പരിസ്ഥിതി മന്ത്രാലയത്തിന്റെ ഓട്ടോ ജൈറോ എയർ ക്രാഫ്റ്റ്
ദോഹ: ഖത്തറിന്റെ പരിസ്ഥിതി സംരക്ഷണ പദ്ധതികളിൽ സുപ്രധാന സേവനങ്ങളുമായി മന്ത്രാലയം അവതരിപ്പിച്ച ഓട്ടോ ജൈറോ എയർക്രാഫ്റ്റുകൾ. കഴിഞ്ഞവർഷം അവതരിപ്പിച്ച ഓട്ടോജൈറോ ചെറു വിമാനം ഈ വർഷം ആദ്യപാദത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ നിരീക്ഷണ സേവനങ്ങളിൽ കാര്യമായ പങ്കുവഹിച്ചു.
വടക്ക്, തെക്ക് മേഖലകളിലായി 12.95 മണിക്കൂറുകളാണ് കഴിഞ്ഞ മൂന്നു മാസത്തിനിടെ ഈ കൊച്ചു വിമാനങ്ങൾ പറന്നത്. ഒമ്പത് വിമാനങ്ങളുടെ നിരീക്ഷണങ്ങളിലൂടെ 22ഓളം പരിസ്ഥിതി നിയമലംഘനങ്ങൾ കണ്ടെത്തിയതായും അധികൃതർ അറിയിച്ചു.
16 നിയമലംഘനങ്ങൾ വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ടാണ് കണ്ടെത്തിയത്. ആറെണ്ണം പ്രകൃതി സംരക്ഷണവുമായും ശ്രദ്ധയിൽപെട്ടു. രാജ്യത്തിന്റെ പരിസ്ഥിതി നിയമങ്ങൾ പാലിക്കാനും പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കാനും പൊതുജനങ്ങളെ പ്രേരിപ്പിക്കുന്നതിൽ കാര്യമായ പങ്കുവഹിക്കുന്നതാണ് വിമാനമാർഗമുള്ള പരിശോധനകൾ.
കരയിലും കടലിലും മരുഭൂ പ്രദേശങ്ങളിലുമായി ഏത് ഭാഗങ്ങളിലേക്കും വിമാനം പറന്നെത്തുമെന്ന സാധ്യത നിയമലംഘകരെ പിന്തിരിപ്പിക്കാൻ പ്രേരിപ്പിക്കുന്നതാണ്. വാദി അൽ ദഹൂലിലെ സംരക്ഷിത മേഖലയിലേക്കുള്ള അതിക്രമിച്ചു കടക്കൽ, ശൈത്യകാല ക്യാമ്പിങ് മേഖലയിലെ മാലിന്യ നിക്ഷേപം, അനധികൃത നിർമാണം, മലിന ജലമൊഴുക്കൽ, മാലിന്യം കത്തിച്ച് പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കൽ ഉൾപ്പെടെ വിവിധ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
രാജ്യത്തെ വ്യത്യസ്തമായ എല്ലാ ഭൂപ്രദേശങ്ങളിലേക്കും വളരെ വേഗത്തിൽ നിരീക്ഷണങ്ങൾ ലഭ്യമാക്കാനും അതിവേഗം എത്തിച്ചേരാനും ലക്ഷ്യമിട്ടാണ് പരിസ്ഥിതി മന്ത്രാലയം കഴിഞ്ഞ വർഷം ഈ വിമാനം ഉപയോഗിച്ചു തുടങ്ങിയത്. ഉയർന്ന നിലവാരത്തിലെ ക്യാമറകൾ ഘടിപ്പിച്ചിരിക്കുന്ന വിമാനങ്ങൾ, വന്യജീവികളെയും കടലിലെ ജീവജാലങ്ങളെയും കൃത്യതയോടെ നിരീക്ഷിക്കാൻ കഴിവുള്ളവയാണ്. അത്യാധുനിക വയർലെസ് കമ്യൂണിക്കേഷൻ സംവിധാനവുമുണ്ട്. ഇതിലൂടെ ഭൂമിയിലെ വിവിധ ഏജൻസികളുമായി നേരിട്ട് ആശയവിനിമയം നടത്താൻ സഹായിക്കുന്നു. ഇതുവരെ ഇവയുടെ പ്രവർത്തനത്തിൽ സാങ്കേതിക പ്രശ്നങ്ങളൊന്നും നേരിട്ടിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.
സമുദ്ര-ഭൗമ പരിസ്ഥിതി സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം, കടലാമകളുടെ നിരീക്ഷണം, തീരസംരക്ഷണം, രാജ്യത്തെ സസ്യജാലങ്ങളെക്കുറിച്ച പഠനം, സമുദ്ര ജീവികളുടെ മരണനിരക്ക് നിരീക്ഷിക്കൽ, തീരദേശ മലിനീകരണം, ക്രഷറുകളുടെ പ്രവർത്തനം തുടങ്ങിയവയിൽ ഓട്ടോ ജൈറോ വിമാനങ്ങൾ ഏറെ സംഭാവന നൽകുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.