ദോഹ: മുസ്ലിംകളുടെ മൂന്നാമത്തെ വിശുദ്ധ ഗേഹമായ മസ്ജിദുല്‍ അഖ്സയിലേക്ക് അതിക്രമിച്ച് കയറിയ ഇസ്രായേല്‍ സേനയുടെ നടപടിയെ ഖത്തര്‍ കടുത്ത ഭാഷയില്‍ അപലപിച്ചു. മസ്ജിദുല്‍ അഖ്സയെ ജൂതന്‍മാര്‍ക്കും മുസ്ലിംകള്‍ക്കുമായി രണ്ട് സമയത്തേക്ക് വിഭജിച്ച ഇസ്രായേല്‍ തീരുമാനത്തെയും ഖത്തര്‍ അപലപിച്ചു.
ഖത്തര്‍ വിദേശകാര്യമന്ത്രാലയം ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അല്‍ അഖ്സ പള്ളിയില്‍ നമസ്കരിക്കാന്‍ വരുന്ന വിശ്വാസികളോട് കാണിക്കുന്ന അതിക്രമം വളരെ അപകടകരമായ നടപടിയാണെന്നും അല്‍ അഖ്സയുടെ പരിശുദ്ധി കളങ്കപ്പെടുത്തുന്ന ഇത്തരം നീചമായ പ്രവൃത്തി ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ വികാരത്തെയാണ് ക്ഷതമേല്‍പ്പിക്കുന്നത്. അതിനാല്‍, ബൈതുല്‍ മുഖദ്ദിസിന്‍െറ പരിശുദ്ധിക്ക് കോട്ടം വരുത്തുന്ന ഇസ്രായേലിന്‍െറ എല്ലാ ചെയ്തികളും ഖത്തര്‍ തള്ളിക്കളയുന്നു. ഇസ്രായേലിന്‍െറ നടപടികള്‍ ഫലസ്തീനകത്തും പുറത്തും ശക്തമായ പ്രതിഷേധങ്ങള്‍ക്ക് വഴിവെക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയ വിദേശകാര്യമന്ത്രാലയം, മേഖലയില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകുമെന്നും കൂട്ടിച്ചേര്‍ത്തു.
ഇസ്രായേലിന്‍െറ ഈ ക്രൂരവും അപകടകരവുമായ അതിക്രമങ്ങള്‍ തടയിടുന്നതിന് അന്താരാഷ്ട്ര ലോകവും ഐക്യരാഷ്ട്രസഭയും വന്‍ രാഷ്ട്രങ്ങളും അന്താരാഷ്ട്ര സംഘടനകളും കമ്മിറ്റികളും തങ്ങളുടേതായ ചുമതലകള്‍ നിര്‍വഹിക്കാന്‍ മുമ്പോട്ടുവരണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.