ഗാര്‍ഹിക ജോലിക്കാരുടെ തൊഴില്‍ക്ഷേമം: നിയമനിര്‍മാണം നടത്താന്‍ ശിപാര്‍ശ

ദോഹ: ഗാര്‍ഹിക ജോലിക്കാരുടെ തൊഴില്‍ക്ഷേമം ലക്ഷ്യമിട്ട് നിയമനിര്‍മാണം നടത്താനും ഭിന്ന ശേഷിക്കാരായ പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നിയമം കൊണ്ടുവരാനും ദേശീയ മനുഷ്യാവകാശ സമിതി (എന്‍.എച്ച്.ആര്‍.സി) നിര്‍ദേശിച്ചു.
എന്‍.എച്ച്.ആര്‍.സിയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധമായ ശിപാര്‍ശകളുള്ളത്. ഗാര്‍ഹിക പീഡനത്തില്‍നിന്നുള്ള സംരക്ഷണം, നിലവിലെ കുടുംബ നിയമങ്ങളുടെ പരിഷ്കരണം, കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക തുടങ്ങി വിവിധ നിയമനിര്‍മാണങ്ങള്‍ക്കും നിര്‍ദേശമുണ്ട്. രാജ്യത്തെ ഗാര്‍ഹിക ജോലിക്കാര്‍ നിലവിലെ ഖത്തര്‍ തൊഴില്‍ നിയമത്തിന്‍െറ പരിധിയില്‍ ഉള്‍പ്പെടുന്നില്ല.
തര്‍ക്കങ്ങള്‍ക്ക് കോടതിക്കു പുറത്ത് പരിഹാരം കാണുന്ന  നടപടികള്‍ പ്രോല്‍സാഹിപ്പിക്കാനും പൗരന്മാരുടെ നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നതായി പ്രമുഖ പ്രാദേശിക അറബി പത്രം റിപ്പോര്‍ട്ട് ചെയ്തു. ജോലിക്കാരെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന കേന്ദ്രങ്ങള്‍ പരിശോധിക്കുകയും, മുന്‍ കരുതലെന്നോണം തടവിലിടുന്ന അവസ്ഥ കുറക്കുകയും, കൂടുതല്‍ കരുതലലോടെ ഇത്തരം നടപടികള്‍ കൈകൊള്ളുകയും വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അടിസ്ഥാന സൗകര്യങ്ങളും പൊതുസേവന കേന്ദ്രങ്ങളും ഒരുക്കിയതിനുശേഷമേ  പൗരന്മാര്‍ക്ക് നല്‍കാനായി നീക്കിവെച്ച ഭൂമി നല്‍കാവൂ. ഇത്തരം കാര്യങ്ങള്‍ക്കായുള്ള കാത്തിരിപ്പ് കുറയ്ക്കണമെന്നും മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയത്തോട് എന്‍.എച്ച്.ആര്‍.സി നിര്‍ദേശിച്ചിട്ടുണ്ട്. ജനങ്ങളില്‍നിന്നും പരാതികള്‍ സ്വീകരിക്കാനായി പ്രധാന കോടതി പരിസരങ്ങളില്‍ എന്‍.എച്ച്.ആര്‍.സി ഓഫീസുകള്‍ തുറക്കേണ്ടതുണ്ട്.
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി കോടതി ജീവനക്കാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കണം. തൊഴിലാളികളുടെ വേതന സംരക്ഷണ നിയമം നടപ്പിലാക്കിയതോടെ ഈ മേഖലയില്‍ പുരോഗതി കൈവരിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പുതിയ കഫാല നിയമം പ്രാവര്‍ത്തികമാകുന്നതോടെ വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും എന്‍.എച്ച്.ആര്‍.സി റിപ്പോര്‍ട്ടില്‍ പറയുന്നു.
സര്‍ക്കാറിന്‍െറ വിവിധ വിഭാഗങ്ങള്‍ നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികളില്‍ സഹകരിക്കേണ്ടതുണ്ടെന്നും എന്‍.എച്ച്.ആര്‍.സി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.