ഏഴാമത് ഖത്തർ ഇന്റർനാഷനൽ ആർട്ട് ഫെസ്റ്റിവൽ ഡിസംബറിൽ

ദോഹ: അന്താരാഷ്ട്ര കലാ പ്രദർശനവുമായി കതാറ കൾചറൽ വില്ലേജ് വീണ്ടുമെത്തുന്നു. സാംസ്കാരിക സംഗമത്തിന്റെ ആഗോള വേദിയായ ഏഴാമത് ഖത്തർ ഇന്റർനാഷനൽ ആർട്ട് ഫെസ്റ്റിവൽ ഡിസംബർ ഏഴു മുതൽ 12 വരെ തീയതികളിലായി കതാറയിൽ നടക്കും. ‘സസ്റ്റൈനബിലിറ്റി ആൻഡ് ഇന്നൊവേഷൻ ഇൻ ആർട്ട്’ പ്രമേയത്തിൽ മാപ്സ് ഇന്റർനാഷനലുമായി സഹകരിച്ച് നടത്തുന്ന പരിപാടിയിൽ 70 രാജ്യങ്ങളിൽ നിന്നായി 450ലധികം കലാകാരന്മാർ പങ്കെടുക്കും. ​

അർജന്റീനയിൽനിന്ന് മാത്രം 90 കലാകാരന്മാർ ഫെസ്റ്റിവലിന്റെ ഭാഗമായി പങ്കെടുക്കുന്നുണ്ട്. ഇത് മേളയിലെ വർധിച്ച പങ്കാളിത്തത്തെ സൂചിപ്പിക്കുന്നു. പ്രദർശനങ്ങൾ, വർക്ക്‌ഷോപ്പുകൾ, കലാ പ്രകടനങ്ങൾ എന്നീ പരിപാടികൾ ഒരുക്കി വിവിധ സംസ്കാരങ്ങൾ തമ്മിലുള്ള സംവാദം പ്രോത്സാഹിപ്പിക്കാനും കലയുടെയും സാംസ്കാരിക കൈമാറ്റത്തിന്റെയും കേന്ദ്രമായി ഖത്തറിന്റെ സ്ഥാനം ശക്തിപ്പെടുത്താനും ഫെസ്റ്റിവലിലൂടെ ലക്ഷ്യമിടുന്നു.

​ഈ മേളയിലെ പ്രധാന പരിപാടികൾ: ഡിസംബർ എട്ടിന് സാംസ്കാരിക സായാഹ്നവും, ആഗോള കലാകാരന്മാർ അവതരിപ്പിക്കുന്ന രണ്ടു ദിവസത്തെ ഇന്ററാക്ടീവ് വർക്ക്‌ഷോപ്പും നടക്കും. ​ഡിസംബർ ഒമ്പതിന് ആർട്ട് കോൺഫറൻസ് നടക്കും. 10-ന് കലാകാരന്മാരെയും വിശിഷ്ട വ്യക്തികളെയും ഒരുമിച്ച് ചേർത്ത് കൾചറൽ നെറ്റ്‍വർക്കിങ് ഡിന്നറും 11 -ന് ഒരു ഫാഷൻ ആർട്ട് പ്രദർശനവും, ശേഷം ലേലവും നടക്കും.

ഡിസംബർ 12-ന് ഔദ്യോഗിക അവാർഡ് ദാന ചടങ്ങോടെ ആർട്ട് ഫെസ്റ്റ് സമാപിക്കും. ​മേളയിലുടനീളം പാനല്‍ ചര്‍ച്ചകള്‍, ശിൽപശാലകള്‍, ലൈവ് പെയിന്റിങ്, സംഗീത നിശകള്‍ എന്നീ പരിപാടികളിലൂടെ വിസ്മയകരമായ കലാനുഭവം പൊതുജനങ്ങൾക്ക് ആസ്വദിക്കാം.

Tags:    
News Summary - 7th Qatar International Art Festival in December

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.