ദോഹ: ആഭ്യന്തരസംഘര്‍ഷം മൂലം സിറിയയില്‍ നാടുകടത്തപ്പെട്ടവര്‍ക്കും അഭയാര്‍ഥികള്‍ക്കുമായി ഖത്തര്‍ ചാരിറ്റി മൊബൈല്‍ ബേക്കറി പദ്ധതി ആരംഭിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ ആരംഭിച്ച പദ്ധതിയില്‍ ദിവസേന 38,400 റൊട്ടിയാണ് 2400 കുടുംബങ്ങള്‍ക്കായി മൊബൈല്‍ ബേക്കറി വഴി വിതരണം ചെയ്യുന്നത്.
സിറിയയുടെ പടിഞ്ഞാറ് ഭാഗത്തുള്ള അലപ്പോയിലാണ് ഖത്തര്‍ ചാരിറ്റി ഇത് നടപ്പാക്കിയിരിക്കുന്നത്. താമസസ്ഥലങ്ങളില്‍ നിന്നും എല്ലാം ഇട്ടെറിഞ്ഞ് പോന്നവര്‍ക്ക് വലിയൊരാശ്വാസമാകുകയാണിത്. ഖത്തറിലുള്ള ദാനശീലരുടെ അകമഴിഞ്ഞ പിന്തുണയാണ് ഇതിനുപിന്നിലെന്ന് ഖത്തര്‍ ചാരിറ്റി വ്യക്തമാക്കി. ദിവസേന നാല് ടണ്‍ പൊടിയാണ് റൊട്ടി നിര്‍മാണത്തിനായി ചെലവഴിക്കുന്നത്. 2400 കുടുംബങ്ങള്‍ക്കായി രണ്ടെണ്ണം വീതം 4800 പാക്കുകളാണ് വിതരണം ചെയ്യുന്നത്. അലപ്പോയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന ദരിദ്രരായ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് പ്രത്യേക വാഹനങ്ങളിലാണ് ആഹാരമത്തെിക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അലപ്പോയില്‍ നിന്ന് വിദൂര ദിക്കുകളില്‍ താമസിക്കുന്ന അഭയാര്‍ഥികള്‍ക്കും ഖത്തര്‍ ചാരിറ്റി ഈ സംവിധാനം വഴി ഭക്ഷ്യസാധനങ്ങള്‍ എത്തിച്ചിരുന്നു.
സിറിയയില്‍ തുടരുന്ന ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കിടയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കും കുടിയിറക്കപ്പെട്ടവര്‍ക്കും ആശ്വാസം നല്‍കുകയാണ് മൊബൈല്‍ ബേക്കറി നടപ്പാക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഖത്തര്‍ ചാരിറ്റി റിലീഫ് മാനേജ്മെന്‍റ് ഡയറക്ടര്‍ മുഹമ്മദ് അല്‍ കഅ്ബി പറഞ്ഞു. ദുരിതമനുഭവിക്കുന്ന നിരവധി ആളുകളിലേക്ക് ഈ സംവിധാനം എത്തിക്കാനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. സിറിയന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഖത്തറില്‍ നിന്നുള്ള ദാനശീലരോട് നന്ദി പറഞ്ഞ അദ്ദേഹം, തങ്ങളുടെ സഹോദരന്മാരെ തുടര്‍ന്നും സഹായിക്കാന്‍ അവരുണ്ടാകുമെന്നും പറഞ്ഞു. ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഖത്തരി യുവതയെ ഉള്‍ക്കൊള്ളിച്ച് മൊബൈല്‍ ബേക്കറിയെന്ന ആശയം ഖത്തര്‍ ചാരിറ്റി തന്നെ രൂപപ്പെടുത്തിയെടുത്തതാണ്. ഈ സംവിധാനം വഴി മറ്റു ബേക്കറികളുടെ മേലുള്ള സമ്മര്‍ദം കുറക്കാനും ഖത്തര്‍ ചാരിറ്റിക്കു സാധിക്കും.
അതേസമയം, അഭയാര്‍ഥികള്‍ക്ക് പാര്‍പ്പിടങ്ങളൊരുക്കുന്ന വാദി അല്‍ ദൈഫ് പദ്ധതിയുടെ ആദ്യഘട്ടം ഖത്തര്‍ ചാരിറ്റി പൂര്‍ത്തിയാക്കി. ഇതിലൂടെ 200 ഹൗസിങ് യൂണിറ്റുകള്‍ വിതരണം ചെയ്യാന്‍ ഖത്തര്‍ ചാരിറ്റിക്കായി. അടുത്ത ഘട്ടത്തിലും 200 ഹൗസിങ് യൂനിറ്റുകള്‍ നാലു മാസത്തിനകം നിര്‍മിച്ചു നല്‍കാനാണ് ഖത്തര്‍ ചാരിറ്റി പദ്ധതിയിട്ടിരിക്കുന്നത.് ഓരോ യൂനിറ്റിലും രണ്ട് റൂം, അടുക്കള, ബാത്റൂം എന്നിവയുണ്ടാകും. 2400 ആളുകളാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ പോകുന്നത്. മൊറോക്കോയിലുള്ള സിറിയന്‍ അഭയാര്‍ഥികള്‍ക്കും ഖത്തര്‍ ചാരിറ്റി വിവിധ ദുരിതാശ്വാസ സഹായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.