ആഡംബര നൗകകളുടെ കാലം വരവായി

ദോഹ: ഖത്തറില്‍ ആഡംബര നൗകകളുടെ സീസണ്‍ ആരംഭിച്ചു. കാലാവസ്ഥ അനുകൂലമായി മാറിയതോടെയാണ് വിശ്രമവേളകള്‍ക്കും ഒത്തുചേരലിനുമായി ആളുകള്‍ ആഡംബര വള്ളങ്ങളെ ആശ്രയിക്കാന്‍ തുടങ്ങിയത്. സമ്പന്നരായ സ്വദേശികളില്‍ പലരും ആഡംബര നൗകകളുടെ ഉടമകളാണ്. രാജ്യത്തിന്‍െറ പല ദിക്കുകളിലുമുള്ള താവളങ്ങള്‍ തേടിയാണ് ഒഴിവുദിനങ്ങളിലും മറ്റും ഇവര്‍ യാത്രയാകുന്നത്. കുടുംബമൊത്തും കൂട്ടുകാരുമായും ഒത്തുചേരാനും ഒഴിവുസമയം ആസ്വദിക്കാനുമായി  ചിലര്‍ ദോഹയുടെ കിഴക്കുഭാഗങ്ങളിലെ തുരുത്തുകളിലേക്കും സമീപ ജി.സി.സി രാജ്യങ്ങളിലേക്കും യാത്രയാകാറുണ്ട്. 
സമീപകാലത്ത്, ഇഷ്ട വിനോദകേന്ദ്രമായി മാറിയ  ബനാന ഐലന്‍റ് ലക്ഷ്യമിട്ടാണ് പലരുടെയും യാത്ര. മറ്റു തുരുത്തുകളായ ഷറാബ, അല്‍ സാദിലിയ, അലാ എന്നിവയിലും സ്വദേശികളുടെ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. കോര്‍ണിഷില്‍ നിന്നും നാല് നോട്ടിക്കല്‍ മൈല്‍ അകലെയാണ് ഷറാബ ദ്വീപ്. കൂറച്ചുകൂടി യാത്ര ചെയ്താല്‍ അല്‍ സാദിലിയ, അലാ എന്നീ തുരുത്തുകളിലും എത്തിച്ചേരാം. ലുസൈല്‍ സിറ്റി, പേള്‍ ഖത്തര്‍ എന്നിവിടങ്ങളിലാണ് നൗകകകള്‍ അധികവും നങ്കൂരമിട്ടിരിക്കുന്നത്. വിവിധ ഹോട്ടലുകളുടെ സര്‍വീസുകള്‍ക്കായുള്ള ബോട്ടുകളാണ് വെസ്റ്റ് ബേ ഏരിയയല്‍ തീരത്ത് അടുപ്പിച്ചിരിക്കുന്നത്. മൂന്ന് ലക്ഷം മുതല്‍ നാല് ലക്ഷം റിയാല്‍ വരെയാണ്ആഢംബര നൗകയുടെ ശരാശരി വില. ഇവയില്‍ കൂടുതല്‍ സൗകര്യവും വലിപ്പവുമുള്ളവക്ക് 20 ലക്ഷം വരെ വിലവരും. രാജ്യം സന്ദര്‍ശിക്കാനത്തെുന്ന വിനോദസഞ്ചാരികള്‍ക്ക് വാടകക്കും താല്‍ക്കാലിക സര്‍വീസുകള്‍ക്കും ഇവ ലഭ്യമാണ്. ജനുവരി പകുതിവരെ നീളുന്ന സീസണില്‍ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍വരെയാണ് ഏറ്റവും തിരക്കുള്ള സമയം. രാജ്യത്ത് ചെറിയതും ഇടത്തരം വലിപ്പമുള്ളതുമായ ആഡംബര നൗകകളുടെ എണ്ണം കൂടിയതായും ഒഴിവുദിനങ്ങളില്‍ കുടുംബവുമൊന്നിച്ചുള്ള ഇവയുടെ സഞ്ചാരം