വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്: 27 പേർക്ക് വിലക്ക്

ദോഹ: ഖത്തറിൽ ആരോഗ്യ മേഖലയിൽ പ്രാക്ടീസ് ചെയ്യാനുള്ള ലൈസൻസ് നേടുന്നതിനായി വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച 27 പേരെ പൊതുജനാരോഗ്യ മന്ത്രാലയം കണ്ടെത്തി. വ്യാജ രേഖ സമർപ്പിച്ച 27 പേരെയും രാജ്യത്തെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നതിൽ നിന്ന് സ്ഥിരമായി വിലക്കിയതായി മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ജൂൺവരെയുള്ള കാലയളവിലാണ് ഇത്രയും കേസുകൾ റിപ്പോർട്ട് ചെയ്തത്. അപേക്ഷകരുടെ അക്കാദമിക് യോഗ്യതകളും പ്രവൃത്തിപരിചയവും ലൈസൻസിങ് നടപടികളുടെ പ്രാരംഭ ഘട്ടത്തിൽ തന്നെ കർശനമായി പരിശോധിക്കുന്നുണ്ട്. അന്താരാഷ്ട്ര ആരോഗ്യപ്രവർത്തകരുടെ യോഗ്യതകളും രേഖകളുടെ ആധികാരികതയും ഉറപ്പാക്കുന്നതിനായി പ്രത്യേക സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പരിശോധന നടത്തുന്നത്.

യോഗ്യരായ പ്രഫഷണലുകൾക്ക് മാത്രം ഖത്തറിൽ ആരോഗ്യ സേവനങ്ങൾ നൽകാൻ അനുമതി നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധന നടത്തുന്നത്. രാജ്യത്തെ ജനങ്ങൾക്ക് സുരക്ഷിതവും ഉയർന്ന നിലവാരമുള്ളതുമായ വൈദ്യസഹായം ഉറപ്പാൻ യോഗ്യരായവർക്ക് മാത്രമേ അനുമതി നൽകൂ എന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത്‌കെയർ പ്രൊഫഷൻസ് ഡയറക്ടർ ഡോ. സഅദ് അൽ കഅബി വാർത്തക്കുറിപ്പിൽ പറഞ്ഞു.

Tags:    
News Summary - വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചതിന് വിലക്ക്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.