ഹമദ് വിമാനത്താവളത്തില്‍ അഞ്ച് കിലോ കഞ്ചാവ് പിടികൂടി

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് അഞ്ച് കിലോ കഞ്ചാവ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. വിമാനത്താവളത്തിലത്തെിയ ഏഷ്യന്‍ വംശജനായ യാത്രക്കാരനില്‍ നിന്നാണ് രാജ്യത്ത് ശക്തമായ നിരോധം നിലനില്‍ക്കുന്ന ലഹരി പദാര്‍ഥം പിടികൂടിയത്. ലഗേജ് പരിശോധനയില്‍ സംശയം തോന്നിയതിനാല്‍ സൂക്ഷമപരിശോധനക്കായി യാത്രക്കാരനെ മാറ്റുകയായിരുന്നു. ഭക്ഷണ പദാര്‍ഥത്തോടൊപ്പം പൊതിഞ്ഞ് വളരെ വിദഗ്ദമായി ഒളിപ്പിച്ച നിലയിലാണ് ഇത് കൊണ്ടുവന്നതെന്ന് ഹമദിലെ ജനറല്‍ കസ്റ്റംസ് വിഭാഗം അറിയിച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനമികവാണ് ഇത്തരം അപകടകരമായ വസ്തുക്കള്‍ രാജ്യത്തേക്ക് കടക്കുന്നത് ഒഴിവാക്കുന്നതെന്ന് ഹമദിലെ കസ്റ്റംസ് വിഭാഗം മേധാവി അജബ് മന്‍സൂര്‍ അല്‍ കഹ്താനി പറഞ്ഞു. ഇതിനായി പ്രത്യേകം പരിശീലനം സിദ്ധിച്ചവരാണ് ഡിപ്പാര്‍ട്ട്മെന്‍റിലുള്ളത്. കൂടാതെ അത്യാധുനിക പരിശോധനാ സംവിധാനങ്ങളും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൊരുക്കിയിട്ടുണ്ട്. രാജ്യത്തേക്ക് കടത്തപ്പെടുന്ന നിരോധിത ഉല്‍പന്നങ്ങളിലധികവും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് പിടികൂടുകയാണ് പതിവ്. സംശയം തോന്നുന്ന യാത്രക്കാര്‍ അവരിറങ്ങിയത് മുതല്‍ കസ്റ്റംസ് പരിശോധന സ്ഥലം വരെ ഉദ്യോഗസ്ഥരുടെ നിരന്തരമായ നിരീക്ഷണത്തിലായിരിക്കും. അടുത്ത കാലത്തായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും നിരവധി ലഹരിപദാര്‍ഥങ്ങളും രാജ്യത്ത് നിരോധിക്കപ്പെട്ട വിവിധയിനം ടാബ്ളറ്റുകളും പിടികൂടിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.