ദോഹ: കുട്ടികളുടെ സ്‌കൂള്‍ പ്രവേശത്തിനായി പരക്കം പായുന്ന രക്ഷിതാക്കള്‍ക്ക് നേരിയ ആശ്വാസമായി ഒരു ഇന്ത്യന്‍ സ്‌കൂളിനുകൂടി സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ അനുമതി ലഭിച്ചു. പേള്‍ സ്‌കൂള്‍ വെസ്റ്റ് ബേ ക്യാമ്പസിനാണ് ക്ലാസ് അടിസ്ഥാനത്തില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നും പുതുതായി അനുമതി ലഭിച്ചിരിക്കുന്നത്.
ഒന്നുമുതല്‍ ഏഴ് വരെയുള്ള ക്ലാസുകളിലായി 20 മുതല്‍ 58 സീറ്റുകള്‍ വരെയാണ് ഇവിടെയുള്ളത്. പ്രവേശത്തിനായി അപേക്ഷിച്ചിരിക്കുന്നവരുടെ എണ്ണം വളരെ വലുതാണ്. ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന സീറ്റുകള്‍ ഇതിനു പരിഹാരമാകുമെന്ന് തോന്നുന്നില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. ചെറിയ ക്ലാസുകളിലേക്ക് പ്രത്യേകിച്ചും കെജി ക്ലാസുകളിലേക്ക് നിരവധി അപേക്ഷകരാണുള്ളത്. ഇതിനുമുമ്പ് ഡിപിഎസ് മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ 100 സിബ്ലിങ് സീറ്റുകള്‍ അനുവദിച്ചിരുന്നു.
സ്‌കൂളില്‍ പഠിക്കുന്ന കുട്ടിയുടെ സഹോദരനോ സഹോദരിക്കോ സ്‌കൂളില്‍ പ്രവേശത്തിനായി അപേക്ഷിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഇതിനായി ഒാൺലൈൻ ലിങ്ക് തുടങ്ങി രണ്ട് മണിക്കൂറിനുള്ളില്‍തന്നെ അനുവദിച്ച സീറ്റുകള്‍ നിറഞ്ഞു. എംഇഎസ് ഇന്ത്യന്‍ സ്‌കൂളിലും ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലും അനുവദിച്ച വിദ്യാര്‍ത്ഥികളേക്കാള്‍ കൂടുതല്‍ പേരുള്ളതിനാല്‍ ഇവിടങ്ങളില്‍ പ്രവേശനം നിര്‍ത്താന്‍ നിര്‍ദേശിക്കപ്പെട്ടു. ഇതും ഈ വര്‍ഷം അഡ്മിഷനുവേണ്ടി ശ്രമിക്കുന്നവര്‍ക്ക് തിരിച്ചടിയായി.
മറ്റു ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് സീറ്റുകളുടെ ശേഷി കുറവായതിനാല്‍ സിബ്ലിങ് ക്വോട്ടയില്‍ തന്നെ സീറ്റുകളെല്ലാം ഏറെക്കുറെ നിറഞ്ഞിട്ടുണ്ട്.
കെജി ഒന്നിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്നത് അവസാനിപ്പിച്ചുവെന്നും ഇതിനകം 600ല്‍പരം അപേക്ഷകളാണ് ലഭിച്ചതെന്നും ഒരു ഇന്ത്യന്‍ സ്‌കൂൾ അധികൃതർ പറഞ്ഞു. കെജി ഒന്നില്‍ നാല് ഡിവിഷനുകളാണുള്ളത്. ഒരോ ക്ലാസിലും 30 കുട്ടികളെയാണ് ഉള്‍ക്കൊള്ളാന്‍ സാധിക്കുക. അതായത് റെഗുലേറ്ററി ബോഡിയുടെ നിര്‍ദേശങ്ങളനുസരിച്ച് 120 കുട്ടികള്‍ക്ക് മാത്രമാണ് ഇവിടെ പ്രവേശനം നല്‍കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
പുതിയ സ്‌കൂളുകള്‍ തുടങ്ങുകയാണ് ഇതിനുള്ള ഏക പരിഹാരമാര്‍ഗമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.