ഹോമിയോ, ആയുര്‍വേദ ചികിത്സ: അനുമതിക്ക് ലൈസന്‍സുള്ള  സ്ഥാപനങ്ങള്‍ വഴി അപേക്ഷിക്കണം

ദോഹ: ഖത്തറില്‍ പുതുതായി അംഗീകാരം നല്‍കിയ ആയുര്‍വേദം ഉള്‍പ്പെടെയുള്ള അഞ്ച് പുതിയ ചികിത്സ രീതികളില്‍ സേവനം നടത്താനുളള ലൈസന്‍സിന് ഓണ്‍ലൈനായി അപേക്ഷിക്കണമെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. ലൈസന്‍സിനായി അപേക്ഷിക്കുന്നവര്‍, ഇത്തരം സേവനങ്ങള്‍ നല്‍കാന്‍ അംഗീകാരവും ലൈസന്‍സുമുള്ള സ്ഥാപനങ്ങള്‍ വഴി വേണം അപേക്ഷ സമര്‍പ്പിക്കാന്‍. ആരോഗ്യ മേഖലയില്‍ ലൈസന്‍സ് അനുവദിക്കുന്ന ഖത്തര്‍ കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത് കെയര്‍ പ്രാക്ടീഷനേഴ്സിന്‍െറ വെബ്സൈറ്റില്‍ രജിസ്ട്രേഷനുളള സംവിധനം ഒരുക്കിയതായും അധികൃതര്‍ വ്യക്തമാക്കി.  യോഗ്യരായവരില്‍ നിന്ന് ഓണ്‍ലൈന്‍ വഴിയുള്ള രജിസ്ട്രേഷന് നേരത്തെ അപേക്ഷ ക്ഷണിച്ചിരുന്നു. ആയുര്‍വേദം, ഹോമിയോപ്പതി, ഹിജാമ, ചിറോപ്രാക്ടിക്, അക്യുപങ്ചര്‍ തുടങ്ങിയ അഞ്ച് പരമ്പരാഗത ചികിത്സ രീതികള്‍ക്കാണ് ഖത്തര്‍ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയത്. കോപ്ളിമെന്‍ററി മെഡിസിന്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തിയാണ് ഇവക്ക് അനുമതി നല്‍കിയത്. വളരെ കുറച്ച് പേര്‍ മാത്രമാണ് ലൈസന്‍സിനായി ഇതുവരെ അപേക്ഷ നല്‍കിയതെന്നും എന്നാല്‍ ഇതു സംബന്ധമായ നിരവധി അന്വേഷണങ്ങള്‍ ലഭിക്കുന്നതായും ക്യു.സി.എച്ച്.പി ആക്ടിങ് സി.ഇ.ഒ ഡോ. സമീര്‍ അബുല്‍ സഅദ് പറഞ്ഞു. 
നിലവില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍, ക്ളിനിക്കുകള്‍ എന്നിവ മുഖേന മാത്രമെ ഒരാള്‍ക്ക് ലൈസന്‍സിനായി അപേക്ഷിക്കാന്‍ സാധിക്കുകയുളളൂ. എന്നാല്‍ ഇത്തരം സ്ഥാപനങ്ങള്‍ പുതിയ ചികിത്സ രീതികള്‍ ആരംഭിക്കാനുളള ലൈസന്‍സ് ആദ്യം നേടിയിരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. അതെസമയം പുതുതായി അനുവദിച്ച ചികിത്സ രീതികള്‍ക്ക് മാത്രമായി ആശുപത്രികളും ക്ളിനിക്കുകളും ആരംഭിക്കാമെന്നും എന്നാല്‍ അതിന് അനുമതി ലഭിച്ചതിന് ശേഷം മാത്രമെ പ്രാക്ടീസ് ചെയ്യാനുളള വ്യക്തിഗത ലൈസന്‍സ് അനുവദിക്കുകയുളളൂവെന്നും ഡോ. സമീര്‍ വ്യക്തമാക്കി. അതെസമയം രാജ്യത്തെ പ്രധാന ആശുപത്രികളൊന്നും പുതിയ ചികിത്സ രീതികള്‍ക്കായുളള ലൈസന്‍സിന് ശ്രമം നടത്തിയിട്ടില്ളെന്നാണറിയുന്നത്. ഇത്തരമൊരു ആലോചന പോലും നടത്തിയിട്ടില്ളെന്ന് ഖത്തറിലെ ഒരു പ്രമുഖ ആരോഗ്യ ഗ്രൂപ്പ് മേധാവി പ്രദേശിക പത്രത്തോട് പ്രതികരിച്ചു. 
