മക്ക ദുരന്തം: ഖത്തറില്‍ അനുശോചന പ്രവാഹം

ദോഹ: മക്കയില്‍ ക്രെയിന്‍ തകര്‍ന്നുണ്ടായ ദുരന്തത്തില്‍ ഖത്തറിലും അനുശോചന പ്രവാഹം. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനെ അനുശോചനമറിയിച്ചു.
മരണപ്പെട്ട വിശ്വാസികള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നതായി അമീര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പരിക്കേറ്റവര്‍ക്ക് എത്രയും പെട്ടന്ന് സുഖപ്രാപ്തി ലഭിക്കാന്‍ വേണ്ടിയും അമീര്‍ പ്രാര്‍ഥിച്ചു. ഖത്തര്‍ ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആല്‍ഥാനി, ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസിര്‍ ബിന്‍ ഖലീഫ ആല്‍ഥാനി എന്നിവരും സൗദി ഭരണാധികാരിക്ക് അനുശോചന സന്ദേശമയച്ചു. മരണപ്പെട്ടവര്‍ക്കായി പ്രാര്‍ഥിച്ച ഇരുനേതാക്കളും പരിക്കേറ്റവരുടെ സുഖപ്രാപ്തിക്കായി പ്രാര്‍ഥിക്കുകയും ചെയ്തു.
മക്കയില്‍ വെള്ളിയാഴ്ച രാത്രിയുണ്ടായ ദുരന്തത്തില്‍ ഖത്തറിലെ പൗരന്‍മാരും പ്രവാസികളും അനുശോചനം അറിയിച്ചു. ഞെട്ടലോടെയാണ് ഖത്തര്‍ ജനത ദുരന്തവാര്‍ത്ത ശ്രവിച്ചത്. മക്കയിലുള്ള ഖത്തര്‍ ഹജ്ജ് മിഷന്‍ അംഗങ്ങള്‍ സുരക്ഷിതരാണെന്ന് മിഷന്‍ അധികൃതര്‍  കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. എല്ലാ ഖത്തരികളും സുരക്ഷിതരാണെന്ന് ഖത്തര്‍ ഹജ്ജ് മിഷന്‍ ഒഫീഷ്യല്‍ ഖത്തര്‍ ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. മസ്ജിദുല്‍ ഹറമില്‍ ക്രെയിനുകള്‍ തകര്‍ന്നുവീണുണ്ടായ അപകടത്തിന്‍െറ പശ്ചാത്തലത്തിലാണ് ഖത്തര്‍ ഹജ്ജ് മിഷന്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്. ദുരന്തവാര്‍ത്ത അറിഞ്ഞയുടന്‍  ഖത്തറിലെ മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ ആശങ്കയിലായി. കേരളത്തില്‍ നിന്നുള്ള ഹജ്ജ് സംഘങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുണ്യഭൂമിയിലത്തെിയിരുന്നു. തങ്ങളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ അപകടത്തില്‍പ്പെട്ടിട്ടുണ്ടോ എന്നറിയാനുള്ള ശ്രമത്തിലായിരുന്നു ഖത്തറിലെ പ്രവാസികള്‍. മരണ സംഖ്യ വര്‍ധിച്ചതോടെ പ്രാര്‍ഥനയും അന്വേഷണങ്ങളും ശക്തമായി. സൗദി അറേബ്യയിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണില്‍ ബന്ധപ്പെടാനും ശ്രമിച്ചു. കൂടുതല്‍ ഇന്ത്യാക്കാര്‍ അപകടത്തിനിരയായിട്ടില്ളെന്ന വാര്‍ത്ത വന്നതോടെ ആശങ്കകള്‍ക്ക് അല്‍പം അയവുവന്നു. എങ്കിലും ഹജ്ജ് തീര്‍ഥാടകരുടെ മരണ സംഖ്യ ഉയര്‍ന്നത് പ്രവാസികളെ ഉള്‍പ്പടെ വേദനയിലാഴ്ത്തി. സ്വദേശികളും വിദേശികളും ഉള്‍പ്പടെ ഫേസ്ബുക്, ട്വിറ്റര്‍ ഉള്‍പ്പടെയുള്ള നവമാധ്യമങ്ങളിലൂടെ അനുശോചനങ്ങള്‍ രേഖപ്പെടുത്തി. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിക്കുന്നതായും വേദന ഉള്‍ക്കൊള്ളാനും അതില്‍ നിന്ന് മുക്തരാകാനും കുടുംബാംഗങ്ങള്‍ക്ക് കഴിയട്ടെയെന്നും പലരും സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തു. പരിക്കേറ്റവര്‍ വേഗം സുഖംപ്രാപിക്കട്ടെയെന്ന ആശംസകളും നവമാധ്യമങ്ങളില്‍ നിറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.