‘ഇതിലും നല്ലത് സർവീസ് പൂർണമായും നിർത്തുന്നത്..!’ പ്രമുഖ എയർലൈന്‍റെ നടപടിയിൽ കടുത്ത അമർഷവുമായി യാത്രക്കാർ

മനാമ: ബഹ്‌റൈനിലെ മലയാളി പ്രവാസികളെ പ്രതിസന്ധിയിലാക്കി പ്രമുഖ എ‍യർലൈന്‍റെ സർവീസ് റദ്ദാക്കൽ നടപടികൾ തുടരുന്നു. മേഖലയിലെ സംഘർഷ സാഹചര്യവും സുരക്ഷാ പ്രശ്നങ്ങളും ചൂണ്ടിക്കാണിച്ചാണ് ആഗസ്റ്റ് ഏഴ് വരെയുള്ള ബഹ്‌റൈൻ-കേരള സർവീസുകൾ എയർലൈൻ റദ്ദാക്കിയിരിക്കുന്നത്. മറ്റെന്തിനേക്കാളും സുരക്ഷക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നാണ് എയർലൈൻ കമ്പനിയുടെ ഭാഗത്ത് നിന്നുള്ള മറുപടി. എന്നാൽ, ഗൾഫ് എയർ, എയർ അറേബ്യ, ഇൻഡിഗോ, എത്തിഹാദ് എയർവേയ്സ് തുടങ്ങിയ മറ്റ് വിമാനങ്ങളെല്ലാം ഇതേ റൂട്ടിൽ സർവീസ് നടത്തുമ്പോൾ പ്രസ്തുത എയർലൈൻ മാത്രം തുടർച്ചയായി സർവീസുകൾ ഒഴിവാക്കുന്നത് എന്തിനാണെന്നാണ് യാത്രക്കാരുടെ പ്രധാന ചോദ്യം. നിലവിലെ അനിശ്ചിതത്വം തുടരുന്നതിനേക്കാൾ നല്ലത് സർവീസുകൾ പൂർണ്ണമായും നിർത്തിവെക്കുന്നതാണെന്ന് രോഷത്തോടെയാണ് യാത്രക്കാർ പ്രതികരിക്കുന്നതെന്ന് സാമൂഹിക പ്രവർത്തകർ വ്യക്തമാക്കുന്നു.

യാത്രയ്ക്ക് രണ്ടോ മൂന്നോ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് പലപ്പോഴും സർവീസ് റദ്ദാക്കിയ വിവരം എയർലൈൻ അധികൃതർ യാത്രികരെ അറിയിക്കുന്നത്. ഇത് കാരണം അവസാന നിമിഷം മറ്റ് വിമാനങ്ങളിൽ ടിക്കറ്റ് എടുക്കേണ്ടി വരുമ്പോൾ ഭീമമായ തുകയാണ് യാത്രക്കാർക്ക് നൽകേണ്ടിവരുന്നത്. മറ്റ് എയർലൈനുകളിലെ 80 ശതമാനത്തോളം സീറ്റുകളും ഇതിനകം ബുക്ക് ചെയ്യപ്പെട്ടുകഴിഞ്ഞതിനാൽ, ചുരുങ്ങിയ സമയത്തിനുള്ളിൽ മറ്റൊരു ടിക്കറ്റ് കണ്ടെത്താനും പ്രവാസികൾ ഏറെ ബുദ്ധിമുട്ടുന്നുണ്ട്.

അവധിക്ക് നാട്ടിലേക്ക് പോകാനിരിക്കുന്നവരും തിരികെ ബഹ്‌റൈനിലേക്ക് മടങ്ങേണ്ടവരുമായ നൂറുകണക്കിന് പ്രവാസികളാണ് ഈ തീരുമാനത്തിൽ വലയുന്നത്. സർവീസ് റദ്ദാക്കുന്ന വിവരം മിനിമം ഏഴ് ദിവസത്തെക്കെങ്കിലും മുമ്പേ അറിയിക്കണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം.

ബുദ്ധിമുട്ടിലായി ട്രാവൽ ഏജൻസികളും

യാത്രക്കാരെപ്പോലെ തന്നെ കടുത്ത പ്രതിസന്ധി നേരിടുന്നത് ട്രാവൽ ഏജൻസികളാണ്. എയർലൈൻ സർവീസ് റദ്ദാക്കിയാൽ തുക തിരികെ നൽകുമെന്നാണ് അറിയിച്ചിട്ടുള്ളതെങ്കിലും, ഈ തുക ട്രാവൽ ഏജൻസികളുടെ ടോപ്-അപ്പ് അക്കൗണ്ടിലേക്കാണ് എത്തുന്നത്.

ഈ എയർലൈൻ മറ്റ് സർവീസുകൾ നടത്താത്തത് കാരണം ഏജൻസികൾക്ക് ഈ തുക ക്യാഷായി ഈടാക്കാനും സാധിക്കുന്നില്ല. തൽഫലമായി യാത്രക്കാർക്ക് പണം മടക്കി നൽകേണ്ട വലിയ സാമ്പത്തിക ബാധ്യതയാണ് ഏജൻസികൾ വഹിക്കുന്നത്. യാത്രികരെ നിരന്തരം ബുദ്ധിമുട്ടിലാക്കുന്ന പ്രസ്തുത എയർലൈനെ ഏജൻസികളും ബഹിഷ്കരിക്കണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്.

Tags:    
News Summary - Passengers express strong anger against Air India Express

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.