സുപ്രീം കമ്മിറ്റി സുസ്ഥിരത വിഭാഗം മേധാവി എൻജി. ബുദൂർ അൽ മീർ - ഐക്യരാഷ്ട്രസഭ സ്പോർട് ഫോർ ഡെവലപ്മെൻറ് ആൻഡ് പീസിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി
ദോഹ: കാർബൺ ബഹിർഗമനം ഒഴിവാക്കിയും സുസ്ഥിരതക്ക് മുൻതൂക്കം നൽകിയുമുള്ള ലോകകപ്പിനായിരിക്കും ഖത്തർ വേദിയാവുകയെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സുസ്ഥിരത വിഭാഗം മേധാവി എൻജി. ബുദൂർ അൽ മീർ. തീർത്തും പരിസ്ഥിതി സൗഹൃദ പൊതുഗതാഗത സംവിധാനവും സുസ്ഥിരത അടിസ്ഥാനമാക്കിയുള്ള സ്റ്റേഡിയങ്ങളും അവ തമ്മിലുള്ള അകലവും ഖത്തർ ലോകകപ്പിന്‍റെ മാത്രം സവിശേഷതകളാണ്. ചരിത്രത്തിലെ പ്രഥമ കാർബൺ ന്യൂട്രൽ ലോകകപ്പെന്ന ഖ്യാതിയും ഇനി ഖത്തറിന് മാത്രമായിരിക്കും.
വലിയ കായിക ചാമ്പ്യൻപ്പിഷിന് തയാറെടുക്കുമ്പോഴും ലോകകപ്പിന്‍റെ സ്റ്റേഡിയങ്ങൾക്ക് രൂപരേഖ തയാറാക്കുമ്പോഴും പരിസ്ഥിതി ആഘാത പഠനത്തിന് ഏറെ പ്രാധാന്യം നൽകുന്നുണ്ടെന്നും 2022ൽ അന്തരീക്ഷ താപനില അറിയുന്നതിനായി ക്ലൈമറ്റ്
മോഡലിങ് സംഘടിപ്പിച്ചിരുന്നുവെന്നും എൻജി. ബുദൂർ അൽ മീർ പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ ഇൻറർനാഷനൽ ഡേ ഓഫ് സ്പോർട്ട് ഫോർ ഡെവലപ്മെൻറ് ആൻഡ് പീസ് 2022നോടനുബന്ധിച്ച് സംഘടിപ്പിച്ച ആഗോള വെർച്വൽ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.ലോകകപ്പ് പോലുള്ള കായിക ചാമ്പ്യൻഷിപ് സംഘടിപ്പിക്കു
മ്പോൾതന്നെ കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ ഖത്തർ മാതൃകയാണ്. പുറന്തള്ളപ്പെടുന്ന കാർബണിന്‍റെ അളവ് കുറക്കുന്നതിനുള്ള എല്ലാ നടപടികളും ഖത്തർ കൈക്കൊണ്ടതായും അൽ മീർ വ്യക്തമാക്കി. സ്റ്റേഡിയ നിർമാണം പരിസ്ഥിതി സൗഹൃദമാക്കുന്നതിന് നടപടി സ്വീകരിച്ചതായും അവർ ചൂണ്ടിക്കാട്ടി.
കാർബൺ പ്രസാരണം കുറക്കുന്നത് സംബന്ധിച്ച് പങ്കാളികളുമായി നേരത്തേതന്നെ ധാരണയിലെത്തിയിട്ടുണ്ട്.
പരിസ്ഥിതി സുസ്ഥിരത എന്നത് എല്ലാവരുടെയും ചുമതലയാണ്. ചെറിയ കാര്യത്തിൽനിന്നും അത് തുടങ്ങുന്നു. ആരാധകരും കാഴ്ചക്കാരും പുനരുപയോഗിക്കാൻ കഴിയുന്ന വെള്ളക്കുപ്പികൾ ഉപയോഗിക്കുന്നതിലൂടെയും പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനം വഴി യാത്രചെയ്യുന്നതിലൂടെയും പരിസ്ഥിതി സുസ്ഥിരതയുടെ വലിയ ഭാഗമാവുകയാണ് -ബുദൂർ അൽ മീർ വിശദീകരിച്ചു.
ലോകകപ്പിനായി നിർമാണം പൂർത്തിയാക്കിയ എട്ട് വേദികളും പൂർണമായും പരിസ്ഥിതി സൗഹൃദ മാനദണ്ഡങ്ങൾക്കനുസൃതമായാണ് പൂർത്തീകരിച്ചിരിക്കുന്നത്. വേദികളെല്ലാം 30 ശതമാനത്തോളം ഊർജക്ഷമതയുള്ളതും 40 ശതമാനം ജല ഉപഭോഗ ക്ഷമതയുള്ളതുമാണ്. പുനരുൽപാദിപ്പിക്കപ്പെട്ട അസംസ്കൃത വസ്തുക്കളും നിർമാണ സാമഗ്രികളുമാണ് സ്റ്റേഡിയ നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. പുറത്തേക്ക് തള്ളപ്പെടുന്ന കാർബണിന്റെ അളവ് കുറക്കുന്നതിന് കാർബൺ ഓഫ്സെറ്റ് സംരംഭങ്ങളിലൂടെ സുസ്ഥിരത പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നതെന്നും ഏറ്റവും ദുർഘടപാതയാണ് ഇതിന് വേണ്ടി താണ്ടിയിരിക്കുന്നതെന്നും എൻജി. ബുദൂർ അൽ മീർ നേരത്തേ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.