വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികളെ നിരീക്ഷിക്കാന്‍ സമിതി

ദോഹ: വീട്ടുജോലിക്കാരെ നിയമിക്കുന്ന ലേബര്‍ റിക്രൂട്ട്മെന്‍റ് ഓഫീസുകളെ നിരീക്ഷിക്കുന്നതിന്  തൊഴില്‍ മന്ത്രാലയം കമ്മിറ്റി രൂപവല്‍കരിക്കുന്നു. 
റിക്രൂട്ട്മെന്‍റ് ഓഫസുകളുടെ വര്‍ഗീകരണം, തൊഴിലാളികളെ വേഗത്തില്‍ റിക്രൂട്ട് ചെയ്യുന്നതിനുള്ള സംവിധാനമുണ്ടാക്കല്‍, റിക്രൂട്ട്മെന്‍റ് ചെലവ് കുറക്കല്‍, തൊഴിലാളികളുടെ പ്രബേഷനറി കാലാവധി ദീര്‍ഘിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളാണ് കമ്മിറ്റിക്ക് കീഴില്‍ വരുന്നത്. റിക്രൂട്ട്മെന്‍റ് ഓഫീസ് അധികൃതരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് കമ്മിറ്റി രൂപവല്‍കരിക്കാന്‍ തീരുമാനമെടുത്തത്. വീട്ടുജോലിക്കാരെ ലഭിക്കുന്നതിലെ കാലതാമസത്തെക്കുറിച്ചും ഏജന്‍സികള്‍ ഈടാക്കുന്ന ഉയര്‍ന്ന ഫീസിനെക്കുറിച്ചും പൗരന്മാര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ആശങ്ക പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് നടപടി.  
ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയം, ഖത്തര്‍ ചേംബര്‍, മാന്‍പവര്‍ ഏജന്‍സി എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളായിരിക്കും പാനലിലെ അംഗങ്ങള്‍. 
സ്വദേശികള്‍ക്കും വിദേശികള്‍ക്കും സമഗ്രമായ സേവനം ലഭ്യമാക്കണമെന്ന പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയുടെ നിര്‍ദേശത്തത്തെുടര്‍ന്ന് വീട്ടുവേലക്കാരികളുടെ റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഖത്തര്‍ ചേംബര്‍ ആസ്ഥാനത്ത് കഴിഞ്ഞ ദിവസം പ്രത്യേകം യോഗം ചേര്‍ന്നു. 
വികസനാസൂത്രണ തൊഴില്‍ സാമൂഹികകാര്യ മന്ത്രി ഡോ. ഈസ ബിന്‍ സഅദ് അല്‍ജാഫലി അല്‍നഈമി, ഖത്തര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ചെയര്‍മാന്‍ ശൈഖ് ഖലീഫ ബിന്‍ ജാസിം ബിന്‍ മുഹമ്മദ് ആല്‍ഥാനി, ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജനറല്‍ അതോറിറ്റി ഫോര്‍ നാഷണാലിറ്റി, ബോര്‍ഡര്‍ ആന്‍റ് എക്സ്പാട്രിയേറ്റ്സ് അഫയേഴ്സ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അഹമ്മദ് അല്‍ അതീഖ്, ലേബര്‍ റിക്രൂട്ട്മെന്‍റ് ഓഫീസ് ഡയറക്ടര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.