ലോകകപ്പ് സംഘാടനത്തിന് പ്രവാസികള്‍; 27 പ്രവാസി  കമ്യൂണിറ്റികളുമായി കരാര്‍ ഒപ്പിട്ടു

ദോഹ:  ഖത്തറിലെ വിവിധ രാജ്യങ്ങളിലെ പ്രവാസികളുമായി കൈകോര്‍ത്ത് 2022 ലോകകപ്പ് ഫുട്ബാള്‍ മികവുറ്റതാക്കാന്‍ സംഘാടകര്‍ ഒരുങ്ങുന്നു. ഇതിന് മുന്നോടിയായി ലോകകപ്പ് 2022ന്‍െറ സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസി 27 രാജ്യങ്ങളിലെ കമ്യൂണിറ്റി സംഘടനകളുമായി ധാരണ പത്രങ്ങളില്‍ ഒപ്പുവെച്ചു. ഇന്ത്യ, ഫിലിപ്പീന്‍സ്, നേപ്പാള്‍, ചൈന, റഷ്യ, ബംഗ്ളാദേശ് തുടങ്ങിയ രാജ്യങ്ങളിലെ ഒൗദ്യോഗിക സംഘടനകളുമായാണ് കരാര്‍ കൈമാറിയത്. 
ഇന്ത്യന്‍ കമ്യൂണിറ്റിക്ക് വേണ്ടി ഐ.സി.സി വൈസ് പ്രസിഡന്‍റ് സീനു എസ് പിള്ള കരാര്‍ ഏറ്റുവാങ്ങി. ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്‍ കമ്യൂണിറ്റി കോ ഓഡിനേറ്റര്‍ മുഹമ്മദ് ഖുതുബ് സംബന്ധിച്ചു. സുപ്രീം കമ്മിറ്റി സാമൂഹിക സംഘടനാ വിഭാഗം ഡയറക്ടര്‍ ഖാലിദ് അല്‍ ജുമൈലി, സുപ്രീം കമ്മിറ്റിയിലെ ലോകകപ്പ് വേദികളുടെ ചുമതലയുള്ള എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗാനിം അലി അല്‍ കുവാരി എന്നിവരാണ് കരാറുകള്‍ കൈമാറിയത്. ഖത്തര്‍ നിവാസികളായ എല്ലാ രാജ്യക്കാരുടെയും അവരുടെ സംഘടനകളുടെയും സഹായസഹകരണം ഉറപ്പുവരുത്താനും ലോകകപ്പ് മുന്നൊരുക്കങ്ങളിലും നടത്തിപ്പിലും ഇവരുടെ കൂട്ടായ്മ പ്രയോജനപ്പെടുത്താനുമാണ് കരാറുകളിലൂടെ ലക്ഷ്യമിടുന്നത്. ഖത്തറിലെ വിവിധ കമ്യൂണിറ്റികളുമായി സുപ്രീം കമ്മിറ്റിയുടെ ബന്ധം ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് ഖാലിദ് അല്‍ ജുമൈലി പറഞ്ഞു. ലോകകപ്പിന്‍െറ പ്രചാരണ പരിപാടികളില്‍ എല്ലാ വിഭാഗവും പങ്കാളികളാണെന്ന് കാണിക്കുക കൂടിയാണ് ഇതിലൂടെ ചെയ്യുന്നത്. വിവിധ രാജ്യങ്ങളുടെ എംബസികള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന 40ഓളം സാംസ്കാരിക സംഘടനകള്‍ ഖത്തറിലുണ്ട്. ലോകകപ്പ് സംഘാടനത്തില്‍ ഇവര്‍ക്ക് കൃത്യമായ പ്രാതിനിധ്യമുണ്ടായിരുന്നില്ളെന്നും ഈ ധാരണപത്രത്തിലൂടെ അത് സാധ്യമാക്കുകയും അവരെക്കൂടെ ഇതില്‍ അണിചേര്‍ക്കുകയുമാണ് ലക്ഷ്യം. ലോകകപ്പ് എന്നത് 32 രാജ്യങ്ങള്‍ക്ക് മാത്രമുള്ളതല്ല, 64 കളികള്‍ മാത്രവുമല്ല. ഫുട്ബാളിന്‍െറ ഒരു മാസം നീളുന്ന മഹോത്സവമാണ്. ഇത് എല്ലാം ഞങ്ങള്‍ക്ക് മാത്രം നടത്താനാവില്ല. സുപ്രീം കമ്മിറ്റിയില്‍ തന്നെ 50 രാജ്യങ്ങളില്‍ നിന്നുള്ള 500 ജീവനക്കാരുണ്ട് -അദ്ദേഹം പറഞ്ഞു.
ലോകകപ്പിനായുള്ള വിവിധ ശില്‍പശാലകള്‍ക്ക് അടിത്തറ പാകുന്നതിന് ധാരണപത്രം സഹായിക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച ഗാനിം അലി അല്‍ കുവാരി പറഞ്ഞു. 
കരാറിന്‍െറ അടുത്ത ഘട്ടമെന്ന നിലയില്‍ സ്ഥിരമായി യോഗങ്ങള്‍ സംഘടിപ്പിക്കുകയും സ്റ്റേഡിയം നിര്‍മാണമടക്കമുള്ളവയില്‍ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.