‘മെട്രാഷ് രണ്ട്’ വഴി ഡ്രൈവിങ് ലൈസന്‍സ് പുതുക്കാം

ദോഹ: ആഭ്യന്തര മന്ത്രാലയത്തിന്‍െറ വിവിധ സേവനങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി ലഭ്യമാക്കുന്ന ‘മെട്രാഷ് രണ്ട്’ വഴി ഇനി ഡ്രൈവിങ് ലൈസന്‍സ് പുതുക്കാം. ലൈസന്‍സ് പുതുക്കാനുള്ള ഫീസായ 250 റിയാലും ഓണ്‍ലൈന്‍ വഴി നല്‍കാവുന്നതാണ്. പുതുക്കിയ ലൈസന്‍സ് വിലാസക്കാരന്‍െറ സ്ഥലത്ത് എത്തിച്ചുതരാനായി 20 റിയാല്‍ കൂടി അധികം നല്‍കിയാല്‍ മതിയെന്ന് മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. കേടുപറ്റിയ ലൈസന്‍സ് മാറ്റിക്കിട്ടാനും മെട്രാഷ് രണ്ട് വഴി അപേക്ഷിക്കാം. 
ഇതിന് പുറമെ മന്ത്രാലയത്തിന്‍െറ സേവന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാതെ തന്നെ വിസ സംബന്ധമായ മൂന്ന് പ്രധാന സേവനങ്ങള്‍ക്കൂടി മെട്രാഷ് രണ്ട് വഴി ലഭ്യമാക്കുന്ന പദ്ധതിയും മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. 
വ്യക്തിഗത സ്പോണ്‍സര്‍ഷിപ്പിന് കീഴിലുള്ള വിദേശികള്‍ ആറ് മാസത്തിലധികം രാജ്യത്തിന് പുറത്ത് താമസിച്ച് തിരിച്ചുവരുമ്പോള്‍ റിട്ടേണ്‍ വിസക്കും മെട്രാഷ് രണ്ട് വഴിയോ ആഭ്യന്തര മന്ത്രാലയത്തിന്‍െറ പോര്‍ട്ടല്‍ വഴിയോ അപേക്ഷിക്കാം. പാസ്പോര്‍ട്ട് കേടുവരികയോ നഷ്ടപ്പെടുകയോ ചെയ്ത വിദേശികള്‍ക്ക് പാസ്പോര്‍ട്ട് സംബന്ധമായ വിവരങ്ങളില്‍ മാറ്റംവരുത്താനും പുതിയ സംവിധാനം വഴി സാധ്യമാകും. കാലാവധിയുള്ള വിസയുള്ളവര്‍ക്കാണ് ഇങ്ങനെ വിവരങ്ങള്‍ മാറ്റാനാകുക. 
രണ്ട് വിസയുള്ളവര്‍ക്ക് ഒരെണ്ണം ഒഴിവാക്കി ഒരെണ്ണം മാത്രമായി നിലനിര്‍ത്താനും ഇതു വഴി ലഭ്യമാകും. ഇതിനായി സര്‍വീസ് ചാര്‍ജ് ഈടാക്കുന്നുണ്ട്. 
കഴിഞ്ഞവര്‍ഷം ട്രാഫിക് നിയമലംഘനങ്ങള്‍ വരുത്തിയവര്‍ക്കുള്ള പിഴയില്‍ പ്രഖ്യാപിച്ച 50 ശതമാനം ഇളവിന്‍െറ ആനുകൂല്യം മൂന്നുമാസം കൂടി ദീര്‍ഘിപ്പിച്ചു.  ജൂലൈ ഏഴുവരെയാണ് പുതുക്കിയ തീയതി. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 31ന് മുമ്പായുള്ള എല്ലാ ഗതാഗത നിയമലംഘനങ്ങള്‍ക്കും ഈ ഇളവ് ബാധകമാണ്. 
ഈ വര്‍ഷം വരുത്തിയ ട്രാഫിക് നിയമലംഘനങ്ങള്‍ക്കും ഇളവ്  പ്രഖ്യാപിച്ചിട്ടുണ്ട്. 
ഈ വര്‍ഷം ട്രാഫിക് നിയമലംഘനങ്ങള്‍ വരുത്തിയവര്‍ ഒരു മാസത്തിനകം പിഴയടക്കുകയാണെങ്കില്‍ അമ്പത് ശതമാനം ഇളവുണ്ട്.  
എന്നാല്‍, ഭിന്ന ശേഷിയുള്ളവരുടെ പാര്‍ക്കിങ് സ്ഥലങ്ങളില്‍ വാഹനം നിര്‍ത്തിയിടുന്നതും വലതുവശത്തൂടെ മുന്നിലുള്ള വാഹനത്തെ മറികടക്കുന്നവര്‍ക്കും ഈ ഇളവ് ബാധകമല്ല. പിഴയടക്കാനും ശ്രദ്ധയോടെ വണ്ടിയോടിക്കാനുമുള്ള പ്രോത്സാഹനത്തിന്‍െറ ഭാഗമായാണിത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.