ഖത്തറില്‍ വിവിധ കമ്പനികളില്‍ അടുത്തവര്‍ഷത്തോടെ ശമ്പള നിരക്ക് വര്‍ധനയെന്ന് സര്‍വേ

ദോഹ: ഖത്തറില്‍ വിവിധ കമ്പനികളിലായി ജോലിയെടുക്കുന്നവരുടെ ശമ്പള നിരക്കില്‍ അടുത്തവര്‍ഷത്തോടെ വര്‍ധന പ്രതീക്ഷിക്കുന്നതായി സര്‍വേ. 2017 ഓടെ ഖത്തറിലെ ശരാശരി വേതന നിരക്ക്  4.5 ശതമാനമാകുമെന്നാണ് സര്‍വേ ഫലം വ്യക്തമാക്കുന്നത്. രാജ്യത്തെ നിലവിലെ ശമ്പള വര്‍ധനയുടെ തോത് 3.6 ശതമാനമാണ്. 
2017ലെ ജി.സി.സി രാജ്യങ്ങളിലെ ശമ്പള വര്‍ധനയെക്കുറിച്ചുള്ള അഭിപ്രായമാരായാന്‍ അറുനൂറോളം കമ്പനികളെയാണ് പ്രമുഖ അമേരിക്കന്‍ മനുഷ്യവിഭവ ശേഷി മാനേജ്മെന്‍റ് ആന്‍റ് കണ്‍സള്‍ട്ടിങ് സ്ഥാപനമായ എഒഎന്‍ ഹ്യൂവിറ്റ് സമീപിച്ചത്. 
സര്‍വേ പ്രകാരം  ജി.സി.സി രാജ്യങ്ങളില്‍ ഏറ്റവും കുറഞ്ഞ  ശമ്പളവര്‍ധന അനുഭവപ്പെടുന്ന രാജ്യം ഖത്തറായിരിക്കും. 
എങ്കിലും നിലവിലെ വര്‍ധന ശരാശരിയായ 3.6 ശതമാനത്തിലും വര്‍ധിച്ച നിരക്കായിരിക്കും 2017-ടെ ലഭ്യമാകുക എന്നാണ് സര്‍വേ ഫലം വെളിവാക്കുന്നത്. 
അംഗരാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ശമ്പള വര്‍ധന അനുഭവപ്പെടുന്ന രാജ്യം സൗദി അറേബ്യയായിരിക്കും. 4.9 ശതമാനമാണ് ഇവിടുത്തെ വേതന വര്‍ധനയുടെ തോത്. നിലവില്‍ സൗദിയില്‍ 4.6 ശതമാനമാണ് വേതന വര്‍ധന കണക്കാക്കിയിട്ടുള്ളത്. രണ്ടാമതായി കുവൈത്താണ്. കുവൈത്തില്‍ 4.8 ശതമാനം ശമ്പള വര്‍ധന കണക്കാക്കുന്നുണ്ട്. കുവൈത്തിലിപ്പോള്‍  ശരാശരി 4.3 ശതമാനത്തിലാണ് വേതന നിരക്ക് പോകുന്നത്. എന്നാല്‍, ബഹ്റൈനില്‍ വേതന നിരക്ക്  2016ലെ തോതായ 4.8ല്‍നിന്നും 4.7 ലേക്ക് വരുമെന്നാണ് നിഗമനം. എങ്കിലും മേഖലയില്‍  ശമ്പള വര്‍ധന പ്രതീക്ഷിക്കുന്ന രാജ്യങ്ങളില്‍ ബഹ്റൈന് മൂന്നാംസ്ഥാനമുണ്ട്. 
യു.എ.ഇയിലും ഒമാനിലും 4.6 ശതമാനം ശമ്പള വര്‍ധനയാണ് എഒഎന്‍ പ്രതീക്ഷിക്കുന്നത്.  നിലവില്‍ ഒമാനില്‍ 4.2 ശതമാനവും യു.എ.ഇയില്‍ 4.4 ശതമാനവുമാണ് വേതന വര്‍ധന നിരക്ക്. 2017-ഓടെ ജി.സി.യിലാകമാനം ശരാശരി 4.7 ശതമാനത്തിന്‍െറ ശമ്പള വര്‍ധനയാണ് സര്‍വേ ഫലം കണക്കാക്കുന്നത്. വരും വര്‍ഷങ്ങളില്‍ മൊത്ത ആഭ്യന്തര ഉല്‍പാദന വളര്‍ച്ച ശക്തിപ്രാപിക്കുമെന്ന പ്രതീക്ഷയിലാണ് ഈ നിഗമനം. ഈ വര്‍ഷം അഞ്ച് ശതമാനം വേതന വളര്‍ച്ചയായിരുന്നു എ.ഒ.എന്‍ പ്രവചിച്ചിരുന്നതെങ്കിലും 4.3 ശതമാനമെന്ന നിരക്കിലാണ് വേതന വര്‍ധന തോത് നിലനില്‍ക്കുന്നത്. എണ്ണയേതര വരുമാനം ലക്ഷ്യമിട്ടുള്ള സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതികളുടെ ഭാഗമായി പണപ്പെരുപ്പണ നിയന്ത്രണവും, നികുതിയിലുള്ള വരുമാനങ്ങളുമായി ജി.സി.സി രാജ്യങ്ങളുടെ വരുമാനം വര്‍ധിക്കുമെന്നും ഇതോടെ ശമ്പളനിരക്കിലും വര്‍ധനയുണ്ടാകുമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. എണ്ണവില താഴേക്കുപോയതോടെ  ചെലവുചുരുക്കലുകളുണ്ടായെങ്കിലും ശമ്പളം ഉയര്‍ത്താന്‍ പല കമ്പനികളും തയാറായാതായും അടുത്ത വര്‍ഷവും ഈ പ്രവണത നിലനില്‍ക്കുമെന്നും പറയുന്നു. എണ്ണവിലയില്‍ കാര്യമായ വര്‍ധന പ്രതീക്ഷിക്കുന്നില്ളെങ്കിലും എണ്ണയേതര വരുമാനം വര്‍ധിപ്പിച്ച് ജി.സി.സിയിലെ സാമ്പത്തികരംഗം കരുത്താര്‍ജിക്കുമെന്ന് എഒഎന്‍ മിഡില്‍ ഈസ്റ്റ് സര്‍വേ മാനേജര്‍ റോബര്‍ട്ട് റിച്ചര്‍ പറഞ്ഞു. 
ഫാര്‍മസ്യൂട്ടിക്കല്‍സ്, മീഡിയ, ഫുഡ് ആന്‍റ് ബിവറേജ് വ്യവസായങ്ങള്‍ എന്നീ മേഖലകളിലാണ് 2016ല്‍ ശമ്പള വര്‍ധന കാര്യമായിട്ടുണ്ടായതെങ്കിലും ഏറ്റവും കുറവ് പ്രകടമായത് ടെലികോം, നിര്‍മാണം, എണ്ണ-വാതക ഉല്‍പാദന മേഖലയിലാണ്. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.