ദോഹ: അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി. ചർച്ചകൾ പുനരാരംഭിക്കുന്നത് ലക്ഷ്യമിട്ട് മേഖലയിലെ വിവിധ കക്ഷികളുമായി ബന്ദപ്പെട്ട് നിരന്തരം ഇടപെടലുകൾ നടത്തുന്നുണ്ട്.
ഇരുകക്ഷികളും തമ്മിൽ ധാരണയിലെത്തുക എന്നതിനാണ് മുൻഗണന നൽകുന്നതെന്നും ഒരു കക്ഷിക്കെതിരെ മറ്റൊരു കക്ഷിയെ പിന്തുണക്കുന്ന നിലപാട് ഖത്തറിനില്ലെന്നും അദ്ദേഹം പ്രതിവാര വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മൂന്നാം കക്ഷിയുടെ ആക്രമണത്തിന് വിധേയമാകുമ്പോഴെല്ലാം പ്രാദേശിക രാജ്യങ്ങളെ യുദ്ധത്തിലേക്ക് വലിച്ചിഴക്കാനുള്ള ഇറാന്റെ ശ്രമത്തെ ഖത്തർ നിരസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വിവിധ സംഘർഷസാഹചര്യങ്ങളെ നേരിടുന്നതിനായി ഗൾഫ് രാജ്യങ്ങൾ പൂർണ ഏകോപനത്തോടെയാണ് പ്രവർത്തിക്കുന്നത്. ഹുർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം സാധാരണ നിലയിലേക്ക് പുനഃസ്ഥാപിക്കുക എന്നത് ഖത്തറിന്റെ പ്രധാന മുൻഗണനകളിലൊന്നാണെന്നും അദ്ദേഹം വിശദമാക്കി.
അന്താരാഷ്ട്ര നിയമം ഉറപ്പുനൽകുന്ന ഗതാഗത സ്വാതന്ത്ര്യത്തിന് വിരുദ്ധമായ രീതിയിലാണ് ഇറാൻ ഹുർമുസ് കടലിടുക്ക് അടച്ചത്. പ്രതിസന്ധിക്ക് മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് ഹുർമുസിലെ സാഹചര്യം മടങ്ങണമെന്നും കടലിടുക്കിലൂടെയുള്ള ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ഇറാനെതിരായ യു.എസ് ഉപരോധങ്ങൾ ഏകപക്ഷീയമാണ്. പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനുള്ള മധ്യസ്ഥ ശ്രമങ്ങൾക്ക് ഖത്തറിന്റെ പിന്തുണ തുടരുമെന്നും മാജിദ് അൽ അൻസാരി വ്യക്തമാക്കി. ഗസ്സയിൽ വെടിനിർത്തൽ കരാർ വേഗത്തിൽ നടപ്പാക്കാൻ ഇസ്രായേലിനുമേൽ സമ്മർദ്ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.