ദോഹ: പരിഷ്കരിച്ച ഗതാഗത നിയമം അടുത്തവര്‍ഷം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. നേരത്തെ നിലവിലുള്ള ചില പിഴകളില്‍ കുറവ് വരുത്തുന്നതോടൊപ്പം മറ്റ് ചില നിയമലംഘനങ്ങള്‍ക്ക് വലിയ പിഴ ഈടാക്കുന്നതാണ് പുതിയ നിയമം. ഒരു മാസത്തിനകം പിഴയടക്കുന്നവര്‍ക്ക് 50 ശതമാനം ഇളവുനല്‍കിയിരുന്ന ഗതാഗത നിയമലംഘനങ്ങളുടെ പട്ടികയില്‍ നിന്ന് 37 എണ്ണം ഒഴിവാക്കിയിട്ടുണ്ട്. വൈകല്യമുളളവര്‍ക്ക് നീക്കിവെച്ച പാര്‍ക്കിങ് കേന്ദ്രങ്ങള്‍ ഉപയോഗിക്കുക, വലതുവശത്തു കൂടെ മറികടക്കുക, അശ്രദ്ധമായി വാഹനമോടിക്കുക, മദ്യപിച്ച് വാഹനമോടിക്കുക, അപകടം വരുത്തിയ ശേഷം സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുക, ലൈസന്‍സ് ഇല്ലാത്തവര്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കുക തുടങ്ങിയവ പിഴയിളവ് നല്‍കാവുന്ന കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയവയില്‍ പെടും.
2007ലെ 19ാം നിയമത്തില്‍ ഭേദഗതി വരുത്തി, 2015ലെ 16 ാം നിയമം കര്‍ശനമായി നടപ്പിലാക്കാനുളള ഒരുക്കത്തിലാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. വൈകല്യമുളളവര്‍ക്കായി നീക്കിവെച്ച പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിനും വലതുവശത്തുകൂടെ മറികടക്കുന്നതിനും ഇനി മുതല്‍ 1,000 റിയാല്‍ പിഴയിടും. നിലവില്‍ ഇത് 500 റിയാലാണ്. പൊതുസ്ഥലങ്ങളില്‍ വാഹനം വില്‍പനക്കായി പ്രദര്‍ശിപ്പിക്കുന്നത് പുതിയ നിയമം വിലക്കുന്നുണ്ട്. ഈ നിയമം ലംഘിക്കുന്നവര്‍ 500 റിയാല്‍ പിഴയൊടുക്കേണ്ടിവരും. നേരത്തെ നഗരസഭയും ഗതാഗതവകുപ്പും സംയുക്തമായാണ് ഇത്തരം ലംഘനങ്ങള്‍ക്കെതിരെ നടപടിയെടുത്തിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ ഇത് ട്രാഫിക് വകുപ്പിന്‍െറ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. നേരത്തെ കുറ്റകരമായ നിയമലംഘനങ്ങളില്‍ വാഹനങ്ങള്‍ കണ്ടുകെട്ടിയാല്‍ ആറ് മാസത്തിനകം പിഴയടച്ച് വാഹനങ്ങള്‍ ഉടമസ്ഥര്‍ക്ക് തിരികെ കൊണ്ടുപോകാമായിരുന്നു. എന്നാല്‍, ഇതിന്‍െറ കാലാവധി കുറച്ച് മൂന്നുമാസമാക്കിയിട്ടുണ്ട്. ഇതിനകം പിഴയടച്ച് ഉടമസ്ഥര്‍ വാഹനം സ്വന്തമാക്കാത്തപക്ഷം വാഹനം ലേലം ചെയ്യുകയും കിട്ടുന്ന തുകയില്‍നിന്ന് പിഴസഖ്യ ഈടാക്കി ബാക്കി വാഹന ഉടമക്ക് തിരികെ നല്‍കാനും പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ട്.
നിയമലംഘനങ്ങള്‍ ആവര്‍ത്തിച്ചാല്‍ പിഴയോടൊപ്പം ജയില്‍ശിക്ഷയും അനുഭവിക്കേണ്ടി വരും. പുതിയ വാഹനങ്ങളുടെ ലൈസന്‍സ് കാലാവധി രണ്ട് മുതല്‍ മൂന്ന് വരെ വര്‍ഷമാക്കുന്നതിനെ കുറിച്ചും ട്രാഫിക് വിഭാഗം ആലോചിക്കുന്നുണ്ട്.
മരുഭൂ പ്രദേശങ്ങളില്‍ ഉപയോഗിക്കുന്ന മോട്ടോര്‍ ബൈക്കുകള്‍ക്കും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നിയന്ത്രണമേര്‍പ്പെടുത്തുന്നുണ്ട്. ഡിസംബര്‍ 31 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിയമത്തിലാണ് ഈ വ്യവസ്ഥകള്‍ ബാധകമാവുക. ആര്‍ട്ടിക്ക്ള്‍ 150 അനുസരിച്ച് പിഴ 15 ദിവസത്തിനകം അടക്കുന്നവരില്‍ നിന്ന് നിര്‍ദേശിച്ച തുകയുടെ പകുതിയിലധികം ഈടാക്കരുത്. പിഴ ഒടുക്കാന്‍ വിസമ്മതിക്കുന്നവരെ വിചാരണ ചെയ്ത ശേഷം ശിക്ഷ വിധിക്കും. കുറ്റങ്ങള്‍ക്ക് പിഴ ഒടുക്കേണ്ടി വരുന്നപക്ഷം ഒരുതരത്തിലുള്ള ഇളവും നല്‍കുകയുമില്ല. 2007ല്‍ പാസാക്കിയ ഗതാഗത നിയമങ്ങളാണ് പുതിയ ഭേദഗതികളോടെ ആഗസ്ത് അവസാനം ഗസറ്റില്‍ വിജ്ഞാപനം ചെയ്തത്. ഗസറ്റ് വിജ്ഞാപനത്തിന് ശേഷം മൂന്ന് മാസത്തിന് ശേഷം മാത്രമേ ഈ നിയമങ്ങള്‍ പ്രാബല്യത്തിലാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.