ഇത്തരം സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് ലഭിച്ചാല്‍ തന്നെ അത് ആരംഭിക്കാന്‍ ഏറെ സമയമെടുക്കും. ഈ ചികിത്സ രീതികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ക്ക് ഖത്തര്‍ ഡ്രഗ് കണ്‍ട്രോള്‍ ബോര്‍ഡിന്‍െറ അനുമതി ലഭിക്കേണ്ടതുണ്ട്. ഈ അനുമതി ലഭിച്ചാല്‍ മാത്രമെ മരുന്ന് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാന്‍ സാധിക്കുകയുളളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ചുരുക്കത്തില്‍ പുതിയ അഞ്ച് ചികിത്സ രീതികള്‍ക്ക് അനുമതി ലഭിച്ചെങ്കിലും ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷമേ അത് പ്രയോഗികമാവൂ എന്നാണ് വിലയിരുത്തപ്പെടുന്നത്.
കോംപ്ളിമെന്‍ററി മെഡിസിന്‍ ക്ളിനിക്കുകള്‍ തുടങ്ങാന്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പൊതു ആരോഗ്യമന്ത്രാലയത്തിന്‍െറ ഫെസിലിറ്റീസ് ഡിപ്പാര്‍ട്ട്മെന്‍റില്‍നിന്നും അറിയാവുന്നതാണ്. ക്ളിനിക്കുകള്‍ക്ക് തുടങ്ങുന്ന ആശുപത്രികള്‍ ആദ്യം ഈ സ്ഥാപനം സന്ദര്‍ശിക്കുകയും മാനദണ്ഡങ്ങള്‍ മനസ്സിലാക്കുകയുമാണ് വേണ്ടതെന്ന് ഡോ. സമര്‍ പറഞ്ഞു. ബദല്‍ ചികിത്സ നടത്താനായി സ്വതന്ത്രമായുള്ള ക്ളിനിക്കുകള്‍ സ്ഥാപിക്കാം. എന്നാല്‍, ആദ്യം ക്ളിനിക്കിനുള്ള ലൈസന്‍സ് തരപ്പെടുത്തിയാല്‍ മാത്രമേ ഇതോടനുബന്ധിച്ച് പ്രാക്ടീസ് നടത്താനുള്ള ലൈസന്‍സ് ലഭിക്കുകയുള്ളൂവെന്നുമാണ് ചട്ടം. അലോപ്പതി ചികിത്സ കേന്ദ്രങ്ങളോടനുബന്ധിച്ച് ബദല്‍ ചികിത്സക്ക് സൗകര്യമൊരുക്കുന്നതില്‍ താല്‍പര്യം പ്രകടിപ്പിക്കാത്ത അവസ്ഥ വന്നാല്‍ ലൈസന്‍സ് നടപടികള്‍ വൈകുമെന്നും ഈ രംഗത്തുള്ളവര്‍ പറയുന്നു. പ്രാക്ടീസ് ചെയ്യാനുള്ള ആശുപത്രി തുടങ്ങുന്നവര്‍ക്ക് ഈ മേഖലയിലെ ബിരുദവും ആവശ്യമാണ്. ബദല്‍ ചികിത്സക്കായി ആശുപത്രികള്‍ സന്ദര്‍ശിക്കുന്ന രോഗികള്‍ക്ക് മരുന്നുകളും ഇതേ ആശുപത്രികളില്‍നിന്ന് നല്‍കേണ്ടി വരും. ഈ മരുന്നുകള്‍ക്ക് ഖത്തര്‍ ഫാര്‍മസി ആന്‍റ് ഡ്രഗ് കണ്‍ട്രോള്‍ വിഭാഗത്തിന്‍െറ രജിസ്ട്രേഷന്‍ ആവശ്യമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.