റാസ് ഗ്യാസ് ഖത്തര്‍ ഗ്യാസില്‍ ലയിച്ചു

ദോഹ: പ്രകൃതവാതക ഉല്‍പ്പാദന രംഗത്ത് ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയായ റാസ്ഗ്യാസും ഖത്തര്‍ ഗ്യാസ് ഓപ്പറേറ്റിംഗ് കമ്പനിയും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഖത്തറിലെ എണ്ണ, പ്രകൃതി വാതക കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഖത്തര്‍ പെട്രോളിയും പ്രസിഡന്‍റും സി.ഇ.ഒയുമായ സഅദ് ശരീദ അല്‍ കഅബി ഖത്തര്‍ പെട്രോളിയം ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്  ലയനനീക്കം പ്രഖ്യാപിച്ചത്.  റാസ് ഗ്യാസുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഇനി മുതല്‍ ഖത്തര്‍ ഗ്യാസിന് കീഴിലായിരിക്കും നടക്കുക. രണ്ട് കമ്പനിക്ക് പകരം ഇനി മുതല്‍ ഒരു കമ്പനി മാത്രമേ ഉണ്ടാവുകയുള്ളൂ. പ്രകൃതി വാതക മേഖലയില്‍ ഖത്തര്‍ നിലനിര്‍ത്തി പോരുന്ന പ്രമുഖ സ്ഥാനം തുടര്‍ന്നും നിലനിര്‍ത്തുന്നതിനും പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ലയനം ഗുണം ചെയ്യുമെന്നും സഅദ് ശരീദ അല്‍ കഅബി വ്യക്തമാക്കി.  കഴിഞ്ഞ കുറച്ച് മാസങ്ങളായുള്ള ഇരു കമ്പനികളുടെയും ചര്‍ച്ചയിലാണ്, ഒരു കുടക്കീഴില്‍ അണിനിരക്കുക എന്ന  തീരുമാനം ഉണ്ടായത്.  ഇരു കമ്പനികള്‍ ഒന്നായിട്ടുണ്ടെങ്കിലും ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കില്ളെന്നും അദ്ദേഹം വ്യക്തമാക്കി. ഇരു കമ്പനികളും ഒന്നാകുന്നതോടെ വലിയ തോതില്‍ കമ്പനിയുടെ പ്രവര്‍ത്തനം വിപുലപ്പെടും. രാജ്യത്തിന്‍െറ വികസനത്തിനനുസരിച്ചുള്ള നിര്‍മാണവും കയറ്റുമതിയും കൂടുതല്‍ മെച്ചപ്പെടുത്താന്‍ പുതിയ സംവിധാനം നടപ്പിലാകുന്നതോടെ സാധിക്കുമെന്നും സഅദ് അല്‍കഅബി അഭിപ്രായപ്പെട്ടു. ഇരു കമ്പനികള്‍ ഒന്നാകുന്നതോടെ നൂറ്കണക്കിന് ദശലക്ഷം ഡോളര്‍  വര്‍ഷത്തില്‍ ലാഭിക്കാന്‍ കഴിയും. എന്നാല്‍ നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും  ഇതിലൂടെ സാധിക്കും. ചെലവ് ചുരുക്കി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യം ഇതിന് പിന്നിലുണ്ടെന്നും മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഉല്‍പാദക രാജ്യമാവുകയെന്നതാണ് രാജ്യത്തിന്‍്റെ ലക്ഷ്യം. അതിനുള്ള ശ്രമമാണ് നടക്കുന്നത്. ഇരു കമ്പനികള്‍ ഒന്നാകുന്നതോടെ നിലവിലെ ജീവനക്കാര്‍ ഖത്തര്‍ ഗ്യാസ് എന്ന ഒറ്റ കമ്പനിയുടെ കീഴിലേക്ക് വരും. 1984 ലാണ് പ്രകൃതി വാതക മേഖലയില്‍ ചുവട് വെച്ച് കൊണ്ട് ഖത്തര്‍ ഗ്യാസ് നിലവില്‍ വരുന്നത്. 
രാജ്യാന്തര തലത്തില്‍ പിന്നീട് ഏറ്റവും അധികം പ്രകൃതി വാതകം ഉല്‍പാദിപ്പിക്കുന്ന കമ്പനികളിലൊന്നായി ഖത്തര്‍ ഗ്യാസ് മാറി.  പ്രതിവര്‍ഷം  42 ദശലക്ഷം ടണ്‍ ഗ്യാസ് ഖത്തര്‍ ആണ് ഉല്‍പാദിപ്പിക്കുന്നത്. 2001 ലാണ് റാസ് ഗ്യസ് നിലവില്‍ വരുന്നത്. വര്‍ഷത്തില്‍ 37 മില്യന്‍ ടണ്‍ പ്രകൃതി വാതകമാണ് റാസ് ഗ്യാസ് ഉത്പ്പാദിപ്പിക്കുന്നത്. 
ലയനം അറിയിച്ച വാര്‍ത്താസമ്മേളനത്തില്‍  കമ്പനികളുടെ പ്രതിനിധികള്‍, ഖത്തര്‍ ഗ്യാസ് കമ്പനീസ്, റാസ്ഗ്യാസ് എന്നിവയുടെ സി.ഇ.ഒ മാരും സംബന്ധിച്ചു.
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.