യൂറോപ്യന്‍ യൂനിയനും ഖത്തറും തമ്മില്‍ കരാര്‍

ദോഹ: സാംസ്കാരിക സഹകരണം ശക്തിപ്പെടുത്തുന്നതിനായി യൂറോപ്യന്‍ യൂനിയന്‍ അംഗരാജ്യങ്ങളും ഖത്തറും തമ്മില്‍ കരാര്‍ ഒപ്പുവെച്ചു. യൂറോപ്യന്‍ യൂനിയന്‍ സാംസ്കാരിക ദേശീയ പഠന കേന്ദ്രത്തിന്‍െറ (യുനിക്) യൂനിറ്റ് ഖത്തറില്‍ സ്ഥാപിക്കാനും കരാറില്‍ തീരുമാനമായി. ഖത്തറിലെ ആസ്ട്രിയ, ബെല്‍ജിയം, ബള്‍ഗേറിയ, ക്രൊയേഷ്യ, സൈപ്രസ്, ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ്, ഹംഗറി, ഇറ്റലി, പോളണ്ട്, പോര്‍ച്ചുഗല്‍, റുമാനിയ, സ്പെയിന്‍, സ്വീഡന്‍, നെതര്‍ലാന്‍റ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും ബ്രീട്ടീഷ് കൗണ്‍സില്‍, ഫ്രഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവരുമായാണ് കരാര്‍ ഒപ്പിട്ടത്. യൂറോപ്യന്‍ യൂനിയന്‍ നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് കള്‍ച്ചര്‍ ക്ളസ്റ്ററിനാണ് (യുനിക്) ഇതോടെ തുടക്കമായത്. ജി.സി.സി രാജ്യങ്ങളില്‍ ഇത് ആദ്യമായി ഖത്തറിലാണ് രൂപവല്‍കരിക്കപ്പെടുന്നത്. യൂറോപ്യന്‍ യൂനിയനും ഖത്തറുമായി സാംസ്കാരിക ബന്ധം വിപുലീകരിക്കുന്നതിനും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് കരാര്‍. ഇതുസംബന്ധിച്ച ധാരണ പത്രത്തില്‍ അംഗങ്ങളെല്ലാം ഒപ്പുവെച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂനിയനിലെ അംഗരാജ്യങ്ങളും ഖത്തറും തമ്മിലുള്ള സാംസ്കാരിക ബന്ധം അഭിവൃദ്ധിപ്പെടുത്തുന്നതോടൊപ്പം യൂറോപ്പിന്‍െറ സാംസ്കാരിക വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഖത്തറിലെ നെതര്‍ലാന്‍റ് എംബസിയിലാണ് കരാര്‍ ഒപ്പിടല്‍ ചടങ്ങ് നടന്നത്. ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും സാംസ്കാരിക കലാ വിഭാഗം ഡയറക്ടര്‍ ഫലഹ് അല്‍ അജ്ലാന്‍ അല്‍ ഹജ്രിയും ചടങ്ങില്‍ സംബന്ധിച്ചു.  
യൂറോപ്പിന്‍െറ ദേശീയ സംസ്കാര പഠനകേന്ദ്രങ്ങളുടെ ശൃംഖലയാണ് യൂനിക്. 150 രാജ്യങ്ങളില്‍ ഇതിന്‍െറ കാര്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യൂറോപ്യന്‍ യൂനിയനിലെ 28 രാജ്യങ്ങളും ഇതില്‍ അംഗമാണ്. കല, ഭാഷ, യുവത്വം, വിദ്യാഭ്യാസം, ശാസ്ത്രം, സമൂഹം, വിവിധ വിഭാഗങ്ങള്‍ക്കിടയിലെ സാംസ്കാരിക കൈമാറ്റം എന്നിവയ്ക്കായാണ് യൂനിക് അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. യൂറോപ്പിന് അകത്തും പുറത്തും സാസ്കാരിക കൈമാറ്റം നടത്താന്‍  യൂനിക് വിവിധ ക്ളസ്റ്ററുകളായാണ് പ്രവര്‍ത്തിക്കുന്നത്. വിവിധ പദ്ധതികളും വികസന പ്രവര്‍ത്തനങ്ങളും നടത്തുന്നത് ഈ ക്ളസ്റ്ററുകളെ യോജിപ്പിച്ചാണ്.
ബ്രസല്‍സിലെ ആസ്ഥാന കാര്യാലയമാണ് യൂനികിന്‍െറ ലോകത്തെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ കോ ഓഡിനേറ്റ് ചെയ്യുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.