വര്‍ധിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിന് പുറമെ പരമ്പരാഗത ഉരുവും ഇത്തരം യാത്രകള്‍ക്കായി പലരും ഉപയോഗിക്കുന്നുണ്ട്. സാധാരണക്കാരായ പ്രവാസികള്‍ക്ക് കടല്‍ യാത്ര നടത്താന്‍ അനുയോജ്യമായ നൗകകളും കോര്‍ണീഷ് തീരത്ത് യഥേഷ്ടമുണ്ട്. മണിക്കൂര്‍ അടിസ്ഥാനത്തിലാണ് ഇത്തരം ബോട്ടുകളില്‍ തുക ഈടാക്കുന്നത്. കോര്‍ണീഷ് തീരത്ത് നിന്ന് മാറിയുള്ള സഫലിയ ദ്വീപിലേക്കും മറ്റും പ്രവാസികള്‍ കൂട്ടമായി ഇത്തരം യാത്രകള്‍ നടത്താറുണ്ട്. ആഡംബരങ്ങള്‍ കുറവാണെങ്കിലും ചെറുതും വലുതുമായ ഇത്തരം ബോട്ടുകള്‍ സേവനത്തിന് തയാറായി ഇവിടെയുണ്ട്. വരുംകാലങ്ങളില്‍ മുവാസലാത്ത് നടപ്പാക്കുന്ന ജലപാതയിലൂടെയുള്ള ടാക്സി സര്‍വീസും ഈ രംഗത്തെ വികസനത്തിനും വിനോദ സഞ്ചാരത്തിനും  കുതിപ്പേകും. അടുത്തമാസം വരാനിരിക്കുന്ന അന്താരാഷ്ട്ര ബോട്ട് ഷോയില്‍ നിരവധി ആഡംബര നൗകകള്‍ പ്രദര്‍ശനത്തിനത്തെും. പുതിയ സൗകര്യങ്ങളും വിസ്മയങ്ങളുമായി എത്തുന്ന ഇത്തരം ബോട്ടുകളെയും യോട്ടുകളെയും കാത്തിരിക്കുകയാണ് ഈ രംഗത്തുള്ളവര്‍. 
പഞ്ചനക്ഷത്ര ഹോട്ടലിനെ വെല്ലുന്ന സൗകര്യങ്ങളുള്ള ജലയാനങ്ങളാണ് കഴിഞ്ഞ തവണ ബോട്ട് ഷോയില്‍ പ്രദര്‍ശിപ്പിച്ചത്. ഖത്തറിലെ പാരമ്പര്യ നൗകകളായ ധൗവിന്‍െറ മാതൃകയില്‍ അല്‍ മന്നായി കമ്പനിയുടെ മറീന്‍ വിഭാഗം പ്രദര്‍ശനത്തിനത്തെിച്ച നൂറ്റിപ്പത്തും നൂറും അടി നീളമുള്ള ബോട്ടുകള്‍ ശ്രദ്ധേയമായിരുന്നു. 
മരപ്പണിക്കാരനും കൊച്ചി സ്വദേശിയുമായ വര്‍ഗീസിന്‍െറ നേതൃത്വത്തില്‍ കരളത്തില്‍ നിന്നുള്ള തൊഴിലാളികളാണ് നൗകകള്‍ നിര്‍മിച്ചത്. അല്‍ ഖോറിലെ ഉരുനിര്‍മ്മാണ ശാലയില്‍ നിര്‍മിച്ച രണ്ട് ബോട്ടുകളും സ്വന്തമാക്കിയത് പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പായ റീജന്‍സിയാണ്. അല്‍ അശ്മഖ്, അലോകര്‍ എന്നീ രണ്ട് ആഢംബര നൗകകളില്‍ ഡൈനിങ് ഹാളും ലിവിങ് റൂമും അഞ്ച് വീതം കിടപ്പുമുറികളുമുണ്ടായിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.