ദോഹ: ഖത്തറിന്റെ തീരമേഖലയിലെ കൊച്ചു ദ്വീപിലേക്ക് പര്യടനം നടത്തി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിനു കീഴിലെ പ്രകൃതി സംരക്ഷണവിഭാഗം. ഈദ് അവധിയോടനുബന്ധിച്ചായിരുന്നു ഖോർ അൽ ഉദൈയിൽനിന്ന് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന അൽ അഷാത് ദ്വീപിലേക്ക് വിദഗ്ധരുടെ നേതൃത്വത്തിലുള്ള സംഘം യാത്രചെയ്തത്. ഖത്തറിന്റെ തീരങ്ങളിലെ പൗരാണികതയുടെ ശേഷിപ്പുകളുമായി തലയുയർത്തി നിൽക്കുന്നതാണ് അൽ അഷാത് ദ്വീപ്.
അൽ അഷാത് ദ്വീപിലെ പാറക്കെട്ടുകൾ
കടൽ തിരമാലകൾക്കിടയിലായി, മൂന്ന് പാളികളായി, പാറക്കെട്ടുകളാൽ നിറഞ്ഞതാണ് ഈ അത്ഭുത ദ്വീപ്. ഖത്തറിന്റെ തെക്ക്, കിഴക്കൻ മേഖലയിൽ ഖോർ അൽ ഉദയ്ദിന് അഭിമുഖമായുള്ള പാറക്കെട്ടുകളാണ് ദ്വീപിന്റെ ആകർഷണം. കടൽ പക്ഷികളുടെയും അപൂർവ ഇനം മത്സ്യങ്ങൾ, സമുദ്ര ജീവികൾ എന്നിവയുടെ ആവാസകേന്ദ്രമെന്ന നിലയിൽ ശ്രദ്ധേയമായ ദ്വീപിന്റെ പാരിസ്ഥിതിക സാഹചര്യം പരിശോധിക്കുന്നതിന്റെ ഭാഗമായാണ് വിദഗ്ധ സംഘം സന്ദർശനം നടത്തിയത്.
ദ്വീപിന്റെ ആവാസവ്യവസ്ഥയുടെ സുരക്ഷ, പരിസ്ഥിതി നിയമങ്ങൾ എത്രമാത്രം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കൽ, ദ്വീപിന്റെ ജൈവവൈവിധ്യത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യങ്ങൾ വിലയിരുത്തുക എന്നിവയായിരുന്നു സന്ദർശന ലക്ഷ്യമെന്ന് പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.
അൽ അഷാത് ദ്വീപിന്റെ ഭൂപടദൃശ്യം, ഖത്തറിന്റെ തെക്കുകിഴക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന അൽ അഷാത് ദ്വീപ്. പരിസ്ഥിതി മന്ത്രാലയം
പങ്കുവെച്ച ചിത്രം
ഖത്തറിന്റെ തീരമേഖലയിലെ ഏറ്റവും ശ്രദ്ധേയമായ പരിസ്ഥിതി സൗഹൃദ വിനോദകേന്ദ്രമെന്ന സ്വീകാര്യതയും അൽ അഷാത് ദ്വീപിനുണ്ട്. കൂടുതൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കി പരിസ്ഥിതി ടൂറിസം വികസിപ്പിക്കുന്ന മന്ത്രാലയം പദ്ധതികളിലും ഇത് ഭാഗമാണ്.
തിരമാലകളടിച്ച് രൂപമാറ്റം സംഭവിച്ച പാറകളും ഗുഹകളും നിറഞ്ഞതാണ് അൽ ഇഷാത് ദ്വീപ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.