ദോഹയിൽ നടന്ന ഇന്റർനാഷനൽ കൗൺസിൽ ഓഫ് മ്യൂസിയം സമ്മേളനത്തിൽ ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൻ ശൈഖ മയാസ ബിൻത് ഹമദ് ബിൻ ഖലീഫ ആൽഥാനി പങ്കെടുക്കുന്നു
ദോഹ: ചില്ല് അലമാരയിലടച്ച, നൂറ്റാണ്ടുകൾ പഴക്കമുള്ള അസ്ഥികൂടങ്ങളും പൗരാണിക വസ്തുക്കളുമെല്ലാം കാഴ്ചക്കാരന് ചുറ്റും നിന്ന് വാചാലമാകുന്ന മ്യൂസിയത്തെ കുറിച്ച് ചിന്തിച്ചു നോക്കൂ. കാഴ്ചവസ്തുക്കൾ എന്നും പറഞ്ഞു നെറ്റിചുളിച്ചു നടന്നു നീങ്ങുന്ന പുതു തലമുറക്കാരെ പിടിച്ചുനിർത്തി, അവരുടെ രീതിയിൽ സംവദിക്കുന്ന മ്യൂസിയങ്ങൾ.
കാഴ്ചബംഗ്ലാവിൽ പൊടി പിടിച്ചു കിടക്കുന്ന പൗരാണിക വസ്തുക്കളുടെ പ്രദർശനം എന്ന മ്യൂസിയം സങ്കൽപത്തെ നിർമിത ബുദ്ധിയുടെ കാലത്തിനൊത്ത് പരിഷ്കരിക്കുകയെന്ന വെല്ലുവിളി ഏറ്റെടുത്ത ഒരു മലയാളിയുടെ വാക്കുകൾക്കായിരുന്നു കഴിഞ്ഞയാഴ്ച ഖത്തറിലിരുന്ന് ലോകം കാതോർത്തത്. മേയ് ആറ് മുതൽ ഒമ്പതു വരെ ഖത്തർ നാഷനൽ മ്യൂസിയം വേദിയായ ഇന്റർനാഷനൽ കൗൺസിൽ ഓഫ് മ്യൂസിയം (ഇന്റർകോം) അന്താരാഷ്ട്ര സമ്മേളന വേദിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മ്യൂസിയം വിദഗ്ധർ ഒന്നിച്ചപ്പോൾ ഈ മലയാളിയുടെ വാക്കുകൾ അവർ ശ്രദ്ധയോടെ ശ്രവിച്ചു.
മലപ്പുറം കോട്ടക്കൽ പുതുപ്പറമ്പ് സ്വദേശിയും അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി മ്യൂസിയോളജി വിഭാഗം മേധാവിയുമായ ഡോ. കെ. അബ്ദൂൽ റഹീം ‘ഫ്യൂച്ചർ ഓഫ് മ്യൂസിയംസ്’തലക്കെട്ടിൽ അവതരിപ്പിച്ച വിഷയം മാറുന്ന കാലത്തിനൊത്ത് പുരാവസ്തു പ്രദർശനശാലകളുടെ മാറ്റങ്ങളിലേക്ക് വെളിച്ചം വീശി.
നൂറ്റാണ്ടുകളുടെ കഥ പറയാറുള്ള വസ്തുക്കൾ പൊടിപിടിച്ച ചില്ലലമാരക്കുള്ളിൽ തന്നെ കിടന്നാൽ, പുതുതലമുറ തിരിഞ്ഞുനോക്കില്ലെന്നാണ് അബ്ദുൽ റഹീം എന്ന മ്യൂസിയോളജി വിദഗ്ധന്റെ നിരീക്ഷണം. വലിയ വലിയ വിനോദോപാധികളുള്ള ലോകത്ത് ‘സെവൻ ഡി’ദൃശ്യ വിസ്മയത്തിലേക്ക് കാലം മാറുമ്പോൾ അതിനൊത്ത് മ്യൂസിയങ്ങളും പരിഷ്കരിക്കപ്പെടണമെന്നായിരുന്നു തന്റെ വിഷയത്തിലൂടെ അദ്ദേഹം അവതരിപ്പിച്ചത്.
റോബോട്ടിക് സൗകര്യവും, വെർച്വൽ റിയാലിറ്റി, ഓഗ്മെന്റ് റിയാലിറ്റി മുതൽ എ.ആർ സാങ്കേതിക വിദ്യ വരെ ഉൾപ്പെടുത്തി മ്യൂസിയം കാഴ്ചയെ എങ്ങനെ ‘സ്മാർട്ട്’ആക്കാം എന്ന് ഇദ്ദേഹം അവതരിപ്പിച്ച പേപ്പർ കൈയടികളോടെ വിദഗ്ധർ അടങ്ങിയ സദസ്സ് ഏറ്റെടുത്തു.
അവതരണത്തിനു പിന്നാലെ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള മ്യൂസിയം പ്രതിനിധികളും വിദഗ്ധരുമെല്ലാം ഈ മേഖലയിലെ വികസനത്തിന് കൂടുതൽ ഉപദേശം തേടി ഈ മലയാളിയെ സമീപിച്ചു.
