ഖത്തർ ബൈസിക്കിൾ മാസ്റ്റർ പ്ലാനിന്റെ ഭാഗമായി ഗതാഗത മന്ത്രാലയം നേതൃത്വത്തിൽ സർവേ നടത്തുന്നു
ദോഹ: ആരോഗ്യത്തിനും പരിസ്ഥിതിക്കും ഒരുപോലെ ഊർജം പകരുന്ന സൈക്കിൾ യാത്രക്ക് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി ഖത്തർ ബൈസിക്കിൾ മാസ്റ്റർ പ്ലാനുമായി ഗതാഗത മന്ത്രാലയം. ഇ-സ്കൂട്ടർ, സൈക്കിളുകൾ, സ്കൂട്ടർ തുടങ്ങി ചെറുഗതാഗത സംവിധാനങ്ങളുടെ സാധ്യതകളും, ആവശ്യങ്ങളും തിരിച്ചറിയുന്നതിന്റെ ഭാഗമായാണ് രാജ്യത്തിന്റെ വിവിധ മേഖലകളിൽ സർവേ പൂർത്തിയാക്കിയത്. ഖത്തറിലുടനീളമുള്ള എല്ലാ പ്രദേശങ്ങളിലെയും സ്ത്രീ-പുരുഷ ഭേദമെന്യേ സ്വദേശികളും താമസക്കാരുമായവരെ കണ്ട് അഭിപ്രായങ്ങൾ ആരാഞ്ഞാണ് സർവേ നടത്തിയത്. പാർക്കുകൾ, പാർപ്പിട-വാണിജ്യ മേഖലകൾ, ബീച്ചുകൾ, കായിക സൗകര്യങ്ങൾ, ഷോപ്പിങ്-വിനോദ മേഖലകൾ, ഗതാഗത കേന്ദ്രങ്ങൾ, സാംസ്കാരിക-വിനോദസഞ്ചാര കേന്ദ്രങ്ങൾ, സർവകലാശാലകൾ എന്നിവയുൾപ്പെടെ 147 വ്യത്യസ്ത ഇടങ്ങളിലായി സർവേയുടെ ഭാഗമായുള്ള അഭിമുഖങ്ങൾ നടന്നതായി പൊതുഗതാഗത മന്ത്രാലയം അറിയിപ്പിൽ വ്യക്തമാക്കി. മൈക്രോ മൊബിലിറ്റി സംബന്ധിച്ച് ജനങ്ങളുടെ പ്രതികരണങ്ങളും ശേഖരിക്കുക, സൈക്കിളുകൾ, ഇ-സ്കൂട്ടറുകൾ തുടങ്ങിയവയിൽ നേരിടുന്ന വെല്ലുവിളികളും ആവശ്യമായ മുൻഗണനകളും മനസ്സിലാക്കുക എന്നിവയാണ് സർവേയുടെ ലക്ഷ്യം. ശരാശരി യാത്രാസമയവും ദൂരവും കുറക്കുന്നതിന് ആവശ്യമായ നടപടികൾ എന്ത്, മൈക്രോമൊബിലിറ്റി വാഹന ഉപയോഗത്തിൽ നേരിടുന്ന പ്രശ്നങ്ങൾ, ജോലി സ്ഥലങ്ങളിലേക്കും പൊതുഗതാഗത സൗകര്യങ്ങളിലേക്കും എത്തിച്ചേരുന്നതിനുള്ള സാധ്യത, കായിക, വിനോദ പ്രവർത്തനങ്ങൾക്കായി ഇത് എങ്ങനെ ഉപയോഗിക്കുന്നു എന്നിവയെല്ലാം സർവേയിൽ ഉൾപ്പെടുത്തി.സർവേയിൽ പങ്കെടുത്ത 89 ശതമാനം പേരും സൈക്കിൾ ഇഷ്ട ഗതാഗത മാർഗമാണെന്ന് അഭിപ്രായപ്പെട്ടു. 33 ശതമാനത്തിലധികം പേർ ജോലിക്കോ ഡെലിവറി ആവശ്യങ്ങൾക്കോ ഉപയോഗിക്കുമ്പോൾ വ്യായാമത്തിനും ഒഴിവുസമയം ചെലവഴിക്കുന്നതിനുമായി 66 ശതമാനം ആളുകൾ ഇതിനെ ഉപയോഗപ്പെടുത്തുന്നുവെന്നാണ് സർവേ റിപ്പോർട്ട്. ജോലി-സ്കൂൾ യാത്രകൾക്കായി 13 മിനിറ്റ് എടുക്കുമ്പോൾ വ്യായാമം, വിശ്രമ വേളകളിലെ യാത്രകൾ എന്നിവക്കായി ശരാശരി 30 മിനിറ്റ്, സർവിസ്/ഡെലിവറി ട്രിപ്പുകൾക്കായി എട്ട് മിനിറ്റും വേണ്ടിവരുന്നതായി സർവേ കണ്ടെത്തി.
ട്രാക്കുകളുടെ അഭാവം, സിഗ്നലുകളിലെ ഗതാഗതക്കുരുക്കിൽ നിന്നുള്ള മോചനം, ചാർജിങ് സ്റ്റേഷനുകളുടെ കുറവ്, പാർക്കിങ്, കുടിവെള്ള സേവനം, വിശ്രമമുറികൾ എന്നിവയുടെ അപര്യാപ്തത എന്നിവ പ്രധാന വെല്ലുവിളികളായി സർവേയിൽ പങ്കെടുത്തവർ ചൂണ്ടികാട്ടി. വേനൽക്കാലത്തെ ചൂടും ഹുമിഡിറ്റിയും പ്രധാന വെല്ലുവിളിയാണെന്നും അവർ വ്യക്തമാക്കി.സർവേ കണ്ടെത്തലുകളും ഫലങ്ങളും ഖത്തർ സൈക്കിൾ മാസ്റ്റർ പ്ലാനിന്റെ നവീകരണത്തിൽ നിർണായകമായ പങ്ക് വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.