അല്‍ മന്‍സൂറ സ്ട്രീറ്റിലെ ഗതാഗത നിയന്ത്രണം നാളെ മുതല്‍

ദോഹ: എയര്‍പോര്‍ട്ട് റോഡ് ജംങ്ഷനും (അല്‍ മതാര്‍ സ്ട്രീറ്റ്) അല്‍ മന്‍സൂറ സ്ട്രീറ്റും നാളെ മുതല്‍ ആറാഴ്ചത്തേക്ക് താല്‍കാലികമായി അടച്ചിടും. ഇവിടങ്ങളിലുള്ള ഭൂഗര്‍ഭ മലിനജല പൈപ്പുകള്‍ മാറ്റിസ്ഥാപിക്കുന്നതിനാലാണ് ഘട്ടംഘട്ടമായുള്ള അടച്ചിടല്‍. നജ്മയിലേക്കും എയര്‍പോര്‍ട്ട് റോഡിലേക്കുമുള്ള വാഹനഗതാഗതത്തെ ഇത് സാരമായി ബാധിക്കും. എയര്‍പോര്‍ട്ട് റോഡില്‍ മൂന്നാഴ്ചയും അല്‍ മന്‍സൂറ സ്ട്രീറ്റില്‍ ആറാഴ്ചയുമാണ് ഗതാഗത നിയന്ത്രണമെന്ന് അശ്ഗാല്‍ പ്രസ്താവനയില്‍ അറിയിച്ചു. 
അല്‍ മന്‍സൂറ സ്ട്രീറ്റില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്കുള്ള വഴിയില്‍ ഇടത്തേക്കുള്ള റോഡ് അടച്ചിടും. ഇവിടെ നിന്ന് വാഹനങ്ങള്‍ നജ്മ സ്ട്രീറ്റിലേക്ക് വലതുവശത്തേക്കുള്ള റോഡ് (ടൊയോട്ട സിഗ്നല്‍) വഴി വേണം പോകാന്‍.  ശേഷം, എയര്‍പോര്‍ട്ട് റോഡില്‍നിന്നും യു ടേണ്‍ എടുത്ത് തിരിയണം. 
മന്‍സൂറയിലേക്കുള്ള് എയര്‍പോര്‍ട്ട് റോഡിന്‍െറ ഇടതുവശത്തുള്ള റോഡ് അടക്കുകയും അല്‍ ദോഹ അല്‍ ജദീദ് ഇന്‍റര്‍ സെക്ഷനില്‍ (ക്രേസി സിഗ്നല്‍) വാഹനം തിരിയുകയും വേണം. ഇവിടെയുള്ള മൂന്നുവരി റോഡ് രണ്ടാക്കി ചുരുക്കിയാണ് ഗതാഗതം നിയന്ത്രിക്കുക. 
പാര്‍പ്പിടങ്ങളും വ്യാപാരസ്ഥാപനങ്ങളും വര്‍ധിച്ചെങ്കിലും  ഇവിടെ അഴുക്കുചാല്‍ ശൃംഖലകള്‍ വികസിപ്പിച്ചിരുന്നില്ല. 
മലിനജല പൈപ്പുകളിലെ തടസങ്ങള്‍ പതിവായതോടെയാണ് പുതിയവ മാറ്റിസ്ഥാപിക്കാന്‍ അശ്ഗാല്‍ തീരുമാനിച്ചത്. 
പുതിയ പദ്ധതിയില്‍ 20 കിലോമീറ്റര്‍ പൈപ്പ്ലൈന്‍ മാറ്റിസ്ഥാപിക്കുകയും അഞ്ഞൂറോളം മാന്‍ഹോളുകള്‍ നിര്‍മിക്കുകയും ചെയ്യും. കൂടാതെ വീടുകളും വ്യാപാരസ്ഥാപനങ്ങളുമായി ആയിരം പേരെ പുതിയ ശൃംഖലയുമായി ബന്ധിപ്പിക്കും. തെക്കന്‍ ദോഹയെയും (ബി-റിങ് നോര്‍ത്ത്) സി-റിങ് റോഡ് സൗത്ത്, നജ്മ സ്ട്രീറ്റ്-വെസ്റ്റ് എന്നീ ഭാഗങ്ങളിലെ അഴുക്കുവെള്ള ശൃംഖലകളെയും ഇവയുമായി  ബന്ധപ്പെടുത്തും. 
50 വര്‍ഷത്തേക്കെങ്കിലും ഗുണകരമാകുന്ന സംവിധാനമാണ് അശ്ഗാല്‍ ഈ പദ്ധതി വഴി നടപ്പാക്കുന്നത്. കൂടുതല്‍ കാര്യക്ഷമവും പ്രകൃതിസൗഹൃദവും പുകകുറഞ്ഞതുമായ പമ്പിങ് സ്റ്റേഷനാണ് ഇതോടനുബന്ധിച്ച് സ്ഥാപിക്കുക. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.