വുഖൂദ് ലോഹ സിലിണ്ടറുകള്‍ ഘട്ടംഘട്ടമായി ഒഴിവാക്കും

ദോഹ: അടുത്ത വര്‍ഷത്തോടെ ഇരുമ്പ് ഗ്യാസ് സിലിണ്ടറുകള്‍ ഒഴിവാക്കി, പ്ളാസ്റ്റികിലുള്ള ശഫാഫ് സിലിണ്ടറുകള്‍ വ്യാപകമാക്കാന്‍ രാജ്യത്തെ പൊതുമേഖല ഇന്ധന വിതരണക്കാരായ വുഖൂദിന്‍െറ തീരുമാനം. അടുത്ത വര്‍ഷം പകുതിയോടെ ഇരുമ്പ് സിലിണ്ടറുകള്‍ ഘട്ടംഘട്ടമായി വിപണിയില്‍ നിന്ന് പിന്‍വലിക്കുമെന്ന് വുഖൂദ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ഇബ്രാഹീം ജഹാം അല്‍ കുവാരി പറഞ്ഞു. ശഫാഫ് സിലിണ്ടറുകള്‍ വ്യാപകമാക്കാനുള്ള സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം ഫാതിമ അഹമ്മദ് അല്‍ കുവൈരിയുടെ നിര്‍ദേശത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മൂന്ന് വര്‍ഷമായി വുഖൂദ് ഇരുമ്പ് സിലിണ്ടറുകള്‍ മാറ്റാനുള്ള നടപടികള്‍ തുടങ്ങിയിട്ട്. ഇതുവരെ വിപണിയിലുള്ളതിന്‍െറ മൂന്നിലൊന്ന് സിലിണ്ടറുകള്‍ പിന്‍വലിച്ചിട്ടുണ്ട്. ശഫാഫ് സിലിണ്ടര്‍ ഉപയോഗിക്കുന്നതിന്‍െറ ഗുണങ്ങള്‍ വിശദീകരിച്ച് വുഖൂദ് നടത്തിയ കാമ്പയിന്‍െറ ഫലമായി ആളുകള്‍ ശഫാഫിലേക്ക് മാറുന്നുണ്ട്. മെറ്റല്‍ സിലിണ്ടറിനേക്കാള്‍ സുരക്ഷിതമാണെന്നതാണ് ശഫാഫ് കൂടുതല്‍ ആകര്‍ഷകമാകാന്‍ കാരണം. കനം കുറവയതിനാല്‍ സിലിണ്ടറുകള്‍ കൈകാര്യം ചെയ്യാനും എളുപ്പമാണ്. ഗ്യസ് നിറക്കാത്ത ശഫാഫ് സിലിണ്ടറുകളുടെ ഭാരം അഞ്ച് കിലോഗ്രാം ആണ്. ഇരുമ്പ് സിലിണ്ടറുകളുടേത് ഇത് 12 കിലോ ആണ്. 12 കിലോയുടെയും ആറ് കിലോഗ്രാമിന്‍െറയും ശഫാഫ് സിലിണ്ടറുകള്‍ വിപണിയിലുണ്ട്. 12 കിലോ സിലിണ്ടറുകളുടെ വില്‍പനയില്‍ കഴിഞ്ഞ വര്‍ഷം 44 ശതമാനം വര്‍ധനയാണുണ്ടായത്. ഇത്തരം 19 ലക്ഷം സിലിണ്ടറുകളാണ് കഴിഞ്ഞ വര്‍ഷം വിറ്റുപോയത്. ആറ് കിലോ സിലിണ്ടറുകള്‍ 45,000 എണ്ണവും വിറ്റു. 2014 ല്‍ ഇത് 37,000 ആയിരുന്നു. 21.6 ശതമാനത്തിന്‍െറ വര്‍ധനവാണുണ്ടായത്.
ശഫാഫ് സിലിണ്ടറുകളുടെ ഉപയോഗം പ്രോല്‍സാഹിപ്പിക്കാന്‍ ഇത് വാങ്ങുന്നവര്‍ക്ക് വുഖൂദ് 100 റിയാലിന്‍െറ ഇളവ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് ഒന്ന് മുതല്‍ മെയ് 31 വരെയായിരുന്നു ഇരുമ്പ് സിലിണ്ടറുകള്‍ മാറ്റിയെടുക്കുന്നവര്‍ക്ക് ഈ ഇളവ് ലഭ്യമായത്. കഴിഞ്ഞ വര്‍ഷം രാജ്യത്തെ വിപണിയില്‍ ആറ് ലക്ഷം ഇരുമ്പ് സിലിണ്ടറുകളുടെ സ്ഥാനത്ത് ശഫാഫ് സിലണ്ടറുകളുടെ എണ്ണം 150,000 മാത്രമാണുണ്ടായിരുന്നത്. 2010 മുതലാണ് വുഖൂദ് ശഫാഫ് സിലിണ്ടറുകള്‍ പുറത്തിറക്കിയത്. ഇതുവരെ സിലിണ്ടറുകളില്‍ ചോര്‍ച്ചയുണ്ടായതായോ പൊട്ടിത്തെറിച്ചതായോ പരാതി ഉണ്ടായിട്ടില്ല. സിലിണ്ടറിലെ ഗ്യാസിന്‍െറ അളവ് ഉപഭോക്താവിന് കൃത്യമായി മനസിലാക്കാനും കഴിയും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.