ഇന്റർകോമിനെത്തിയ വിവിധ മ്യൂസിയങ്ങളും സർവകലാശാലാ മ്യൂസിയം വിഭാഗങ്ങളുമായി അലീഗഢ് സർവകലാശാല മ്യൂസിയം വകുപ്പിന്റെ സഹകരണവുമായി ബന്ധപ്പെട്ട ചർച്ചക്കും വഴിയൊരുങ്ങിയതായി അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
ഖത്തർ മ്യൂസിയംസ് ചെയർപേഴ്സനും സമ്മേളനത്തിന്റെ ഉദ്ഘാടകയുമായ ശൈഖ മയാസ ബിൻത് ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി. അലീഗഢും ഖത്തർ മ്യൂസിയവുമായി അക്കാദമിക് സഹകരണം സംബന്ധിച്ച് പദ്ധതി സമർപ്പിച്ചു. ഒമാൻ മ്യൂസിയം ഡയറക്ടർ ജനറൽ അൽ യഗ്ദാൻ ബിൻ അബ്ദുല്ല, തായ്വാൻ നാഷനൽ യൂനിവേഴ്സിറ്റി എന്നിവയുമായും അക്കാദമിക് സഹകരണം സംബന്ധിച്ച് ചർച്ച നടത്തിയതായി ഇദ്ദേഹം പറഞ്ഞു. കോഴ്സ് സഹകരണം, വിദ്യാർഥികളുടെയും അധ്യാപകരുടെയും കൈമാറ്റം, അക്കാദമിക് പങ്കുവെപ്പ്, ഗവേഷണ മേഖലയിലെ സഹകരണം എന്നിവയിലായിരിക്കും സഹകരണം.
രണ്ടര പതിറ്റാണ്ടു കാലും മ്യൂസിയം ഗവേഷണത്തിലും അക്കാദമിക് തലത്തിലും പ്രവർത്തിക്കുന്ന അബ്ദുൽ റഹീമിന് ഖത്തറിലെ വിവിധ മ്യൂസിയങ്ങൾ സന്ദർശിച്ചപ്പോൾ വലിയ മതിപ്പ്. മുഗൾ രാജ വംശകാലത്തെ വാളും കിരീടങ്ങളും മുതൽ പൗരാണിക കാലത്തെ രേഖകൾ, ലിഖിതങ്ങൾ തുടങ്ങി അമൂല്യ ശേഖരങ്ങൾ കണ്ടതിന്റെ സന്തോഷം അദ്ദേഹം പങ്കുവെച്ചു. ഇസ്ലാമിക പൈതൃകവും, പൗരാണിക കാഴ്ചകളുമെല്ലാം ഖത്തറിലെ വിവിധ മ്യൂസിയങ്ങളിലൂടെ ലോകത്തിന് കാഴ്ചവെക്കാൻ കഴിയുന്നതായും മൂന്നു പതിറ്റാണ്ടിനടുത്ത് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം പറയുന്നു.
ഡോ. അബ്ദുൽ റഹീമും ഭാര്യയും ഖത്തർ നാഷനൽ മ്യൂസിയത്തിന് മുന്നിൽ
അബ്ദുൽ റഹീം തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽ നിന്നും ബിരുദം കഴിഞ്ഞതിനു പിന്നാലെ, 1987ൽ അലീഗഢിലെത്തി എം.എസ്.എസി സുവോളജിയിൽ ബിരുദാനന്തര ബിരുദംനേടി. പിന്നീട് മ്യൂസിയോളജിയിൽ തുടർപഠനവും ഗവേഷണവും പൂർത്തിയാക്കി. 1998 മുതൽ അലീഗഢിൽ അധ്യാപകനായി. പിന്നീട്, വിവിധ പദവികൾ വഹിച്ച് ഇപ്പോൾ വകുപ്പ് തലവനാണ്. അന്താരാഷ്ട്ര തലത്തിൽ നിരവധി സമ്മേളനങ്ങളിൽ പങ്കെടുക്കുകയും വിഷയങ്ങൾ അവതരിപ്പിക്കുകയും ജേണലുകളിൽ പ്രബന്ധം പ്രസിദ്ധീകരിക്കുകയും ചെയ്ത അബ്ദുൽ റഹീം ഐകോ ഇന്ത്യൻ ജനറൽ സെക്രട്ടറിയാണ്. അലിഗഢിലെ വകുപ്പ് മേധാവി പദവിക്കൊപ്പം 14 മ്യൂസിയങ്ങളുടെ ഡെപ്യൂട്ടി കോഓഡിനേറ്ററായും, താജ്മഹൽ സംരക്ഷണവുമായി ബന്ധപ്പെട്ട് റഷ്യൻ പങ്കാളിത്തത്തിൽ നാനോടെക് സാങ്കേതിക വിദ്യ ഉപയോഗിച്ച് നടപ്പാക്കുന്ന പ്രവർത്തങ്ങളിലും സഹകരിക്കുന്നു.
അലീഗഢിൽ സ്കൂൾ അധ്യാപികയായി ജോലിചെയ്യുന്ന മുംതാസാണ് ഭാര്യ. മലേഷ്യയിൽ ഗവേഷക വിദ്യാർഥിയായ മുഹമ്മദ് മൻസൂർ അലീഗഢിൽ വിദ്യാർഥിയായ ആയിഷ നസിം എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.