക സമിതിയംഗങ്ങൾ ആശയവിനിമയം നടത്തി. ടൂർണമെന്റിലെ ഒമാനി ആരാധകരുടെ സാന്നിധ്യം ആവേശകരമാകുമെന്നും സ്റ്റേഡിയങ്ങൾക്ക് ജീവൻ നൽകുമെന്നും അൽ കുവാരി വ്യക്തമാക്കി. ഫിഫ ലോകകപ്പിന് വേദിയായ ഏഴ് സ്റ്റേഡിയങ്ങളടക്കം ഒമ്പത് വേദികളിലായാണ് ഏഷ്യൻ കപ്പ് മത്സരങ്ങൾ നടക്കുക.
ലോകോത്തര കായിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്ന ഒരു മെഗാ കായിക ചാമ്പ്യൻഷിപ്പിന് ഖത്തർ വീണ്ടും ഒരുങ്ങുകയാണെന്നും ചടങ്ങിൽ ഹസൻ അൽ കുവാരി പറഞ്ഞു. മാധ്യമപ്രവർത്തകർക്കായുള്ള അത്യാധുനിക മീഡിയ സെന്റർ ഇതിലുൾപ്പെടുമെന്ന് എൽ.ഒ.സിയുടെ പ്രാദേശിക മാധ്യമങ്ങൾക്കായുള്ള സീനിയർ മാനേജർ ശൈഖ് ഹമദ് ബിൻ അബ്ദുൽ അസീസ് ആൽഥാനി പറഞ്ഞു.
സൗദി അറേബ്യ, തായ്ലൻഡ്, കിർഗിസ് റിപ്പബ്ലിക് എന്നീ രാജ്യങ്ങൾക്കൊപ്പം ഗ്രൂപ് എഫിലാണ് ഒമാൻ ഇടം പിടിച്ചത്. ജനുവരി 16ന് ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ സൗദി അറേബ്യയുമായാണ് ഏഷ്യൻ കപ്പിലെ ഒമാന്റെ ആദ്യ മത്സരം.
ദോഹ: സ്വന്തം മണ്ണിൽ ഏഷ്യൻ കപ്പ് പോരാട്ടത്തിനൊരുങ്ങുന്ന ആതിഥേയരായ ഖത്തർ ഉദ്ഘാടന മത്സരത്തിനു മുമ്പായി രണ്ടു സൗഹൃദ മത്സരങ്ങൾ കളിക്കും.
ഡിസംബർ 31ന് കംബോഡിയക്കും ജനുവരി അഞ്ചിന് ജോർഡനുമെതിരെയാണ് ഏഷ്യൻ കപ്പിനു മുമ്പായി സന്നാഹ മത്സരങ്ങൾ കളിക്കുന്നത്. ജനുവരി 12ന് ആരംഭിക്കുന്ന ഏഷ്യൻ കപ്പിൽ ആദ്യ കളിയിൽ ലബനാനെതിരെയാണ് ഖത്തറിന്റെ മത്സരം. പുതിയ കോച്ചായി സ്ഥാനമേറ്റ മാർക്വിസ് ലോപസിനു കീഴിലാണ് ഖത്തർ ഏഷ്യൻ കപ്പിനൊരുങ്ങുന്നത്.
അൽ വക്റ ക്ലബ് പരിശീലകൻകൂടിയായ ലോപസിനു കീഴിലെ ആദ്യ ദേശീയ ടീമിന്റെ മത്സരമെന്ന പ്രത്യേകതയും സന്നാഹ അങ്കങ്ങൾക്കുണ്ട്. ദോഹയിലായിരിക്കും സന്നാഹമത്സരങ്ങൾ അരങ്ങേറുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.